ലോക്‌സഭാ വിജയം ആവർത്തിക്കാൻ രാഹുൽ ഗാന്ധിയെ സാധ്യതയാക്കി യു.ഡി.എഫ് 


കോഴിക്കോട് - ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാൻ ആ പ്രചാരണ ചേരുവകളൊരുക്കി യു.ഡി.എഫ്. ശബരിമലയും രാഹുലിന്റെ സാന്നിധ്യവുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ വിജയം നേടിക്കൊടുത്തതെന്ന വിലയിരുത്തലിനെ തുടർന്നാണ് അത് പ്രചാരണ രംഗത്ത് പുനഃസ്ഥാപിക്കാൻ യു.ഡി.എഫ്. ഒരുങ്ങുന്നത്. 
ശബരിമലയിലെ യുവതീ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കാനും അതിനെ രണ്ടാം നവോഥാനമാക്കി ഉയർത്തിക്കൊണ്ടുവരാനും പിണറായി വിജയൻ ശ്രമിച്ചപ്പോൾ യു.ഡി.എഫും ബി.ജെ.പി.യും വിധി നടപ്പാക്കുന്നതിനെ എതിർക്കുകയായിരുന്നു. ശബരിമല തെരഞ്ഞെടുപ്പ് വിഷയമായാൽ അത് ബി.ജെ.പി.ക്കും സി.പി.എമ്മിനും ഗുണം ചെയ്യുമെന്നും യു.ഡി.എഫ് അപ്രസക്തമാകുമെന്നുമായിരുന്നു കണക്കു കൂട്ടൽ. ഇനി സി.പി.എമ്മും ബി.ജെ.പി.യുമേ കേരളത്തിലുണ്ടാകൂ എന്ന് പിണറായി വിജയനും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയും അന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇടതിന് ശബരിമല വലിയ തിരിച്ചടിയായപ്പോൾ ബി.ജെ.പി.ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല.


കേരളത്തിൽ രാഹുൽ സ്ഥാനാർഥിയാകുന്നതിനെ തടയാൻ സി.പി.എം നേതൃത്വം പരമാവധി പരിശ്രമിച്ചിരുന്നതാണ്. ദേശീയ തലത്തിൽ മോഡി വിരുദ്ധ പോരാട്ടത്തിന്റെ മുൻ നിരയിലുള്ള രാഹുൽ ഗാന്ധിയെ കേരളത്തിന് പുറത്ത് സി.പി.എം പിന്തുണക്കുകയും ചെയ്യുന്നതിനാൽ അത് എൽ.ഡി.എഫിന് ദോഷം ചെയ്യുമെന്ന് ഇടതുപക്ഷം മനസ്സിലാക്കിയതുമാണ്. പ്രധാനമന്ത്രി പദത്തിൽ നോട്ടമുള്ള മായാവതിയുടെ കൂടി ഭീഷണി യു.പിയിൽ ഉള്ളതിനാൽ രാഹുലിന് സുരക്ഷിത മണ്ഡലം വയനാട് എന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. 


ഒരു തരംഗത്തിലും ഉലയില്ലെന്ന് കരുതിയ പാലക്കാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വരെ ഇടതുമുന്നണി സ്ഥാനാർഥികൾ തോൽവി ഏറ്റുവാങ്ങിയതിന്റെ കാരണങ്ങളായി സി.പി.എം വിലയിരുത്തിയതും ശബരിമലയും രാഹുലും ആണ്. ശബരിമലയിലെ പാർട്ടി നിലപാട് ജനത്തെ ബോധ്യപ്പെടുത്താൻ പ്രചാരണവുമായി സി.പി.എം തെരഞ്ഞെടുപ്പിന് ശേഷം ഇറങ്ങി. 
നിയസഭാ തെരഞ്ഞെടുപ്പിലേക്ക് ഉമ്മൻചാണ്ടിയാണ് ശബരിമല വിഷയം വീണ്ടും ഇറക്കിയത്. യു.ഡി.എഫ് സർക്കാർ സുപ്രീംകോടതിയിൽ സമർപിച്ച സത്യവാങ്മൂലം പിൻവലിച്ച് പുതിയത് നൽകിയതാണ് വിധിക്ക് കാരണമെന്നും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ സത്യവാങ്മൂലം വീണ്ടും തിരുത്തുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കുകയായിരുന്നു. ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം പാസാക്കുമെന്ന് യു.ഡി.എഫ് പ്രകടന പത്രികയിലും പറയുന്നു. ശബരിമല വെച്ചു വോട്ട് നേടാമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുമുള്ളത്. മണ്ഡലക്കാലത്ത് ആരാണ് ഒപ്പമുണ്ടായത് എന്ന തലക്കെട്ടോടെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രചാരണ ബോർഡുകൾ വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ യു.ഡി.എഫിനെ പിന്തുണച്ച് എൻ.എസ്.എസ്. രംഗത്തുവന്നത് യു.ഡി.എഫിന് നേട്ടമുണ്ടാക്കും. 


ശബരിമലക്കാര്യത്തിൽ നേരത്തെ തന്നെ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച ആളായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചത് ചർച്ചയായിരിക്കുകയാണ്. കടകംപള്ളിയുടെ പ്രസ്താവനയിൽ മൗനം പാലിച്ച മുഖ്യമന്ത്രി ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തെ തള്ളിപ്പറഞ്ഞത് ആശയക്കുഴപ്പത്തിന്റെ ഭാഗമാണ്. ശബരിമലക്കാര്യത്തിൽ നയം മാറ്റം ഇല്ലെന്ന് സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയതോടെയാണ് മുഖ്യമന്ത്രി കടകംപള്ളിയെ തള്ളിയത്. രാഹുൽ മാത്രമല്ല സോണിയയും പ്രിയങ്കയും പ്രചാരണത്തിന് എത്തുന്നുണ്ട്. സി.പി.എമ്മിനാണെങ്കിൽ താര പ്രചാരകരില്ല. ബി.ജെ.പിക്ക് വേണ്ടി അമിത്ഷായും നരേന്ദ്രമോഡിയും കേന്ദ്രമന്ത്രിമാരും സിനിമാ താരങ്ങളും എത്തും. ഇവരെല്ലാം എത്തുന്നതോടെ വാർത്തകളിൽ നിന്ന് ഇടതുപക്ഷം പുറത്താകും. ഇടതുമുന്നണിയുടെ ഏക താരം പിണറായി വിജയനാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ വി.എസ്. ജനത്തെ ആകർഷിക്കുന്ന പ്രചാരകനായിരുന്നു. ഈ പോരായ്മയെ സംഘടനാ സംവിധാന മികവ് കൊണ്ട് മറി കടക്കാനാകുമെന്നാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ. 


 

Latest News