പത്തനംതിട്ട-കാടിന്റെ ഓരം ചേർന്നുള്ള കോന്നിയിൽ മീനച്ചൂട് അതിന്റെ ഉച്ചാവസ്ഥയിലാണ്. ആ ചൂടിനെ വെല്ലുന്ന പ്രചാരണത്തിലാണ് കോന്നി. കിഴക്ക് അച്ചൻകോവിൽ മുതൽ ഗവി വരെ സഹ്യപർവതം അതിരിടുന്ന കേരളത്തിലെ ഏറ്റവും വലിയ മണ്ഡലമാണ് കോന്നി. അതുകൊണ്ട് കോന്നി കാടിളക്കി കോന്നിയെ എത്കൊമ്പൻ കീഴടക്കും എന്ന ആകാംക്ഷയിലാണ് എല്ലാവരും.
കോൺഗ്രസിലെഅടൂർ പ്രകാശ് കഴിഞ്ഞ കാൽനൂറ്റാണ്ടായി കൈവശം വെച്ചിരുന്ന കോന്നി കഴിഞ്ഞ ഉപതെരെഞ്ഞെടുപ്പിൽ കോൺഗ്രസിലെ പടലപിണക്കങ്ങൾ കാരണം സി.പി.എം സ്വന്തമാക്കി. അങ്ങിനെ കോന്നിയിലെ എം.എൽ.എയായി സി.പി.എമ്മിലെ കെ.യു. ജനീഷ് കുമാർ എത്തി.
എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത് വന്ന തോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് കോന്നിയിൽ കളമൊരുങ്ങയത്. മഞ്ചേശ്വരത്തിനു പുറമെ കോന്നി കെ. സുരേന്ദ്രൻ തെരഞ്ഞെടുത്തത് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ വോട്ട് വർധനവ് കണ്ടാണ്.
സർവ പിണക്കങ്ങളും പറഞ്ഞു തീർത്ത് യു.ഡി.എഫ് നേതൃത്വം രംഗത്തിറക്കിയത് അടൂർ പ്രകാശിന്റെ വിശ്വസ്തനായ റോബിൻ പീറ്ററെയാണ്. പഞ്ചായത്ത് മുതൽ ജില്ലാ പഞ്ചായത്തു വരെ 30 കൊല്ലമായി മത്സരിച്ച റോബിൻ പീറ്റർ ഇതാദ്യമായാണ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. മത്സരിച്ച എവിടെയും വിജയം എന്ന ഭാഗ്യമുള്ളത് നിലവിലെ ജില്ലാ പഞ്ചായത്തംഗം കൂടിയായ റോബിനെ വ്യത്യസ്തനാക്കുന്നു.
ഡി.വൈ.എഫ്.ഐ നേതാവായ കെ.യു. ജനീഷ് കുമാർ കന്നി മത്സരത്തിലൂടെ എം.എൽ.എആയ ആളാണ്. മണ്ഡലത്തിൽ ചുരുങ്ങിയ കാലം കൊണ്ട് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ പറഞ്ഞാണ് വോട്ട് തേടുന്നത്.
കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, പ്രമാടം, ചിറ്റാർ, സീതത്തോട്, കലഞ്ഞൂർ, ഏനാദിമംഗലം, വള്ളിക്കോട്, മലയാലപ്പുഴ, മൈലപ്ര പഞ്ചായത്തുകൾ ഉൾപ്പെട്ട മണ്ഡലത്തിന്റെ ഉള്ളിലിരിപ്പ് ഇപ്പോൾ ആർക്കും പിടികൊടുക്കുന്നില്ല.
അതേ, കോന്നിയിൽ മത്സരം കടുത്തതാണ്. പഴയ കണക്കുകൾ അപ്രസക്തമാകുന്ന വിധിയാവും കോന്നിയിൽ ഉണ്ടാകുക.






