Sorry, you need to enable JavaScript to visit this website.

മിശ്രവിവാഹത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം; ദമ്പതികള്‍ക്ക് സുരക്ഷ നല്‍കണമെന്ന് കോടതി

ന്യൂദൽഹി- മിശ്രവിവാഹം നടത്തിയതിന് ആക്രമണഭീഷണി നേരിടുന്ന ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ദൽഹി ഹൈക്കോടതി ഉത്തരവ്. ഇരുവരും രണ്ട് മതങ്ങളിൽപ്പെട്ടവരാണ്. കഴിഞ്ഞയാഴ്ച വിവാഹിതരായ രണ്ടുപേരും താമസിക്കുന്ന വീടിനു നേരെ ആൾക്കൂട്ട ആക്രമണമുണ്ടായിരുന്നു. കിഴക്കൻ ദൽഹിയിലെ സരായ് കാലെ ഖാനിലെ ഹരിജൻ ബസ്തിയിലാണ് സംഭവം. കേസിലെ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അനു മൽഹോത്ര ഉത്തരവിട്ടു. ഏപ്രിൽ 6ന് കേസ് വീണ്ടും പരിഗണിക്കും. 

സംഭവങ്ങൾ കലാപമായി മാറാനുള്ള സാധ്യത കൂടി ഹരജിക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനാൽ പ്രദേശത്ത് റാപിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഏതാണ്ട് അമ്പത് പേരടങ്ങുന്ന സംഘമാണ് വീടിനു നേരെ ആക്രമണം നടത്തിയത്. അക്രമികൾ ഇവരുടെ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി. വീട്ടിലെ സാധനങ്ങളെല്ലാം അക്രമികൾ തകർക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സമീപത്തെ ദളിത് വീടുകളും ആക്രമിക്കപ്പെട്ടുവെന്നും ജാത്യധിക്ഷേപങ്ങൾ ചൊരിയുകയുണ്ടായെന്നും ഹരജിക്കാരുടെ വക്കീൽ കോടതിയെ ബോധിപ്പിച്ചു. പൊലീസ് ഇതിൽ കേസെടുത്തിട്ടില്ലെന്ന ആരോപണവും ഉന്നയിക്കപ്പെട്ടു. അതെസമയം സംഭവത്തിൽ കേസെടുത്തതായി പോലീസിനു വേണ്ടി ഹാജരായ അഡ്വ. നന്ദിത റാവു അറിയിച്ചു. പ്രദേശത്ത് 10 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 

Latest News