ന്യുദല്‍ഹി- സര്‍ക്കാരിന്റെ വിവിധ സേവനങ്ങളുടേയും ക്ഷേമ പദ്ധതികളുടേയും ആനുകൂല്യം ലഭ്യമാക്കാന്‍ അവയുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. നിലവില്‍ കാലാവധി ഡിസംബര്‍ 31 വരെയാണ് നിശ്ചിയിച്ചിരുന്നത്. കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച ഉണ്ടായേക്കും. അതേസമയം മൊബൈല്‍ ഫോണ്‍ കണക്ഷനുകല്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി ആറ് തന്നെയാണന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെയാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ആധാര്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കാന്‍ അഞ്ചു ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് സുപ്രീം കോടതി രൂപീകരിക്കും. ആധാര്‍ ബന്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.