കൽപറ്റ- കേരളത്തിൽ കോൺഗ്രസ് അപ്രസക്തമാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിലൂടെ മറനീക്കിയതു സി.പി.എം-കോൺഗ്രസ് തെരഞ്ഞെടുപ്പു ബന്ധമാണെന്നു യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം.ഹസൻ. സംസ്ഥാനത്തെവിടെയും ബി.ജെ.പി-ആർ.എസ്.എസ് വോട്ട് യു.ഡി.എഫിനു വേെണ്ടന്നും പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കോൺഗ്രസിനെ അപ്രസക്തമാക്കാനുള്ള ശക്തി ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും ഇല്ലെന്ന യാഥാർഥ്യം പ്രധാനമന്ത്രിക്കു അറിയാത്തതല്ല. പ്രധാനമന്ത്രിയുടെയും ആർ.എസ്.എസ് ബുദ്ധിജീവി ബാലശങ്കറിന്റെയും പ്രസ്താവനകൾ പരസ്പര ബന്ധമുള്ളതാണ്. കോൺഗ്രസ് മുക്ത ഭാരതം പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും ആഗ്രഹമാണ്. യു.ഡി.എഫ് മുക്ത കേരളമാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. എന്നിരിക്കെ സംസ്ഥാനത്തു സി.പി.എമ്മുമായി ഉണ്ടാക്കിയ രഹസ്യബന്ധത്തിന്റെ ബലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നു കരുതണം. തെരഞ്ഞെടുപ്പിലെ സി.പി.എം-ബി.ജെ.പി അന്തർധാര സീറ്റുകളുടെ കാര്യത്തിനും അപ്പുറമാണെന്നാണ് യു.ഡി.എഫ് സംശയിക്കുന്നത്. കേരളത്തിൽ കോൺഗ്രസിനെ അപ്രസക്തമാക്കാൻ സി.പി.എമ്മിനു ബി.ജെ.പി ഫണ്ടിംഗ് നടത്തുന്നുണ്ടെന്നും സംശയമുണ്ട്. ഇതു അന്വേഷിക്കേണ്ട കാര്യമാണ്. സി.പി.എം-ബി.ജെ.പി ബന്ധത്തെക്കുറിച്ചു പറയുമ്പോൾ കോൺഗ്രസിനു ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന പ്രത്യാരോപണമാണ് സി.പി.എം ഉന്നയിക്കുന്നത്. തലശ്ശേരിയിലും ഗുരുവായൂരിലും ബി.ജെ.പിയുടെ വോട്ട് വേണ്ടെന്നു പറയുമോ എന്നു സി.പി.എം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കണം.
തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽവരും. യുവജനങ്ങളും പുതുമുഖങ്ങളും അടക്കം തെരഞ്ഞെടുപ്പിൽ ജയിക്കാൻ ശേഷിയുള്ളവരാണ് യു.ഡി.എഫ് സ്ഥാനാർഥികൾ. കർഷകരും ആദിവാസികളും അടക്കം ജനവിഭാഗങ്ങളുടെ പുരോഗതിക്കു ഉതകുന്ന കാര്യങ്ങളാണ് യു.ഡി.എഫ് പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയ്യുന്നത്. ചാനലുകളിലൂടെ പുറത്തുവന്നതു പെയ്ഡ് സർവേ ഫലങ്ങളാണ്. മുഖം മിനുക്കുന്നതിനായി സർക്കാർ നൽകിയ കോടിക്കണക്കിനു രൂപയുടെ പ്രത്യുപകാരമാണ് ചാനൽ സർവേകൾ. കൈനോട്ടക്കാരന്റെ അവസ്ഥയിലാണ് പല ചാനലുകളും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സർവേഫലത്തിനു അനുസൃതമായിരുന്നില്ല ജനവിധി. കേരളത്തിലെ വോട്ടർമാരുടെ മനസളക്കാൻ ചാനലുകൾക്കും പി.ആർ ഏജൻസികൾക്കും കഴിയില്ല.
രാഷ്ട്രീയത്തിലെ ഭാഗ്യാന്വേഷികളാണ് കോൺഗ്രസിൽനിന്നു കൊഴിഞ്ഞുപോകുന്നത്. അവസരവാദ നിലപാടാണ് ഇവരുടേത്. കോൺഗ്രസ് വിടുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിലൂടെ സി.പി.എമ്മിന്റെ ഗതികേടാണ് വ്യക്തമാക്കുന്നത്. പാർട്ടിയെയും നേതാക്കളെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തവരെയാണ് സി.പി.എം സ്ഥാനാർഥികളാക്കുന്നത്. ഈ അവസ്ഥ മുമ്പെങ്ങും കണ്ടിട്ടില്ല. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി പാർട്ടി വിട്ടത് തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതുകൊണ്ടാണ്. കോൺഗ്രസ് വനിതകളെ അവഗണിക്കുന്നു, ലിംഗസമത്വമില്ല, വർഗീയതയോടുള്ള സമീപനം നിരാശപ്പെടുത്തുന്നതാണ് തുടങ്ങി പാർട്ടി വിടുന്നതിനു റോസക്കുട്ടി പറഞ്ഞ കാര്യങ്ങൾ ശരിയല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു കോൺഗ്രസ് രണ്ടുതവണ അവർക്കു സീറ്റു നൽകി. ഒരു തവണ തോറ്റു. പിന്നീട് സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷയാക്കി. കെ.പി.സി.സി പുനഃസംഘടിപ്പിച്ചപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനം നൽകി. ഇതെല്ലാം വനിതകളോടുള്ള പാർട്ടി സമീപനം വെളിപ്പെടുത്തുന്നതാണ്.
അധ്വാനിക്കുന്നവരുടെയും പാവപ്പെട്ടവരുടെയും പാർട്ടിയെന്നാണ് സി.പി.എം ഊറ്റംകൊള്ളുന്നത്. എന്നാൽ അക്കൂട്ടത്തിൽപ്പെട്ടവർക്കു സീറ്റ് നൽകുന്നില്ല. മലപ്പുറം ജില്ലയിൽ സി.പി.എമ്മിന്റെ സ്ഥാനാർഥികളിൽ പലരും കോടീശ്വരൻമാരാണ്. സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നതും പിന്നീട് ശരിയാണെന്നു വ്യക്തമായതുമായ ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാണ്. ഇതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഡോളർക്കടത്ത്, സ്വർണക്കടത്ത് കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സ്തംഭിച്ചുനിൽക്കുന്നതിനു പിന്നിൽ സി.പി.എം-ബി.ജെ.പി തെരഞ്ഞെടുപ്പുബന്ധമാണെന്നും ഹസൻ പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ.കരീം, കൺവീനർ എൻ.ഡി.അപ്പച്ചൻ, നിയോജകമണ്ഡലം കൺവീനർ പി.പി.ആലി, ഡി.സി.സി സെക്രട്ടറി ബിനു തോമസ് എന്നിവർ കൂടെ ഉണ്ടായിരുന്നു.






