കാസർകോട്- വടക്കൻ ജില്ലയിലെ മണ്ഡലങ്ങളിൽ പിടിച്ചടക്കുകയെന്ന ഹിഡൻ അജണ്ട ഉണ്ടായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇന്നലത്തെ കാസർകോട്ടെ പ്രചാരണ ഓട്ടത്തിന്. മാവേലി എക്‌സ്പ്രസിൽ രാവിലെ കാസർകോട് ഇറങ്ങിയ ചെന്നിത്തല ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിനൊപ്പം നേരെ ഗസ്റ്റ് ഹൗസിലെ മുറിയിലേക്ക്. പ്രചാരണ തിരക്കിൽ മറന്നുപോകുന്ന പതിവ് വ്യായാമത്തിന് അൽപം സമയം കിട്ടിയതിന്റെ സന്തോഷമുണ്ടായി യു.ഡി.എഫ് നായകന്. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ കാഞ്ഞങ്ങാട് യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി സുരേഷ് നേതാവിനെ കാണാനെത്തി.
ശ്രീജിത്ത് മാടക്കലും കൂടെയുണ്ടായി. വിജയ പ്രതീക്ഷകൾ ചെന്നിത്തലയുമായി പങ്കുവെച്ചു സുരേഷ് പ്രചാരണ തിരക്കിലേക്ക് മടങ്ങി. ഈ സമയം കാസർകോട് സ്ഥാനാർത്ഥി എൻ.എ നെല്ലിക്കുന്നിനെ മൂന്നാമതും നിർത്തിയതിൽ പ്രതിഷേധിച്ചു രാജിവെച്ച ഡി.സി.സി ജനറൽ സെക്രട്ടറി കരുൺ താപ്പ കാണാനെത്തി. ഹക്കീം കുന്നിലിന്റെ സാന്നിധ്യത്തിൽ 20 മിനുട്ട് ചർച്ച. അവിടെ വെച്ച് എൻ.എ നെല്ലിക്കുന്നിനെ വിളിച്ചു സംസാരിച്ചു. ചെന്നിത്തല പറഞ്ഞു നെല്ലിക്കുന്ന് സമ്മതിച്ചു. മണ്ഡലം യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് തുടരണമെന്ന് കരുൺ താപ്പയോട് നിർദ്ദേശിച്ചു. ഒരുമിച്ചു പോകാമെന്നു എൻ.എയും ഉറപ്പ് നൽകി. അപ്പോഴേക്കും കാറഡുക്ക ബ്ലോക്ക് ഭാരവാഹികൾ ഡി.സി.സി ജനറൽ സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാരുടെ ഒപ്പം ചെന്നിത്തലയെ കാണാൻ എത്തി. അവരെ പറഞ്ഞുവിട്ട ശേഷം കൃത്യം എട്ടരയ്ക്ക് തന്നെ കാസർകോട് പ്രസ്‌ക്ലബിന്റെ പഞ്ചസഭ പരിപാടിക്ക് കയറി. എം.പി രാജ്മോഹൻ ഉണ്ണിത്താനും മുൻമന്ത്രി സി.ടി അഹമ്മദലിയും എൻ.എ നെല്ലിക്കുന്നും ഒപ്പം ചേർന്നു.
പ്രസ് ക്ലബിൽ മാധ്യമ പട തന്നെ ചെന്നിത്തലയെ കാത്തു നിൽപ്പുണ്ടായിരുന്നു. പഞ്ചസഭയെ പുകഴ്ത്തി തുടങ്ങിയ പ്രതിപക്ഷ നേതാവ് കാസർകോട്ടും മാർക്‌സിസ്റ്റ് പാർട്ടി കിഫ്ബി മാധ്യമ അജണ്ടയെ വിടാതെ പിടികൂടി. കടുത്ത ഭാഷയിൽ മാധ്യമങ്ങളെ ആക്രമിച്ചു. തന്നെ വ്യക്തിപരമായി ആക്ഷേപിച്ചതിലുള്ള അസഹിഷ്ണുത അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു. 'ജനാധിപത്യ വോട്ടും' കുമാരി വോട്ടും വിമർശന വിധേയമായി. എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിൽ പിടിച്ചു സിപിഎം-ബിജെപി ഡീലിനെ തുറന്നുകാണിച്ചു ലീഡർ ഇറങ്ങി. കാറിൽ കയറുന്നതിനു മുമ്പ് എല്ലാവരുമായി സൗഹൃദം പുതുക്കി. ഇടയ്ക്ക് ഒരു മൂലയിലേക്ക് വിളിച്ചു ധന്യ സുരേഷും ഗീത കൃഷ്ണനും നേതാവിനോട് വെളിപ്പെടുത്താത്ത രഹസ്യം പറഞ്ഞു.
