ജാതി ചോദിക്കരുത്, പറയരുത് എന്നു പറയാൻ എന്തെളുപ്പം? പക്ഷേ ജാതി മാത്രം ചോദിച്ചിട്ടാണ് സ്ഥാനാർഥികളെ ഗുജറാത്തിൽ നിശ്ചയിക്കുന്നത്. ബാങ്ക് അക്കൗണ്ടിന്റെ കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ല. മറ്റു സംസ്ഥാനങ്ങളിൽ നേരത്തെ തുടങ്ങി; ഗുജറാത്തിൽ ഇപ്പോഴല്ലേ തെരഞ്ഞെടുപ്പ് എത്തിയുള്ളൂ എന്നതാണ് സമാധാനം.
അല്ല, ജാതിയല്ലാതെ മറ്റെന്താണ് നോക്കേണ്ടത്? മതവും ആകാം. ഒരാൾ അഞ്ചു ഡോക്ടറേറ്റ് നേടിയിട്ടുണ്ടെന്നു കരുതി മന്ത്രിയാക്കിയതു കൊണ്ട് എന്താണു ഗുണം? സ്ഥാനാർഥിയാക്കിയാലെന്താണു മെച്ചം? അദ്ദേഹം വോട്ടു ചോദിക്കാനിറങ്ങിയാൽ, നാട്ടിൽ പിഎച്ച്.ഡിയും എം.ഫില്ലുമുള്ളവർ വരിവരിയായി ചെന്നുനിന്ന് വോട്ടു ചെയ്യുമോ? ഇല്ല. അപ്പോൾ ഫലം നിർഗുണം. കേരളത്തിൽ അങ്ങനെയൊരു പുലിവാലാണ്; സോറി, ഗോമാതാവിന്റെ വാലാണ് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം പിടിച്ചിരിക്കുന്നത്. അൽഫോൻസ് കണ്ണന്താനം എന്ന ഒരു മന്ത്രിയെ നൽകി.
പക്ഷേ, അദ്ദേഹത്തിനു പഴയ ദോസ്ത് പിണറായിയെന്നു കേട്ടാൽ കണ്ണുകാണില്ല, ചെവി കേൾക്കില്ല. 'അവളെപ്പേടിച്ചാരും നേർവഴി നടക്കീല' എന്ന മട്ടിൽ വന്നെത്തിയ ചുഴലിക്കാറ്റിനെക്കുറിച്ച് 29- തീയതി അറിയിപ്പു കൊടുത്തിരുന്നുവെന്നു വാന നിരീക്ഷണ ശാസ്ത്രവകുപ്പ് പറഞ്ഞപ്പോൾ, കണ്ണന്താനം തീയതി തിരുത്തി മുപ്പതാക്കി. പത്തനംതിട്ട മുതൽ പാറശ്ശാല വരെ ഒരു കൊച്ചു 'ഓഖി'യെങ്കിലും ആയി മാറുമെന്ന പ്രതീക്ഷയിലാണ് മതവിശ്വാസികളെ ലക്ഷ്യമാക്കി കണ്ണന്താനത്തെ മന്ത്രിയാക്കിയത്. എന്തു ഫലം! സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്ന പ്രകൃതമായിപ്പോയി. അതുകൊണ്ടാണ് കേരളത്തിനായി മാറ്റിെവയ്ക്കപ്പെട്ട അടുത്ത മന്ത്രിസ്ഥാനം ഒഴിഞ്ഞ ട്രപ്പീസു പോലെ ആടുന്നത്! ~ഒരേ സമയം കവിയും വക്കീലും വക്താവുമായ പി.എസ്. ശ്രീധരൻ പിള്ള, നിത്യബ്രഹ്മചാരിയായ കുമ്മനം രാജശേഖരൻ തുടങ്ങി, ചേവായൂരുകാരൻ മുതൽ തിരുവനന്തപുരത്തെ വട്ടിപ്പലിശക്കാരൻ വരെ പരിഗണനയിലുണ്ടെങ്കിലും കാര്യം കോഴിക്കു മുല വരുന്ന കാലത്തേ നടക്കൂ എന്നതാണ് ഇന്നത്തെ കാലാവസ്ഥ. കേരളത്തിൽ ആരെയും കേന്ദ്രത്തിനു വിശ്വാസമില്ല. വോട്ടു മറിച്ചുകൊടുത്തു തഴമ്പു വീണ കൈകളാണ്. മെഡിക്കൽ കോഴ പ്രശ്‌നം പോലെയാവും, ഏതെങ്കിലും വകുപ്പ് ഏൽപിച്ചുകൊടുത്താൽ. വിറ്റു കാശാക്കുന്ന നിമിഷം പടച്ചോൻ പോലും അറിഞ്ഞെന്നുവരില്ല. ബുദ്ധികേന്ദ്രങ്ങളായ ഷായും മോഡിജിയും ഇക്കാര്യത്തിൽ സുല്ലു പറയുന്ന മട്ടാണ്. ഒറ്റ പോംവഴിയേ കാണുന്നുള്ളൂ- പബ്ലിസിറ്റി കൺവീനർ എന്നൊരു വകുപ്പ് കേന്ദ്ര മന്ത്രിസഭയിൽ തന്നെ ഫിറ്റ് ചെയ്യുക. പല മന്ത്രിമാരും ഇപ്പോൾ ചെയ്യുന്ന പണിയും അതാണല്ലോ! കൺവീനർ വകുപ്പിൽ എത്തുന്ന ഭാഗ്യശാലിക്ക് എന്തും പറഞ്ഞു നടക്കാം, സ്റ്റേറ്റ് കാറിൽ പറന്നു നടക്കാം. ആർക്കും പരാതി ഉണ്ടാകില്ല, പരാതിപ്പെട്ടാലും ഫലവും ഉണ്ടാകില്ല.

