ബി.ജെ.പി സ്ഥാനാർഥി ഇല്ലാത്ത  തലശ്ശേരി; കേന്ദ്ര നേതൃത്വം റിപ്പോർട്ട് തേടി

കണ്ണൂർ- നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരി നിയോജക മണ്ഡലത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് നൽകിയ നാമനിർദ്ദേശ പത്രിക തള്ളിപ്പോയ സംഭവത്തിൽ സംഘടനാതലത്തിൽ നടപടിയുണ്ടായേക്കും. ഇത് സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം റിപ്പോർട്ട് തേടിയതായാണ് വിവരം. നാമനിർദ്ദേശ പത്രിക തള്ളിയതിനാൽ കേന്ദ്രമന്ത്രി അമിത് ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദു ചെയ്യേണ്ടി വന്നിരുന്നു. സംസ്ഥാനത്ത് 3 മണ്ഡലങ്ങളിലാണ് ഇത്തരത്തിൽ പത്രിക തള്ളിയത്. ഇതിൽ തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികൾ ഇല്ലാത്തത് കേന്ദ്ര നേതൃത്വം ഗൗരവമായാണ് കണക്കാക്കുന്നത്. ഇത് ചില പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. പത്രിക തളളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല ഉത്തരവുണ്ടാകാത്തതും തിരിച്ചടിയായി.


 ഈ മണ്ഡലങ്ങളിൽ ഡമ്മി സ്ഥാനാർഥികൾ പോലും ഇല്ലാത്തതാണ് കടുത്ത തിരിച്ചടിയായത്. മേൽകോടതികളെ സമീപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയെന്നതിനാൽ അനുകൂല ഉത്തരവുണ്ടായാലും അതിന്റെ പ്രയോജനം ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബി.ജെ.പിക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ച മണ്ഡലമാണ് തലശ്ശേരി. മാത്രമല്ല, അഞ്ചു പതിറ്റാണ്ടിലേറെയായി സി.പി.എമ്മുമായി നേരിട്ട് ശക്തി തെളിയിക്കുന്ന പ്രദേശം കൂടിയാണിത്. പത്രിക തള്ളിയ സംഭവത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് അണികൾ ഉയർത്തുന്നത്. ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ പരിശോധിക്കുകയും കുറ്റമറ്റതാക്കുകയും ചെയ്യേണ്ട ജില്ലാ പ്രസിഡണ്ടിന്റെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക തന്നെ തള്ളിയത് വിരോധാഭാസമെന്നാണ് പ്രവർത്തകർ പറയുന്നത്. സ്ഥാനാർഥിയുടെതു പോലെ ഡമ്മി സ്ഥാനാർഥിയുടെയും പ്രതിക സൂക്ഷ്മ പരിശോധന നടത്തി മാത്രമാണ് സമർപ്പിക്കാറുള്ളത്. ഇതിനായി രാഷ്ടീയ പാർട്ടികൾക്ക് വർഷങ്ങളായി പരിചയ സമ്പത്തുള്ള ആളുകൾ തന്നെയുണ്ട്. ഇവരുടെ കൂടി പരിശോധന പൂർത്തിയാക്കിയാണ് സാധാരണ നിലയിൽ ഔദ്യോഗികമായി പത്രിക സമർപ്പിക്കാറുള്ളത്. പത്രികയിൽ സംസ്ഥാന അധ്യക്ഷന്റെ ഒപ്പ് ഉണ്ടായിരുന്നില്ലെന്നത് പരിശോധിക്കാത്തത് ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.


തലശ്ശേരി മണ്ഡലത്തിൽ ഇരുപത്തിരണ്ടായിരത്തിലധികം വോട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.കെ.സജീവൻ നേടിയത്. ഈ വോട്ടുകൾ ഒരു ഭാഗത്തേക്ക് മാറിയാൽ എതിർ സ്ഥാനാർഥിയുടെ പരാജയം ഉറപ്പാണ്. ബി.ജെ.പി വോട്ടുകൾ വേണ്ടെന്നു പറയില്ലെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി അരവിന്ദാക്ഷൻ വ്യക്തമാക്കിയത്. എന്നാൽ ബി.ജെ.പി വോട്ടു കളുടെ ഏകീകരണം തന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ലെന്നാണ് ഇടതു സ്ഥാനാർഥി എ.എൻ.ഷംസീറിന്റെ വിലയിരുത്തൽ.  മനസ്സാക്ഷി വോട്ടിന് ആഹ്വാനം നൽകിയാലും ഇത് ആർക്ക് ലഭിക്കുമെന്ന് കൃത്യമായി പ്രവചിക്കാനാവില്ല. തലശ്ശേരിയിലെ വിജയം ആരുടെതായാലും ബി.ജെ.പി വോട്ടുകൾ സംബന്ധിച്ച ചർച്ചകൾ പിന്നീടും ഉയരുമെന്ന് ഉറപ്പാണ്. പത്രിക വിഷയം സംബന്ധിച്ച് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ബി.ജെ.പിയിൽ നടപടി ഉണ്ടാകൂ. തെരഞ്ഞെടുപ്പിന് ശേഷം സംഘടനയിൽ സംസ്ഥാന തലത്തിൽ തന്നെ മാറ്റങ്ങൾ ഉറപ്പാണ്.

 

Latest News