ആലപ്പുഴ- ദുബായിൽനിന്ന് കള്ളക്കടത്തായി നാട്ടിലെത്തിച്ച ഒന്നര കിലോ സ്വർണം കൈമാറാത്തതിനെ തുടർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു പ്രതികൾ കൂടിപിടിയിൽ. ഷിഹാബ്, സജാദ്, ഫൈസൽ എന്നിവരാണ് പിടിയിലായത്. മൂന്നു പേരും കൊടുങ്ങല്ലൂർ സ്വദേശികളാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. യുവതിയെ തട്ടിക്കൊണ്ടുപോയതിൽ നേരിട്ട് പങ്കാളികളായവരാണ് ഇവര്‍ മൂന്ന് പേരുമെന്ന് പോലീസ് പറയുന്നു.
മാന്നാറില്‍ കഴിഞ്ഞ 22 ന് പുലർച്ചെ രണ്ടോടെയാണ് സ്വർണക്കടത്ത് സംഘം വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയത്. അന്നുച്ചയോടെ പാലക്കാട് വടക്കഞ്ചേരിയിൽ യുവതിയെ ഇറക്കിവിട്ടു.
ദുബായിൽനിന്ന് നാട്ടിലെത്തിക്കാൻ ഏൽപ്പിച്ച ഒന്നര കിലോ സ്വർണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണ് യുവതിയെന്നും പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 19നാണ് യുവതി അവസാനമായി സ്വർണം കടത്തിയതെന്നും ഈ സ്വർണം കൈമാറണമെന്ന ധാരണ തെറ്റിച്ചതാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് പറയുന്നു.