**** **** ****
പെരുന്നയിലെ 'ജാതിപ്പോപ്പ്' താക്കോൽ സ്ഥാനത്തിരുത്താൻ തുടങ്ങിയതു മുതൽക്ക് പെരുകിയതാണ് രമേശ്ജിയുടെ അസ്വസ്ഥത. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ താക്കോൽ പിണറായിയിലൂടെ കയ്യിലെത്തി. കേരളത്തെ സംബന്ധിച്ച് നാല് കാശിന്റെ പ്രയോജനമില്ലാത്ത പ്രതിപക്ഷ നേതാവിന്റെ പദവി ചെന്നിത്തലക്ക് വീണു കിട്ടുകയും ചെയ്തു.
പെൻഷൻകാർ തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് അധികാരികളെ ബോധ്യപ്പെടുത്താൻ ഒരു 'മാസ്റ്റർ' സർട്ടിഫിക്കറ്റ് നേരിട്ടു ഹാജരാക്കുന്നതുപോലെ, അദ്ദേഹവും ജനമധ്യത്തിലേക്ക് ഇറങ്ങിച്ചെന്നു. ഇടത്തേക്കാലാണ് ആദ്യം മുന്നോട്ട് വെച്ചതെന്നു തോന്നുന്നു! പടയൊരുക്കം എന്നു പേരിട്ടതല്ലാതെ യാതൊരു ദുരുദ്ദേശ്യവും ആ ജാഥയ്ക്കില്ലായിരുന്നുവെന്ന് അദ്ദേഹവും അണികളും ആണയിട്ടു പറയും, നേരിൽ ചോദിച്ചാൽ! പിണറായിയോ, കേരള മോഡിയായ കുമ്മനമോ ശ്രദ്ധിക്കാതിരുന്ന ആ പടയോട്ടത്തെ വളരെ ഗൂഢമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു മറ്റൊരു കക്ഷി- 'ഓഖി' എന്ന ചുഴലിക്കാറ്റ്. കാറ്റിൻെറ വിവരം നേരത്തെ നൽകിയിരുന്നുവെന്നും ഇല്ലെന്നുമുള്ള തർക്കം ഒരറ്റത്തു മുഖ്യനും മറ്റേ തലയ്ക്കൽ കേന്ദ്രവുമാകുമ്പോൾ മുറുകും, നീളും.
പക്ഷേ, ഇതിനിടയിൽ വിവരം എങ്ങനെ പ്രതിപക്ഷത്തുള്ള രമേശ്ജിക്കു ചോർന്നു കിട്ടിയെന്നതാണ് അദ്ഭുതാവഹം! അദ്ദേഹം രാഹുലന്റെ സന്ദർശനം മാറ്റിവെയ്പിച്ചു. ശംഖുമുഖം കടപ്പുറത്ത് ആറു മീറ്റർ ഉയരത്തിൽ തിരമാല ഉയരുമെന്ന ഗസ്റ്റപ്പോ റിപ്പോർട്ട് അടിച്ചെടുത്തു പടയൊരുക്കത്തിന്റെ സമാപന സമ്മേളനവും ഒഴിവാക്കി. ഒരു മഴത്തുള്ളി വീണാൽ കോൺഗ്രസുകാർക്കു ജലദോഷവും പനിയും പിടിപെടുമെന്ന യാഥാർഥ്യം മുൻകൂട്ടി കണ്ടു. രമേശ്ജിയുടെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. ഭരണകർത്താക്കൾക്കു പോലും സമയത്തു കിട്ടാതിരുന്ന റിപ്പോർട്ടുകൾ ചെന്നിത്തലയ്ക്ക് എങ്ങനെ ലഭിച്ചുവെന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അത്യന്തം വേവലാതിപ്പെടുത്തുകയാണിപ്പോൾ. ഒരുപക്ഷേ, ഇതു ന്ന അടുത്ത മുഖ്യമന്ത്രി പദം അടിച്ചെടുക്കാനുള്ള അടിസ്ഥാന യോഗ്യതയായി രമേശിനു മാറിയാലോ എന്നതാണ് അവരുടെ ഭീതി!
