ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ ജാമ്യം; എന്‍.ഐ.എയ്‌ക്കെതിരേ  ഗുരുതര ആരോപണങ്ങളുമായി അഖില്‍ ഗോഗോയ്

ന്യൂദല്‍ഹി-ദേശീയ അന്വേഷണ ഏജന്‍സി തനിക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്തതായി ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് അഖില്‍ ഗോഗോയ്. ജാമ്യം നല്‍കുന്നതിന് പകരമായി ആര്‍എസ്എസിലോ, ബി.ജെ.പിയിലോ ചേരണമെന്ന് ആവശ്യപ്പെട്ടതായും അഖില്‍ ആരോപിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തില്‍ 2019ഡിസംബറില്‍ അറസ്റ്റിലായ അഖില്‍ ഗോഗോയ് ഒരു കത്തിലൂടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഈ കത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.
എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ തനിക്ക് രാഷ്ട്രീയ പ്രഭാഷണങ്ങള്‍ നല്‍കിയിരുന്നതായും കത്തില്‍ പരാമര്‍ശമുണ്ട്. 'ആദ്യം എന്നോട് ഹിന്ദുത്വയെ കുറിച്ച് പറഞ്ഞു. പിന്നീട് അവര്‍ പ്രേരണ നല്‍കി. ഞാന്‍ ആര്‍എസ്എസില്‍ ചേരുകയാണെങ്കില്‍ എനിക്ക് വേഗത്തില്‍ ജാമ്യം ലഭിക്കുമെന്ന് പറഞ്ഞു. ഈ വാഗ്ദാനം നിരസിച്ചപ്പോള്‍ ബിജെപിയില്‍ ചേരാനുളള അവസരം നല്‍കി. അസമിലെ ഒഴിഞ്ഞുകിടക്കുന്ന നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് എനിക്ക് മന്ത്രിയാകാമെന്ന് അവര്‍ പറഞ്ഞു.' അഖില്‍ പറയുന്നു.
എന്നാല്‍ ഈ വാഗ്ദാനങ്ങളെല്ലാം നിരസിച്ചതിനാല്‍ തന്റെ മേല്‍ നിരവധി കേസുകള്‍ കെട്ടിവെച്ചതായും സുപ്രീംകോടതിയില്‍ നിന്ന് പോലും തനിക്ക് ജാമ്യം ലഭിച്ചില്ലെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. 'പുറത്തുകടക്കാനുളള എല്ലാ സാധ്യതകളും നഷ്ടപ്പെട്ടതായി തോന്നുന്നു. എന്റെ കുടുംബം ഒരുവിധം അവസാനിച്ചുകഴിഞ്ഞു, ഞാന്‍ ശാരീരികമായി നശിക്കപ്പെട്ടിരിക്കുന്നു.'
അഖിലിന്റെ ആരോപണങ്ങളെ തെരഞ്ഞെടുപ്പ് തന്ത്രമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. '2019 ഡിസംബര്‍ മുതല്‍ അറസ്റ്റിലാണ്. എന്തുകൊണ്ടാണ് ഇത്രയും കാലം മൗനമായി ഇരുന്നത്. ഇത് തെരഞ്ഞെടുപ്പ് തന്ത്രമാണ്. അസമിലെ ജനങ്ങള്‍ ബുദ്ധിസാമര്‍ഥ്യമുളളവരും അവബോധമുളളവരുമാണ്. അവര്‍ ഇത്തരം തന്ത്രങ്ങളില്‍ വീഴില്ല.' ബിജെപി വക്താവ് രുപം ഗോസ്വാമി പറയുന്നു.


 

Latest News