ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ പഠിക്കേണ്ടത് അനുഭവത്തിൽ നിന്നാണ്. അനുഭവം ഗുരു എന്ന പ്രയോഗം ഏറെ ശരിയാണ്. എന്നാൽ പലരും അനുഭവത്തിൽ നിന്നും ശരിയായ പാഠം പഠിക്കുന്നില്ലെന്നതാണ് വാസ്തവം.
അബദ്ധങ്ങളും വീഴ്ചകളുമൊക്കെ ക്രിയാത്മകമായാണ് വിലയിരുത്തേണ്ടത്. നിഷ്‌ക്രിയനായി നിൽക്കുന്ന ഒരാൾക്ക് ഒരബദ്ധവും പറ്റുന്നില്ല. പ്രവർത്തിക്കുന്നവർക്ക് മാത്രമേ വീഴ്ചയും സംഭവിക്കൂ. അതിനാൽ വീഴുന്നതല്ല, വീണിടത്തുനിന്നും എഴുന്നേൽക്കാതിരിക്കുന്നതാണ് ശരിയായ വീഴ്ച എന്നാണ് പറയുക. അനുഭവത്തിൽ നിന്നും പാഠമുൾക്കൊണ്ട് തിരുത്തി മുന്നേറുമ്പോഴാണ് വിജയിക്കാനാവുക.
ജീവിത വിജയത്തിന് പിന്നിൽ പല തിയറികളും ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് കോമ്പിനേഷൻ തിയറി. ഹൈഡ്രജനും ഓക്‌സിജനും കൂടിച്ചേരുമ്പോൾ ഇവ രണ്ടിൽ നിന്നും വ്യത്യസ്തമായി മൂന്നാമതൊരു വസ്തുവായ ജലം ഉണ്ടാകുന്നതു പോലെയാണ് ജീവിതത്തിലും. ചിലരുമായി ചേരുമ്പോൾ വിജയവും മറ്റു ചിലരുമായി ചേരുമ്പോൾ പരാജയവും സംഭവിക്കുന്നത്. അതിനാൽ ചേരേണ്ടവരുമായി ചേരാനും ജീവിതം മുന്നോട്ടു കൊണ്ടുപോകുവാനുമാണ് നാം ശ്രദ്ധിക്കേണ്ടത്. ജീവിതം, പരസ്പര സ്‌നേഹത്താലും സഹകരണത്താലുമാണ് പൂർണത നേടുന്നത്. എന്നാൽ നല്ലതിനോടു ചേരുമ്പോഴാണ് ആ പൂർണതയിൽ നന്മയും ഇഴചേരുന്നത്. ഇത് പക്ഷേ മനസ്സിലാകുന്നത് അനുഭവത്തിന്റെയും പരിചയത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലാകാം.
ജീവിത യാത്രയിൽ പല തരത്തിലുള്ള സുഹൃത്തുക്കളെ നാമോരോരുത്തരും കണ്ടെത്താറുണ്ട്. ചിലരോട് നമുക്ക് ബഹുമാനമാണ്. ചിലരുടെ കൂടെ നമ്മൾ കളിതമാശകൾ പങ്കുവെയ്ക്കുന്നു. മറ്റു ചിലരുടെ കൂടെ നമ്മൾ ഗൗരവമായ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. വേറെയും ചിലരുടെ കൂടെ ചേർന്ന് പാടാനും ആടാനും നമുക്കാവേശമാണ്. ചിലരുടെ പ്രശ്‌നങ്ങൾക്ക് നമ്മൾ കാത് കൊടുക്കുന്നു, പരിഹരിക്കാൻ ശ്രമിക്കുന്നു. ചിലരെ നമ്മൾ പ്രശ്‌ന പരിഹാരത്തിനായി സമീപിക്കുന്നു. ചില സുഹൃത്തുക്കൾ ഇതെല്ലാം ചേർന്നത് ആണ്. നമ്മൾ പരസ്പരം എല്ലാവരുടെയും നന്മക്കായി പ്രാർത്ഥിക്കുന്നു.
നമ്മുടെ ഓരോ സുഹൃത്തുക്കളും ഒരു ചിത്രത്തിന്റെ പല പല ചെറിയ കഷ്ണങ്ങൾ പോലെയാണ്. അവയെല്ലാം യഥാസ്ഥാനത്ത് ചേർത്ത് വെയ്ക്കുമ്പോൾ അത് ഒരു മനോഹരമായ ചിത്രം ആയിത്തീരും.
എന്നാൽ അതിൽ ഒന്ന് എടുത്തു മാറ്റിയാൽ അല്ലെങ്കിൽ വെക്കാതിരുന്നാൽ ആ ചിത്രം അപൂർണമാകും. അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള കോമ്പിനേഷൻ ശരിയാകുമ്പോഴാണ് വിജയ പാതയൊരുങ്ങുന്നത്.
ഡോക്ടർമാർ പറയുന്നത് നല്ല സുഹൃത്തുക്കൾ ഉണ്ടാകേണ്ടത് നല്ല ആരോഗ്യത്തിന് ആവശ്യമാണെന്നാണ്. നമുക്ക് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്ന, നമ്മെ കർമോൽസകരാക്കുന്ന വിറ്റാമിനുകളാവണം സുഹൃത്തുക്കൾ.
