കൊല്‍ക്കത്ത- കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവും പി.സി.സി അധ്യക്ഷന്‍ അധീര്‍ ചൗധരിയുടെ ജില്ലയുമായ മുര്‍ഷിദാബാദിലും പുരുളിയയിലും ഇടത് - കോണ്‍ഗ്രസ് സഖ്യം ഉലയുന്നു. സംയുക്ത മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരേ ഇരുപക്ഷത്തെയും പ്രാദേശികനേതൃത്വം വിമത സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചതോടെയാണിത്.
മുര്‍ഷിദാബാദിലെ സമരേഷ്ഗഞ്ച് മണ്ഡലത്തില്‍ സംയുക്ത മുന്നണി സ്ഥാനാര്‍ഥിയായി സി.പി.എമ്മിലെ മൊദാസര്‍ ഹുസൈനെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം റസാവുല്‍ ഹഖിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. 2016-ലും സഖ്യധാരണക്ക് വിരുദ്ധമായി കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയെ ഇവിടെ മത്സരിപ്പിക്കുകയും അതിനാല്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ജയിക്കുകയും ചെയ്തിരുന്നു.
മുര്‍ഷിദാബാദിലെതന്നെ നവദയില്‍ സി.പി.എമ്മാണ് കലാപക്കൊടി ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കുന്നത് അടുത്തിടെ തൃണമൂല്‍ വിട്ടുവന്ന മുഷറഫ് ഹുസൈനാണ്. 2018-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരാളികളെ പത്രിക നല്‍കാന്‍ അനുവദിക്കാതെ അക്രമം നടത്തിയ ഇയാളെ അംഗീകരിക്കില്ലെന്ന് പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലാക്കമ്മിറ്റിയംഗം സമിക് മണ്ഡലിനെ അവര്‍ സ്ഥാനാര്‍ഥിയാക്കിയിരിക്കുകയാണ്. അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ നിര്‍ത്താന്‍ പാര്‍ട്ടി സമ്മതിച്ചില്ലെങ്കില്‍ സ്വതന്ത്രനായി നിര്‍ത്തുമെന്നാണ് ഇവരുടെ നിലപാട്.
പുരുളിയയില്‍ ഫോര്‍വേഡ് ബ്ലോക്കും കോണ്‍ഗ്രസും തമ്മിലാണ് അങ്കം. ജൊയ്പൂര്‍, ബല്‍റാംപുര്‍ എന്നീ മണ്ഡലങ്ങള്‍ ഇത്തവണ ധാരണ പ്രകാരം കോണ്‍ഗ്രസിനാണ്. വര്‍ഷങ്ങളായി ഇവിടെ മത്സരിക്കുന്ന ഫോര്‍വേഡ് ബ്ലോക്ക് ഈ തീരുമാനം അംഗീകരിച്ചിട്ടില്ല. ഇത്തവണ ഈ മണ്ഡലങ്ങളില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥികളില്ലെന്നും 'നോട്ട'ക്ക് വോട്ട് ചെയ്യണമെന്നും നോട്ടീസടിച്ച് വിതരണം ചെയ്യുകയാണ് ഇവിടത്തെ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍.






