ചെന്നൈ- തമിഴ്‌നാട്ടില്‍ വോട്ടിനായി പാര്‍ട്ടികള്‍ പണം നല്‍കുന്നുവെന്ന ആരോപണത്തിനിടെ അണ്ണാഡി.എം.കെ എം.എല്‍.എയുടെ മകന്റെ കാറില്‍നിന്ന് ഒരു കോടി രൂപ പിടിച്ചു. തിരുച്ചിറപ്പള്ളിയിലെ മുസിരി എം.എല്‍.എ സെല്‍വരാശുവിന്റെ മകന്‍ രാമമൂര്‍ത്തിയുടെ കാറില്‍നിന്നാണ് പണം കണ്ടെടുത്തത്.
ബുധനാഴ്ച പുലര്‍ച്ചെ തിരുച്ചിറപ്പള്ളിയിലെ പൊട്ടവായ്ത്തലയില്‍ വെച്ചാണ് കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പ്രത്യേക സംഘം പിടിച്ചെടുത്തത്. വാഹനപരിശോധനക്കിടെ കാറിനുള്ളില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ പണം കണ്ടെത്തി. താലൂക്ക് ഓഫീല്‍ എത്തിച്ച് എണ്ണി നോക്കിയപ്പോഴാണ് ഒരു കോടി രൂപയുണ്ടെന്നറിഞ്ഞത്. മുസിരിയിലെ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥിയും സിറ്റിംഗ് എം.എല്‍.എയുമായ ശെല്‍വരാശുന്റെ മകന്‍ രാമമൂര്‍ത്തിയുടെ കാറില്‍ നാല് പേര്‍ ഉണ്ടായിരുന്നു.
എം.എല്‍.എയുടെ ഡ്രൈവര്‍ ജയശീലനും രണ്ട് അണ്ണാ ഡി.എം.കെ ജില്ലാ കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെടെ നാല് പേരെയും കസ്റ്റഡിയിലെടുത്തു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പണം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കണക്കില്‍പ്പെടാത്ത അന്‍പത് കോടിയില്‍പരം രൂപയാണ് തമിഴ്‌നാട്ടില്‍നിന്ന് പിടിച്ചെടുത്തത്. അണ്ണാ ഡിഎം.കെയുടെ മുന്‍ മന്ത്രി നത്തം വിശ്വനാഥന്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണവും ഉയര്‍ന്നു. തുടര്‍ന്ന് ഡി.എം.കെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
അതിനിടെ ദക്ഷിണ റെയില്‍വേയിലെ പ്രബല തൊഴിലാളി യൂണിയനായ സതേണ്‍ റെയില്‍വേ മസ്ദൂര്‍ യൂണിയന്‍ നേതാവ് കണ്ണയ്യയുടെ മകന്‍ പ്രകാശിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ചില രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഡി.എം.കെ സ്ഥാനാര്‍ഥിക്ക് വേണ്ടി കണ്ണയ്യയും അനുയായികളും പ്രചാരണം നടത്തിയതാണ് റെയ്ഡിന് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.






