മലപ്പുറം- തവനൂരില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ രണ്ടു വർഷം മുമ്പത്തെ വിഡിയോയും കുത്തിപ്പൊക്കി പ്രചാരണം. ചാരിറ്റി രംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന നർഗീസ് ബീഗം തനിക്ക് ലഭിക്കാനിരുന്ന കാർ വേണ്ടെന്ന് പറയുന്ന വിഡിയോ ആണ് ഇടതു പ്രവർത്തകർ വ്യാപമായി പ്രചരിപ്പിക്കുന്നത്. കാറും വീടും സ്വീകരിച്ച ഫിറോസിനെ വിമർശിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2019 ലാണ് പത്ത് ലക്ഷം രൂപയുടെ സൗജന്യ കാർ നിരസിക്കുന്നതായി നർഗീസ് ബീഗം ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞത്.
സ്വത്ത് വിവരം വെളിപ്പെടുത്തേണ്ടി വരുമെന്നതിനാലാണ് ഫിറോസ് മത്സരത്തില്‍നിന്ന് പിന്മാറിയതെന്ന് നേരത്തെ പ്രചാരണമുണമുണ്ടായിരുന്നു.തവനൂരില്‍ മത്സരിക്കാന്‍ ഒരു ഘട്ടത്തില്‍ യുഡിഎഫ് തീരുമാനിക്കുകയും പിന്നീട് ആശയക്കുഴപ്പം ഉണ്ടാവുകയും ചെയ്തപ്പോള്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതായി ഫിറോസ് കുന്നംപറമ്പില്‍ പ്രഖ്യാപിച്ചിരുന്നു.
ആകെ 5500 രൂപയാണ് ക്യാഷായി കയ്യിലുള്ളതെന്നും സ്ഥാവര-ജംഗമ വസ്തുക്കളുടെ ആകെ ആസ്തി 5258834 രൂപയാണെന്നുമാണ് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങള്‍. വിവിധ ബാങ്കുകളിലായി ചെറിയ നിക്ഷേപങ്ങളുണ്ട്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപ നിക്ഷേപമായിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്ഡിഎഫ്സി ബാങ്കിൽ 3255 രൂപയുടെ നിക്ഷേപവും ഉണ്ട്. എടപ്പാല്‍ എംഡിസി ബാങ്കില്‍ 1000 രൂപയാണ് നിക്ഷേപമായിട്ടുള്ളത്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലായി 67412 രൂപയാണുള്ളത്.
വാഹനമായി കൈയിലുള്ള ഇന്നോവ കാറിന് 20 ലക്ഷം രൂപയാണ് വില. ഇതടക്കം ജംഗമ ആസ്തിയായിട്ടുള്ളത് 20,28,834 രൂപയാണ്. സ്വന്തം പേരിലുള്ള സ്ഥലത്തിന് 295000 രൂപ കമ്പോള വിലവരും. 2053 സ്ക്വയർ ഫീറ്റ് വരുന്ന വീടിന്റെ കമ്പോള വില 31.5 ലക്ഷം രൂപയാണ്. ജിദ്ദയിലെ ബഖാല കൂട്ടായ്മയാണ് ഫിറോസിനെ വീടുണ്ടാക്കാന്‍ സഹായിച്ചത്.