ധാരാളം സുഹൃദ്‌വലയങ്ങൾ ഉള്ളവർക്ക് ഡിപ്രഷൻ, സ്‌ട്രോക്ക് മുതലായവ ഉണ്ടാകുവാനുള്ള സാധ്യത താരതമേന്യ കുറവാണ് എന്നാണ് ഗവേഷകർ പറയുന്നത്. അതുപോലെ തന്നെ നിത്യയൗവനം കാത്തു സൂക്ഷിക്കുവാനും അത്തരക്കാർക്ക് കഴിയും.
ഊഷ്മളമായ സൗഹൃദം നമ്മുടെ മാനസിക പിരിമുറുക്കം കുറയ്ക്കും, ഹൃദയാഘാതത്തിനുള്ള സാധ്യതകൾ കുറയ്ക്കും. ജീവിതം പ്രേമസുരഭിലവും നിത്യഹരിതവുമാക്കും. ഒരു മരുന്ന് കടയിലും കിട്ടാത്ത അമൂല്യമായ ഓഷധക്കൂട്ടാണ് സൗഹൃദമെന്ന കാര്യം നാം വിസ്മരിക്കാതിരിക്കുക.
ജീവിതം എന്ത് പഠിപ്പിച്ചുവെന്നു ചോദ്യത്തിനു ഒരാൾ നൽകിയ മറുപടി എന്ന തലക്കെട്ടിൽ ഈയിടെ വായിച്ച ഒരു കുറിപ്പ് ഇവിടെ പങ്കുവെക്കാം.
1 - ബുദ്ധിമാൻ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കും. വിഡ്ഢികൾ ന്യായീകരിക്കും.
2 - ക്ഷമയും അധ്വാനവുമാണ് സൗഭാഗ്യങ്ങളുടെ താക്കോൽ. അതില്ലാത്തവർക്ക് ഈ ലോകം കുറെ കടങ്ങളും ബാധ്യതകളും മാത്രം സമ്മാനിക്കുന്നു.
3 - അധ്വാനിക്കുന്നവൻ വൈകിയാണെങ്കിലും ഒരു നാൾ വിജയം ലഭിക്കും.
4 - നാമറിയാതെ ഏതു നിമിഷവും കെട്ടുപോകുന്ന ഒരു വിളക്കാണ് നമ്മുടെ ജീവൻ.
5 - നല്ല വാക്ക്, പുഞ്ചിരി, ദാനശീലം ഇവയാണ് ഒരാളുടെ ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങൾ.
6 - ആരോഗ്യവും നിർഭയത്വവുമാണ് മനുഷ്യന് ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട നിധികൾ.
7 - തിന്മ വിതച്ച് നന്മ കൊയ്യാമെന്നത് വ്യാമോഹമാണ്.
8 - ജീവിതം ഒരു നാൾ അവസാനിക്കുമെന്ന് അറിയാമെങ്കിലും മനുഷ്യൻ കൂടുതൽ തിരക്കുകളിൽ എർപ്പെടുന്നു. തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല.
9 - കൂടെയുള്ളവരെ കേൾക്കാൻ മനസ്സ് കാണിക്കുന്നുവെങ്കിൽ നിങ്ങളെ കേൾക്കാൻ കൂടെയുള്ളവർ തയാറാവും.
10 - കൂടെ യാത്ര ചെയ്യുമ്പോഴാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത്.
11 - പൊങ്ങച്ചം പറയുന്നവർ അധികവും ഉള്ളിൽ കഴമ്പില്ലത്തവർ ആയിരിക്കും.
12 - നല്ല കുടുംബത്തിലും നല്ല മാതാപിതാക്കൾക്കും ജനിച്ചവർ ആ നല്ല ഗുണം കാണിക്കും.
13 - മരണപ്പെട്ടവർക്കെല്ലാം സാക്ഷാത്കരിക്കാൻ ബാക്കിയുള്ള ഒരുപാട് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഉണ്ടായിരുന്നുവെന്നതാണ് സത്യം.
14 - രോഗം പേടിച്ചു നാം ഭക്ഷണം നിയന്ത്രിക്കുന്നു. പക്ഷേ നരകം ഭയന്ന് ആരും തിന്മകളെ വർജിക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
15 - ഇന്നത്തെ സുഖത്തിനു വേണ്ടിയാണ് സകല ജനങ്ങളുടെയും മത്സരം. പക്ഷേ മരണ ശേഷമുള്ള സുഖത്തിനു (നിത്യജീവൻ) വേണ്ട കർമങ്ങളിൽ ആരും മത്സരിക്കുന്നേയില്ല എന്നതാണ് എന്റെ സങ്കടം.
ശ്രദ്ധിച്ചു വായിച്ചാൽ ഈ സന്ദേശങ്ങളോരോന്നും സുപ്രധാനമായ പല അനുഭവ പാഠങ്ങളുമാണ് പകർന്നു നൽകുന്നതെന്ന് കാണാനാകും.