Sorry, you need to enable JavaScript to visit this website.

സ്വന്തം മകളുടെ പ്രായമുള്ള ഹാദിയയോട് മന്ത്രി കെ.ടി ജലീലിന് പറയാനുള്ളത്

മലപ്പുറം- അമ്മയെയും അച്ഛനെയും സങ്കടപ്പെടുത്തിയിട്ട് ലോകത്ത് ഒരാളും ഒന്നും നേടിയിട്ടില്ലെന്ന് ഹാദിയയെ ഓർമ്മിപ്പിച്ച് മന്ത്രി ഡോ. കെ.ടി ജലീൽ. ഫെയ്‌സ്ബുക്കിൽ എഴുതിയ പോസ്റ്റിലാണ് മന്ത്രി ഇങ്ങിനെ പറഞ്ഞത്. എന്റെ മൂത്ത മകളുടെ മാത്രം പ്രായമാണ് ഹാദിയക്കുള്ളത്.  ഇഷ്ടപ്പെട്ട വിശ്വാസം വരിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും അത് ഹാദിയയുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും മന്ത്രി പറയുന്നു.  മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം കുട്ടി മറന്ന് പോകരുതെന്നും ഒരാളെ സംബന്ധിച്ചേടത്തോളം ഭാര്യാ  ഭർതൃ ബന്ധം വരെ മുറിച്ചുമാറ്റാമെന്നും മന്ത്രി ഓര്‍മ്മിപ്പിക്കുന്നു. എന്നാൽ മരണത്തിന് പോലും അറുത്തെറിയാൻ പറ്റാത്തതാണ് മാതൃ-പിതൃ ബന്ധങ്ങളെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഹാദിയയെ പച്ചയും (ലീഗിന്റെ പച്ചയല്ല )
അശോകനെ കാവിയും (ആർ.എസ്.എസിന്റെ കാവി )
പുതപ്പിക്കുന്നവരോട് സവിനയം ..

ഒരുപാട് മതപരിവർത്തനങ്ങൾ നടന്നിട്ടുള്ള നാടാണ് ഇന്ത്യ. ഇന്നിവിടെയുള്ള 99% ഹൈന്ദവേതര മത വിശ്വാസികളുടെ പൂർവ്വികരൂം പ്രാചീന ഇന്ത്യൻ മതത്തിൽ നിന്ന് പരിവർത്തനം ചെയ്ത് വന്നിട്ടുള്ളവരാണ് . അവയൊന്നും രാജ്യത്ത് ഒരു തരത്തിലുള്ള സംഘർഷവും അകൽച്ചയും വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടില്ല. ഒരു പ്രവാചകനും വേദഗ്രന്ഥവും സ്വർഗ്ഗലബ്ധി സാദ്ധ്യമാകാൻ സഹോദര മതസ്ഥനായ ഒരാളെ തന്റെ മതത്തിലേക്ക് കൊണ്ട് വരണമെന്ന് നിബന്ധന വെച്ചിട്ടില്ല. ലോകത്ത് ഇന്ന് നിലനിൽക്കുന്ന എല്ലാ മതങ്ങങ്ങളും വേദപ്രമാണങ്ങളും വ്യത്യസ്ത കാലഘട്ടങ്ങളിൽ വിവിധ സമൂഹങ്ങളിൽ ഒരു ലക്ഷത്തിലധികം വരുന്ന പ്രവാചകന്മാരിലൂടെ ദൈവത്തിൽ നിന്ന് അവതീർണ്ണമായിട്ടുള്ളതാണെന്ന് കരുതിയാൽ തീരുന്ന പ്രശ്‌നമേ നാട്ടിലുള്ളു .
ഇസ്ലാമതം സ്വീകരിക്കാതെ മരണപ്പെട്ട് പോയ അബൂത്വാലിബിനെ മുഹമ്മദ് നബി തള്ളിപ്പറയുകയോ വെറുക്കുകയോ ചെയ്തിട്ടില്ലെന്നോർക്കണം . ഇസ്ലാമിന്റെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ ഒരുപാട് സഹായം ചെയ്ത അമുസ്ലിമായിരുന്നുവല്ലോ അദ്ദേഹം . ഇന്ത്യാമഹാരാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവരും അബൂത്വാലിബ് മാരാണെന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അതിന്റെ പേരിൽ എന്ത് പഴി കേൾക്കേണ്ടി വന്നാലും അതേറ്റുവാങ്ങാൻ എനിക്കശേഷം മടിയുമില്ല . ഇഷ്ടപ്പെട്ട വിശ്വാസം വരിക്കാൻ ഈ നാട്ടിൽ സ്വാതന്ത്ര്യമുണ്ട് . അതാരെയും വേദനിപ്പിച്ച്‌കൊണ്ടോ ബഹുസ്വര സമൂഹത്തിൽ അകൽച്ച സൃഷ്ടിച്ച്‌കൊണ്ടോ ആകാതിരിക്കാൻ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണം .
നൊന്ത് പ്രസവിച്ച മാതാവിനും പോറ്റി വളർത്തിയ പിതാവിനും മക്കൾ കൈവിട്ടു പോകുമ്പോഴുള്ള ഹൃദയവേദന ലോകത്തേത് മാപിനി വെച്ച് നോക്കിയാലും അളന്ന് തിട്ടപ്പെടുത്താനാവില്ല. 'ആരാന്റെമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേലെന്ന് '' നാട്ടിലൊരു ചൊല്ലുണ്ട് . ഹാദിയയെ മുൻനിർത്തി ആദർശ വിജയം കൊണ്ടാടുന്നവർ മറിച്ച് സംഭവിക്കുന്ന ഒരു മുസ്ലിം കുടുംബത്തിന്റെ സ്ഥാനത്ത്‌നിന്ന് ഒരു നിമിഷം ആലോചിക്കുന്നത് നന്നായിരിക്കും. ഒരാളുടെ വേദനയും കണ്ണുനീരും ഒരു ദർശനത്തിന്റെയും വിജയമോ പരാജയമോ ആയി ആഘോഷിക്കപ്പെട്ട്കൂട . മാധവിക്കുട്ടി കമലാസുരയ്യയായപ്പോൾ അതിനെ സ്വീകരിച്ച കേരളത്തിന്റെ പൊതുബോധം അഖില ഹാദിയയായപ്പോൾ നെഞ്ചോട് ചേർത്ത് വെക്കാൻ മടിച്ച് നിന്നത് ഒരു പെറ്റമ്മയുടെ വിലാപം അവരുടെ കാതുകളിൽ ആർത്തിരമ്പുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള സമാന്യബോധം ആർക്കെങ്കിലും ഇല്ലാതെ പോയെങ്കിൽ , പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യേണ്ടത് മറ്റുള്ളവരെയല്ല അവനവനെത്തന്നെയാണ് .

