വാക്‌സിനെടുത്തില്ലെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, സൗദിയില്‍ അഞ്ച് മേഖലകളില്‍ നിര്‍ബന്ധമാക്കുന്നു

റിയാദ് - അഞ്ചു മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശവ്വാല്‍ ഒന്നു (മെയ് 13) മുതല്‍ കൊറോണ വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചാതായി ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും അറിയിച്ചു. റെസ്റ്റോറന്റുകള്‍-കോഫി ഷോപ്പുകള്‍-ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ലേഡീസ് ബ്യൂട്ടി പാര്‍ലറുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മെയ് 13 മുതല്‍ കൊറോണ വാക്‌സിന്‍ സ്വീകരണം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതായി മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കാനും രോഗവ്യാപനം തടയാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിച്ചും വാക്‌സിന്‍ കാമ്പയിന്‍ വിപുലമാക്കാനുമാണ് മൂന്നു പ്രവര്‍ത്തന മേഖലകളിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ സ്വീകരണം നിര്‍ബന്ധമാക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു.
പൊതുഗതാഗത സംവിധാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മെയ് 13 മുതല്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍, ട്രെയിനുകള്‍, ബസുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ശവ്വാല്‍ ഒന്നു മുതല്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കും. പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിച്ചും സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിച്ചും കൊറോണ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടുമാണ് പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു. ശവ്വാല്‍ ഒന്നിനു മുമ്പായി മുഴുവന്‍ ജീവനക്കാര്‍ക്കും കൊറോണ വാക്‌സിന്‍ നല്‍കാന്‍ പൊതുഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു.
വാക്‌സിന്‍ സ്വീകരിക്കാത്ത റെസ്റ്റോറന്റുകള്‍-കോഫി ഷോപ്പുകള്‍-ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ലേഡീസ് ബ്യൂട്ടി പാര്‍ലറുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരും പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാരും ഓരോ ഏഴു ദിവസത്തിലും കൊറോണ വൈറസ്ബാധ കണ്ടെത്താനുള്ള പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണം.

സ്ഥാപനങ്ങളുടെ ചെലവിലാണ് ജീവനക്കാര്‍ക്ക് ഓരോ ഏഴു ദിവസത്തിലും പി.സി.ആര്‍ പരിശോധന നടത്തേണ്ടതെന്നും മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയവും പൊതുഗതാഗത അതോറിറ്റിയും പറഞ്ഞു. സ്‌പോര്‍ട്‌സ് സെന്ററുകളിലെയും ജിംനേഷ്യങ്ങളിലെയും ജീവനക്കാര്‍ക്ക് ശവ്വാല്‍ ഒന്നു മുതല്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ സ്‌പോര്‍ട്‌സ് മന്ത്രാലയവും തീരുമാനിച്ചിട്ടുണ്ട്.
വിശുദ്ധ റമദാനില്‍ റെസ്റ്റോറന്റുകളിലും, ഹോട്ടലുകള്‍ക്കും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍ക്കും കീഴിലെ തമ്പുകളിലും ഹാളുകളിലും ഓപ്പണ്‍ ബൂഫെ സേവനം നല്‍കുന്നത് ടൂറിസം മന്ത്രാലയവും വിലക്കി. സൗദി പൗരന്മാരുടെയും വിദേശികളുടെയും സന്ദര്‍ശകരുടെയും ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയും റമദാനില്‍ ഇഫ്താര്‍, അത്താഴ സമങ്ങളില്‍ അനുഭവപ്പെടുന്ന തിരക്കുകളും ഒത്തുചേരലുകളും വഴി പകര്‍ച്ചവ്യാധി വ്യാപന ഭീഷണി അകറ്റിര്‍ത്താനും ലക്ഷ്യമിട്ടാണ് ഓപ്പണ്‍ ബൂഫെ സേവനം വിലക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

 

Latest News