ആലപ്പുഴ - ന്യൂനപക്ഷ വിരോധം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന്റെ നിലപാട് വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനിത് ഇടയാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആലപ്പുഴ ജില്ലയിലെ ഇടതുസ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഏറ്റവും ആപത്കരമായ സംഘ്പരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളെ ഭയാശങ്കയില്ലാതെ നേരിടാനും ന്യൂനപക്ഷങ്ങൾക്ക് എല്ലാ വിധ അന്തസ്സോടെയും ജീവിക്കുന്നതിന് അവസരമൊരുക്കാനും ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ മുതലെടുക്കാനാണ് ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐ പോലുള്ള സംഘടനകളും ശ്രമിക്കുന്നത്. ഇത്തരക്കാരുടെ ശ്രമങ്ങൾ ഭൂരിപക്ഷ വർഗീയതക്ക് വളമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. മതരാഷ്ട്ര വാദം ന്യൂനപക്ഷത്തിന്റെ പേരിലായാലും ഭൂരിപക്ഷത്തിന്റെ പേരിലായാലും നാടിനാപത്താണ്. മത വിശ്വാസവും മത രാഷ്ട്രവാദവും രണ്ടാണ്. മത വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതോടൊപ്പം മതത്തിൽ വിശ്വാസമില്ലാത്തവരുടെ അവകാശങ്ങളും സംരക്ഷിക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. യു.ഡി.എഫ് ഒറ്റപ്പെടാനിടയാക്കിയത് വർഗീയ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞുമുണ്ടാക്കിയ കൂട്ട്കെട്ട് കാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷതയെ തള്ളി, വർഗീയതയെ താലോലിക്കുന്നതിലും സ്ത്രീകളെ അവഗണിക്കുന്നതിലും ശക്തമായ വികാരം കോൺഗ്രസിനുള്ളിൽ തന്നെയുണ്ട്. കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് സ്ത്രീകൾ ആ പാർട്ടി വിട്ടുപോരുന്ന സാഹചര്യമാണുള്ളത്. ആത്മാഭിമാനമുള്ളവർക്ക് അവിടെ നിലനിൽക്കാൻ കഴിയാതെയായി.
മുതിർന്ന നേതാവ് കെ.സി. റോസക്കുട്ടിയാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷും തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും രാജിവെക്കുകയും ചെയ്തു. എന്നാൽ കേരളത്തെ സ്ത്രീ സൗഹൃദമാക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. സ്ത്രീസമൂഹത്തിൽ നിന്ന് വലിയപിന്തുണയാണ് എൽ.ഡി.എഫ് സർക്കാരിനുള്ളത്.
കുടുംബശ്രീ വഴി കൂടുതൽ വായ്പകൾ അനുവദിച്ച് സ്മാർട് കിച്ചൻ പദ്ധതി നടപ്പാക്കുന്നു. അടുക്കള ഉപകരണങ്ങൾ ലഭ്യമാക്കാൻ 20,000 കോടിരൂപ കുടുംബശ്രീക്ക് അനുവദിക്കും. അതിലൂടെ സ്ത്രീകൾക്ക് വീടിനകത്തുള്ള അധ്വാനഭാരം ലഘൂകരിക്കുകയാണ് ലക്ഷ്യം. എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈ എല്ലാ പ്രദേശങ്ങളിലും വരുന്നുവെന്നത് യു.ഡി.എഫിനും ബി.ജെ.പിക്കും വലിയതോതിൽ അസ്വസ്തതയുണ്ടാക്കുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായേക്കാമെന്നും അവയെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നാദാപുരത്തെ ബലാത്സംഗ കഥയും ചാപ്പകുത്തലും മുടിമുറിക്കൽ നാടകങ്ങളുമെല്ലാം നമുക്ക് മുന്നിലുണ്ട്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടയാണ് കെവിൻ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയത് ഡിവൈ.എഫ്.ഐകാരാണെന്ന് പ്രചരിപ്പിത്.
എന്തും കാട്ടിക്കൂട്ടാൻ മടിയില്ലാത്തവരാണവർ. അതിനാൽ ജാഗ്രത പാലിക്കണം. പുറത്തുവന്ന ഇരട്ടവോട്ടിന്റെ കാര്യത്തിൽ വ്യക്തമായത് അവർ കോൺഗ്രസുകാരിയാണെന്നും അവരുടെ പേര് വോട്ടർ പട്ടികയിൽ ചേർത്തത് കോൺഗ്രസുകാരാണെന്നുമാണ്. മറ്റ് രാഷ്ട്രീയ പാർട്ടികളെ കുറിച്ച് ഇതുവരെ അത്തരം ആരോപണം വന്നിട്ടില്ല. മറ്റ് കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൻ.എസ്.എസിന് സർക്കാരിനെ വിമർശിക്കത്തക്ക ഒന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഇടതുമുന്നണി നേതാക്കളായിരുന്നവർ എൻ.ഡി.എ സ്ഥാനാർഥികളായതിനെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇപ്രകാരമായിരുന്നു. ഇടത്പക്ഷത്തിന് ചേരാത്ത നടപടികൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത്തരക്കാരെ പുറത്താക്കും. പിന്നീട് അവർക്ക് പറ്റിയത് നോക്കി പോകും. കോൺഗ്രസിൽ നിന്ന് പോകുന്നത് മറച്ചുവെക്കാനാണ് ഇടതുപക്ഷത്ത്‌നിന്ന് പോകുന്നുവെന്ന പ്രചാരണം നടത്തുന്നത്. കേരളത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ എൽ.ഡി.എഫ് മാത്രമാണുള്ളത്. മൂന്നിടത്ത് ബി.ജെ.പി സ്ഥാനാർഥികളുടെ പത്രിക തള്ളിപ്പോകാനിടയായത് കൃത്യമായ അജണ്ടയോടെയാണ്. യു.ഡി.എഫിന് വേണ്ടിയുള്ള ഒരു കളിയായിരുന്നില്ലെ ഇതെന്ന് സംശയിച്ചാൽ തെറ്റാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.






