സമ്പൽപൂർ- ജൂനിയർ വിദ്യാർത്ഥികളെ റാഗിങ്ങ് ചെയ്തതിന് 18 വിദ്യാർത്ഥികൾക്ക് 54,000 രൂപ പിഴയിട്ട് വീർ സുരേന്ദ്ര സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് (VIMSAR). ഒഡീഷയിലെ സമ്പൽപൂർ നഗരത്തിനടുത്ത് ബുർലയിലാണ് സംഭവം. നാലാം സെമസ്റ്റർ വിദ്യാർത്ഥികൾക്കാണ് പിഴ. ഭാവിയിൽ ഇത്തരം സംഭവങ്ങളിലുൾപ്പെടില്ലെന്ന് ഇവരിൽ നിന്ന് എഴുതി വാങ്ങിയിട്ടുമുണ്ട്. റാഗിങ് സംബന്ധിച്ച് പരാതി ഉയർന്നപ്പോൾ റാഗിങ് വിരുദ്ധസമിതി പ്രസ്തുത പരാതിയിന്മേൽ അന്വേഷണം നടത്തിയതായി സ്ഥാപനത്തിന്റെ ഡയറക്ടർ ലളിത് മഹർ പറഞ്ഞു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാർത്ഥികൾ ഇതിനകം തന്നെ പിഴ ഒടുക്കിയതായി പ്രിൻസിപ്പൽ ജയശ്രീ ദോറ പറഞ്ഞു.
ഹോസ്റ്റലിൽ താമസിക്കുന്ന രണ്ടാംവർഷ വിദ്യാർത്ഥികളോട് ബാസ്കറ്റ്ബോൾ കോർട്ടിലേക്ക് വരാൻ നാലാം സെമസ്റ്റർ വിദ്യാർത്ഥിൾ ആവശ്യപ്പെടുകയായിരുന്നു. പേടി കൊണ്ട് ചെല്ലാതിരുന്ന വിദ്യാർത്ഥികളെ രാത്രിയിൽ നിർബന്ധിച്ച് കോർട്ടിലെത്തിക്കുകയും 11 മണി മുതൽ പുലർച്ചെ 4 മണിവരെ അവിടെ നിർത്തിക്കുകയും ചെയ്തു. ഈ സമയത്തിനിടയിൽ സീനിയർ വിദ്യാർത്ഥികൾ തെറി വിളിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറഞ്ഞു.