പക്ഷേ, പയോട്ടം മാറ്റിവെയ്പിക്കാൻ തക്കവിധം ഈ പ്രകൃതിക്ക് ചെന്നിത്തലയോട് ഇത്ര വൈരാഗ്യമുണ്ടാകാൻ കാരണമെന്തെന്ന് ഒരു ജ്യോത്സ്യനോ, കാലാവസ്ഥ നിരീക്ഷകനോ കണ്ടുപിടിക്കാൻ കഴിയുന്നില്ല. അദ്ദേഹം പതിവായി തലയിൽ 'ഡൈ'പുരട്ടുമെന്നതു ഒഴിച്ചാൽ, പ്രകൃതിക്കു വിരുദ്ധമായി ഒന്നും ചെയ്തിട്ടുള്ളതായി രേഖകളിലില്ല. കാസർകോട്ട് നിന്നും പടയൊരുക്കം തുടങ്ങി, തിരുവനന്തപുരത്തു പ്രവേശിക്കാൻ തുടങ്ങും മുമ്പേ, കന്യാകുമാരിയിൽനിന്നും തലസ്ഥാനത്തേക്ക് 'ഓഖി' എന്ന ചുഴലിയുടെ പട തുടങ്ങി. ഏതെങ്കിലും പകയോടെ മൺമറഞ്ഞ സുന്ദരിയുടെ പേരായിരിക്കുമോ ഈ 'ഓഖി'? കേട്ടവരൊക്കെ ആദ്യം ജീവിച്ചിരിപ്പുള്ള 'രാഖി' എന്ന ഹിന്ദി സിനിമാ നടിയെ ഓർത്തു. പിന്നെ സംഘ്പരിവാറുകൾ കയ്യിൽ കെട്ടി വിറപ്പിച്ചു നടക്കുന്ന രാഖിയെ, ഒന്നും ഒരെത്തും പിടിയും കിട്ടിയില്ല. ഒരുക്കം മഴയത്തു തണുത്തു വിറച്ച് ഒലിച്ചുപോയി എന്നതു മാത്രം സത്യമായി. ചരിത്രത്തിലെ താജ്മഹൽ പോലെ അനശ്വരമായ ഒരു കണ്ണുനീർത്തുള്ളിയായി അത് ചെന്നിത്തലയുടെ മനസ്സിൽ അവശേഷിക്കും.
**** **** ****
ഓരോ ദുരന്തം ഓരോ പുത്തൻ പ്രതീക്ഷ നൽകുന്നുണ്ട്. നൂറു വർഷം ജീവിച്ചിരുന്നാലും കുടുംബത്തിന് ചില്ലിക്കാശിന്റെ പ്രയോജനമുണ്ടാകാത്തവർ ചുഴലിക്കാറ്റിന്റെ നേരത്തു ചത്തുപോകണേ എന്നു ചില ഭാര്യമാർ ഉള്ളുരുകി പ്രാർഥിക്കാറുണ്ട്. ഒഴിഞ്ഞുപോകുന്നവർ സർക്കാരിൽനിന്ന് നേടിക്കൊടുത്തത് കുറഞ്ഞത് അഞ്ചു ലക്ഷം രൂപയെങ്കിലും ഉണ്ടാകും. പക്ഷേ, സർക്കാർ വകുപ്പുകൾ തന്നെ അങ്ങനെയായാലോ? നഷ്ടത്തിൽ നീന്തുന്ന വൈദ്യുതി വകുപ്പിന് കാറ്റും മഴയും നിമിത്തും അഞ്ചു കോടിയിലേറെ നഷ്ടമുണ്ടായത്രേ! ആരു നികത്തും? സംശയിക്കണ്ട, അടുത്ത 'സുപ്രഭാത'ത്തിൽ വൈദ്യുതി നിരക്കു വർധന ഉപഭോക്താവിൻെറ തലയിലേക്കു വെച്ചു കൊടുക്കുന്നതു കാണാം! ട്രാൻസ്‌പോർട്ട് വകുപ്പിന്, ഇനി യാത്രക്കൂലി കൂട്ടിയാലും നഷ്ടത്തിൽ നിന്നു കരകയറാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. അന്നന്നു പിരിഞ്ഞു കിട്ടുന്ന തുക സമമായി വീതിച്ചു ജീവനക്കാർക്കു കൊടുക്കുന്ന സംവിധാനം ഒന്നു നോക്കാം. ഒരു പൈസയുടെ ത്യാഗം പോലും സഹിക്കാതെ, ഭരണക്കാർ, രാജഭരണത്തെ തോൽപിക്കുംവിധം സുഖഗമമായി വാണരുളട്ടെ! അതാണ് ജനാധിപത്യം ഇന്ന്!






