റിയാദ് - പൊതുഗതാഗത സംവിധാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശവ്വാല്‍ ഒന്നു മുതല്‍ കൊറോണ വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചാതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു.
പൊതുഗതാഗത സംവിധാനങ്ങള്‍, ട്രെയിനുകള്‍, ബസുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ശവ്വാല്‍ ഒന്നു മുതല്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കും. പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിച്ചും സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിച്ചും കൊറോണ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടുമാണ് പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത്.
വാക്‌സിന്‍ സ്വീകരിക്കാത്ത പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാര്‍ ഓരോ ഏഴു ദിവസത്തിലും കൊറോണ വൈറസ്ബാധ കണ്ടെത്താനുള്ള പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണം. സ്ഥാപനങ്ങളുടെ ചെലവിലാണ് ജീവനക്കാര്‍ക്ക് ഓരോ ഏഴു ദിവസത്തിലും പി.സി.ആര്‍ പരിശോധന നടത്തേണ്ടതെന്നും പൊതുഗതാഗത അതോറിറ്റി പറഞ്ഞു. ശവ്വാല്‍ ഒന്നിനു മുമ്പായി മുഴുവന്‍ ജീവനക്കാര്‍ക്കും കൊറോണ വാക്‌സിന്‍ നല്‍കാന്‍ പൊതുഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു.
സ്‌പോര്‍ട്‌സ് സെന്ററുകളിലെയും ജിംനേഷ്യങ്ങളിലെയും ജീവനക്കാര്‍ക്കും ശവ്വാല്‍ ഒന്നു മുതല്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.