Sorry, you need to enable JavaScript to visit this website.

കാറിനുള്ളിൽ ടെസ്‍ല വിഡിയോ റെക്കോർഡ് ചെയ്യുന്നു; സ്വകാര്യത ചോർത്തുമെന്ന് ആശങ്ക

ടെസ്‍ലയുടെ ഇൻ-കാർ വിഡിയോ മോണിറ്ററിങ് സംവിധാനം വലിയ സ്വകാര്യതാ ഭീഷണി ഉയർത്തുന്നതായി പരാതി. ടെസ്‍ലയുടെ നിരവധി കാറുകളിൽ ചേർക്കപ്പെട്ടിട്ടുള്ള ഈ സംവിധാനം ആവശ്യമാണെങ്കിൽ ഓണാക്കി വെക്കാവുന്നതാണ്. ഓണാക്കിയാൽ  ഡ്രൈവറുടെ ചലനങ്ങൾ റെക്കോർഡ് ചെയ്യുകയും അവയെല്ലാം ടെസ്‍ലയ്ക്ക് അയയ്ക്കുകയും ചെയ്യും. ഇതിലാണ് ആശങ്ക. 

കാറിൽ ഡ്രൈവറുടെ കണ്ണുകളുടെ ചലനങ്ങളും തലയുടെ പൊസിഷനുമെല്ലാം പരിശോധിച്ച് അവർ ശ്രദ്ധയോടെയാണോ വണ്ടിയോടിക്കുന്നതെന്ന് അനുമാനിക്കാൻ ശേഷിയുള്ള സംവിധാനമാണ് ടെസ്‍ലയുടേത്. ഡ്രൈവർ ഉറക്കത്തിലേക്ക് വീഴുകയും മറ്റും ചെയ്യുന്നത് ഈ സംവിധാനത്തിന് തിരിച്ചറിയാൻ കഴിയും. അപകടത്തിൽ പെട്ടാൽ അതിനു മുമ്പ് ഡ്രൈവർ ഏതുതരം അവസ്ഥയിലാണ് ഉണ്ടായിരുന്നതെന്ന് വിശകലനം ചെയ്യാൻ ഈ വിഡിയോകൾ പരിശോധിക്കുന്നതിലൂടെ സാധിക്കും. സ്വയംനിയന്ത്രിത വാഹനങ്ങൾക്ക് ആവശ്യമായ സാങ്കേതികതകൾ വികസിപ്പിക്കുന്നതിന് ഈ വീഡിയോകൾ ഉപകാരപ്പെടും. ഇതിലാണ് ടെസ്‍ലയുടെ കണ്ണ്.

നിലവിൽ സമാനമായ സംവിധാനങ്ങളുള്ള നിരവധി കാറുകൾ നിരത്തിലുണ്ട്. എന്നാൽ അവയൊന്നും വീഡിയോ ഫൂട്ടേജുകളായി റെക്കോർഡ് ചെയ്യപ്പെടുകയോ പിന്നീടത് കാർനിർമാതാവിന് അയയ്ക്കുകയോ ചെയ്യുന്നില്ല. വാഹനത്തിന്റെ സുരക്ഷയാണ് ടെസ്‌‍ലയുടെ ഉദ്ദേശ്യമെങ്കിൽ അവർ ചെയ്യേണ്ടത് ഡ്രൈവറെ ജാഗ്രതപ്പെടുത്തലാണെന്ന് വിമർശകർ പറയുന്നു. മറ്റ് കാർ നിർമാതാക്കൾ ഇതാണ് ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

ഡ്രൈവറുടെ ചലനങ്ങൾ റെക്കോർഡ് ചെയ്യുന്നതിൽ നിരവധിയായ പ്രശ്നങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരിക്കൽ ഇവ റെക്കോർഡ് ചെയ്യപ്പെട്ടാൽ ഇൻഷൂറൻസ് കമ്പനികൾക്കും പൊലീസിനുമെല്ലാം അവ ഉപയോഗിക്കാൻ വഴിയൊരുങ്ങും. കമ്പനി ഈ ഫൂട്ടേജുകൾ നൽകില്ലെന്ന് അവകാശപ്പെട്ടാൽ പോലും കാര്യമില്ല. വിദഗ്ധരായ ഹാക്കർമാർക്ക് അവ സ്വന്തമാക്കാൻ സാധിക്കും.

മറ്റ് കാർനിർമാതാക്കൾ ഡ്രൈവറുടെ ചലനങ്ങളെ നിരീക്ഷിക്കുകയും അശ്രദ്ധയോ, ഉറക്കമോ തിരിച്ചറിഞ്ഞാൽ ഉടനെ അത് ഡ്രൈവറെ ജാഗ്രതപ്പെടുത്തുകയും ചെയ്യുന്നു. ഇവരാരും തന്നെ വീഡിയോ ആയി റെക്കോർഡ് ചെയ്യുകയോ കമ്പനിക്ക് അയയ്ക്കുകയോ ചെയ്യുന്നില്ല. അതെസമയം ടെസ്‌‍ല ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest News