Sorry, you need to enable JavaScript to visit this website.

വ്ലാദ്മിർ പുടിൻ കോവിഡ് വാക്സിനെടുത്തു, എല്ലാം രഹസ്യം

മോസ്കോ- ലോകനേതാക്കളെല്ലാം കോവിഡ് വാക്സിനേഷന് വിധേയമാകുന്നത് ആഘോഷമാക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമെല്ലാം വാക്സിനെടുക്കുന്നതിന്റെ ഫോട്ടോകളെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ജനങ്ങളെ വാക്സിനെടുക്കാൻ പ്രേരിപ്പിക്കുകയെന്നതാണ് ഇത്തരം പ്രചാരണങ്ങളുടെയെല്ലാം ലക്ഷ്യം. എന്നാൽ റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ രഹസ്യമായി വാക്സിൻ സ്വീകരിച്ചത് വാർത്തയായിരിക്കുകയാണിപ്പോൾ. 

ഫോട്ടോഷൂട്ടുകളുടെ രാജകുമാരനായ ഒരു പ്രസിഡന്റാണ് വാക്സിനേഷൻ മാത്രം ഫോട്ടോയെടുക്കാതെ വിട്ടതെന്നതാണ് വാർത്തകൾക്കടിസ്ഥാനം. ഇതോടൊപ്പം, ഏത് വാക്സിനാണ് പുടിൻ സ്വീകരിച്ചതെന്നും വ്യക്തമല്ല. റഷ്യ തന്നെ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് വി രാജ്യത്ത് വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. 

ഏത് വാക്സിനാണ് എടുത്തതെന്ന് വ്യക്തമാക്കാത്തതിന് കാരണവും ഔദ്യോഗികമായി റഷ്യ വെളിപ്പെടുത്തിയിട്ടുണ്ട്. മൂന്ന് റഷ്യൻ വാക്സിനുകളാണ് നിലവിൽ ഉപയോഗത്തിലുള്ളത്. ഇവ മൂന്നും മികച്ചതാണെന്ന സന്ദേശം നൽകാനാണ് ഏത് വാക്സിനാണ് പുടിൻ സ്വീകരിച്ചതെന്ന് വെളിപ്പെടുത്താതിരിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ തീരുമാനിക്കപ്പെട്ടിരുന്നതാണെന്നും റഷ്യ വ്യക്തമാക്കുന്നു.  പുടിൻ വാക്സിൻ സ്വീകരിക്കുന്നതിന്റെ  ചിത്രം പങ്കുവെച്ചാൽ അത് സമൂഹത്തിന് പ്രചോദനമാകില്ലേയെന്ന ചോദ്യത്തോട്, ജനങ്ങൾ തങ്ങളുടെ വാക്ക് കണക്കിലെടുത്താൽ മതിയെന്നായിരുന്നു പ്രതികരണമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

Latest News