എന്റെ മൂത്ത മകളുടെ പ്രായം മാത്രമുള്ള ഹാദിയയോട് ഒരു രക്ഷിതാവെന്ന നിലയിൽ ഒരഭ്യർത്ഥനയേ എനിക്കുള്ളു. ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളു. അത് മോളുടെ വ്യക്തി സ്വാതന്ത്ര്യം. മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം കുട്ടി മറന്ന് പോകരുത്. ഒരാളെ സംബന്ധിച്ചേടത്തോളം എല്ലാ ബന്ധങ്ങളും മുറിച്ചുമാറ്റാം . ഭാര്യാ  ഭർതൃ ബന്ധം വരെ . മരണത്തിന് പോലും അറുത്തെറിയാൻ പറ്റാത്തതാണ് മാതൃ  പിതൃ ബന്ധങ്ങൾ . മാതാവിനോട് ' ഛെ ' എന്ന വാക്കുപോലും ഉച്ഛരിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ മുഹമ്മദ് നബി അമ്മയുടെ കാൽചുവട്ടിലാണ് മക്കളുടെ സ്വർഗ്ഗമെന്നും അരുൾ ചെയ്തു . വിശുദ്ധ യുദ്ധത്തേക്കാൾ പവിത്രമാണ് പ്രായമായ മാതാപിതാക്കളെ പരിപാലിക്കലെന്നും പറഞ്ഞ പ്രവാചകൻ , പക്ഷെ ഇവിടെയൊന്നും മാതാവ് സ്വന്തം മതക്കാരിയാകണമെന്ന വ്യവസ്ഥ വെച്ചിട്ടില്ലെന്ന് കൂടി ഓർക്കണം .


അഖിലയുടെ അല്ലെങ്കിൽ ഹാദിയയുടെ വിശ്വാസസ്വാതന്ത്ര്യം അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്. അത്‌പോലെത്തന്നെ പരിഗണിക്കപ്പെടേണ്ടതല്ലേ കരഞ്ഞ്കലങ്ങിയ ഒരച്ഛന്റെയും അമ്മയുടേയും കണ്ണുകളും ദുഃ:ഖഭാരത്താൽ വിങ്ങിപ്പൊട്ടുന്ന ഹൃദയങ്ങളും? ഹാദിയയെ പച്ചപുതപ്പിക്കുന്നവരും (ലീഗിന്റെ പച്ചയല്ല) അശോകനെ കാവി പുതപ്പിക്കുന്നവരും (ആർ.എസ്.എസിന്റെ കാവി) നാട്ടിൽ സമാധാനമാഗ്രഹിക്കുന്നവരല്ല . ഹിന്ദു സംഘികളുടെ പിടുത്തത്തിൽ നിന്ന് അശോകനും മുസ്ലിം സംഘികളുടെ കെട്ടുപാടുകളിൽ നിന്ന് ഹാദിയയും മുക്തമായിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്നാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത് . ''നാം (ദൈവം) ഉദ്ദേശിച്ചിരുന്നു എങ്കിൽ ലോകത്തുള്ള മുഴുവൻ മനുഷ്യരേയും ഒരേ മതത്തിന്റെ അനുയായികളാക്കാൻ നമുക്ക് നിഷ്പ്രയാസം സാധിക്കുമായിരുന്നു'.(വിശുദ്ധ ഖുർആൻ) . എല്ലാ വിശ്വാസ ധാരകളും നിലനിൽക്കണമെന്നുള്ളത് ദൈവഹിതമാണ് . ബഹുസ്വരതയെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും ജഗദീശ്വരനാണെന്നർത്ഥം . എല്ലാം ഒന്നാകണമെന്നും സർവ്വതിനേയും ഏകശിലയിലേക്ക് , സ്വാംശീകരിക്കണമെന്നും വാദിക്കുന്നതാണ് ഏറ്റവും വലിയ ദൈവനിന്ദയെന്ന് വിശ്വാസികൾ മനസ്സിലാക്കാൻ ഇനിയും എത്രകാലമാണ് നാം കാത്തിരിക്കേണ്ടി വരിക ?
 

Latest News