പിന്നെ ഓട്ട പ്രദക്ഷിണം ആയിരുന്നു. കിലോമീറ്ററുകൾ അകലെയുള്ള പൈവളിഗെയിലേക്ക്. സാമാന്യം നല്ല ജനക്കൂട്ടം. ഉചിതമായ വരവേൽപ്പ്. അതിർത്തിയിലെ ജനങ്ങളോട് കൃത്യമായ പ്രസംഗം. സ്ഥാനാർത്ഥി എ.കെ.എം അഷ്‌റഫും നേതാക്കളും നേതാവിന്റെ വരവ് കാത്തു നിൽക്കുകയായിരുന്നു. അടുത്ത ഓട്ടം 11.30 ഓടെ നെല്ലിക്കുന്നിൽ ആയിരുന്നു. എൻ.എ നെല്ലിക്കുന്നിന്റെ വീട്ടിനടുത്ത പന്തലിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കുടുംബസംഗമം. കരുൺ താപ്പയും പി.എ അഷ്‌റഫലിയും യു.എസ് ബാലനും ടി.ഇ അബ്ദുല്ലയും എ.അബ്ദുറഹ്മാനും മുനീർ ഹാജിയും കെ.എം ബഷീറും അടക്കമുള്ള യു.ഡി.എഫ് നേതാക്കൾക്ക് ഇടയിലേക്ക് ചെന്നിത്തലയും എം.പിയും എത്തിയത് ആവേശം പകർന്നു.
'നരേന്ദ്ര മോഡി ആകാശം വിൽക്കുന്നു, പിണറായി വിജയൻ കടൽ വിൽക്കുന്നു.. 'ചെന്നിത്തല പ്രസംഗം തുടങ്ങിയത് തീരദേശത്തെ പ്രവർത്തകരെ ആവേശം കൊള്ളിച്ചു. അമേരിക്കൻ കമ്പനിയെ കുറിച്ചു പറഞ്ഞപ്പോൾ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ എന്നെ വട്ടൻ എന്ന് വിളിച്ചു. യഥാർത്ഥ വട്ടുള്ളവർ അല്ലേ മറ്റുള്ളവരെ ഭ്രാന്തൻ എന്ന് വിളിക്കുക.. ചെന്നിത്തലയുടെ പ്രസംഗം ആളുകൾക്ക് നന്നായി രസിച്ചു. ഉദുമ മണ്ഡലത്തിൽ മേൽപറമ്പിൽ ജില്ലാ ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജിയുടെ വീട്ടുവളപ്പിൽ ആണ് പന്തൽ ഒരുക്കിയത്. സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയും പ്രവർത്തകരും നേതാവിന്റെ സമ്മേളനത്തിൽ സജീവമായി. നിങ്ങൾക്ക് ഏറ്റവും നല്ല സ്ഥാനാർത്ഥിയാണ് ബാലകൃഷ്ണൻ പെരിയ. നല്ല ഭൂരിപക്ഷം നൽകി വിജയിപ്പിച്ചോളണം. ആൾക്കൂട്ടം കണ്ട് ആവേശം കയറിയ ചെന്നിത്തല വിളിച്ചു പറഞ്ഞു.
ചുരുക്കം വാക്കുകളിൽ അദ്ദേഹം കുറിക്ക് കൊള്ളുന്ന വിധം ആഞ്ഞടിച്ചാണ് ചെന്നിത്തലയുടെ പ്രസംഗം. ആളുകൾ ഹർഷാരവം മുഴക്കിയാണ് നേതാവിനെ യാത്രയാക്കുന്നത്. കാഞ്ഞങ്ങാട് മണ്ഡലത്തിലും ചെറുവത്തൂരിലും ചെന്നിത്തല യു.ഡി.എഫ് യോഗങ്ങളിൽ പങ്കെടുത്തു 'യു.ഡി.എഫ് തിരിച്ചുവരും, കേരളം അനുകൂലം' എന്ന ഒറ്റവാക്കിൽ വലിയ പ്രതീക്ഷകൾ വോട്ടർമാരുമായി പങ്കുവെച്ചു.






