ചെന്നൈ- സ്ത്രീകളെ തടിച്ചി പശുക്കളോട് ഉപമിച്ച ഡി.എം.കെ സ്ഥാനാര്‍ഥി ദിണ്ടിഗുള്‍ ലിയോണി വിവാദത്തില്‍. വിദേശി പശുക്കളുടെ പാല്‍ കുടിച്ചാണ് സ്ത്രീകള്‍ ഇങ്ങനെ ആയതെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പറഞ്ഞു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് വ്യാപക രോഷമാണ് നേരിടുന്നത്. സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തി നേരത്തെയും ദിണ്ടിഗുള്‍ ലിയോണി വിവാദം സൃഷ്ടിച്ചിരുന്നു. ഇത്തവണ എല്ലാ അതിരുകളും ഭേദിച്ച് സ്ത്രീകളുടെ ആകൃതിയേയും ഭാരത്തേയുമാണ് അദ്ദേഹം പരിഹസിച്ചത്. ഷേപ്പ് നഷ്ടമായി സ്ത്രീകള്‍ വീപ്പകള്‍ പോലെ ആയെന്ന് അദ്ദേഹം പറഞ്ഞു.
ആംഗ്യത്തോടെയുള്ള ലിയോണിയുടെ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇപ്പോള്‍ പശുത്തൊഴുത്തുകളില്‍ വിദേശ പശുക്കളെ കറക്കുന്നതിനായി മെഷിന്‍ ഉപയോഗിക്കുന്നു.
പണ്ട് കാലത്ത്, ഒരു സ്ത്രീയുടെ ഇടുപ്പ് എട്ടിനോട് സാമ്യമുള്ളതായിരുന്നു. ചെറിയ കുട്ടി അരക്കെട്ടില്‍ ഇരുന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു ബാരല്‍ പോലെയായിത്തീര്‍ന്നിരിക്കുന്നു, അതിനാലാണ് സ്ത്രീകള്‍ക്ക് മക്കളെ അരക്കെട്ടില്‍ കയറ്റാന്‍ കഴിയാത്തത്- ലിയോണി പറഞ്ഞു.