റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും അവരുടെ ആശ്രിതരുടെയും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്ന് കൗൺസിൽ ഓഫ് കോഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സി.സി.എച്ച്.ഐ). രാജ്യത്തെ അംഗീകൃത ഇൻഷുറൻസ് കമ്പനിയിൽ ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്ന ഏറ്റവും കുറഞ്ഞ പോളിസി എടുത്താലും മതിയാകുമെന്ന് സി.സി.എച്ച്.ഐ ജനറൽ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
തൊഴിലാളികളുടെ ആശ്രിതരിൽ ഏതാനും പേർക്ക് മാത്രമായി ഇൻഷുറൻസ് പോളിസി എടുത്താൽ മതിയാകില്ല. മറിച്ച്, ഭാര്യമാർ, 25 വയസ്സിന് താഴെയുള്ള ആൺകുട്ടികൾ, ജോലി ചെയ്യാത്തവരോ വിവാഹിതരോ അല്ലാത്ത പെൺമക്കൾ എന്നിവർക്കെല്ലാം പോളിസി എടുക്കൽ നിർബന്ധമാണ്. പ്രൊബേഷൻ പിരിയഡിലുള്ള തൊഴിലാളികൾക്കും ജോലിയിൽ പ്രവേശിച്ചത് മുതൽ ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്. എന്നാൽ തൊഴിലാളി ജോലി മാറിയാൽ ഇൻഷുറൻസ് എടുക്കേണ്ട ചുമതല ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ച തീയതി മുതൽ പുതിയ സ്‌പോൺസറുടെ ഉത്തരവാദിത്തമായിരിക്കും. അതേസമയം, ഭാര്യയും ഭർത്താവും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ മക്കളുടെ ഇൻഷുറൻസ് പോളിസി എടുക്കേണ്ടത് ഭർത്താവിന്റെ തൊഴിൽ ദാതാവിന്റെ ചുമതലയാണ്.
ഇൻഷുറൻസ് നിയമപ്രകാരം ആശ്രിതരിൽ ഒരാളുടെ പോലും ഇൻഷുറൻസ് എടുക്കാൻ തൊഴിലാളിയുടെ മേൽ സാമ്പത്തിക ബാധ്യത ഉണ്ടാകാൻ പാടില്ലെന്നും സി.സി.എച്ച്.ഐ പ്രസ്താവന ഓർമിപ്പിക്കുന്നു. സൗദിയിൽ താമസിക്കുന്ന മുഴുവൻ പേർക്കും പൂർണമായ ആരോഗ്യ പരിഗണനയും സംരക്ഷണവും ഉറപ്പാക്കുക എന്നതാണ് കൗൺസിൽ ഓഫ് കോഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് മുഖ്യമായും ലക്ഷ്യമിടുന്നതെന്ന് സി.സി.എച്ച്.ഐ ഔദ്യോഗിക വക്താവ് ഉസ്മാൻ അൽഖസബി വ്യക്തമാക്കി. 2020-2024 കാലയളവിൽ കൗൺസിൽ ഇതിനായി പ്രത്യേകം പദ്ധതി ആവിഷ്‌കരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഷുറൻസ് നിയമാവലിക്ക് വിരുദ്ധമായി ഇൻഷുറൻസ് എടുക്കാൻ തൊഴിലാളിയെ നിഷ്‌കർഷിച്ചതായി തെളിഞ്ഞാൽ പോളിസി കാലയളവിൽ ചികിത്സക്കായി വന്ന ചെലവ് തൊഴിലുടമ വഹിക്കേണ്ടിവരുമെന്ന് സി.സി.എച്ച്.ഐ മുന്നറിയിപ്പ് നൽകി. നിയമ ലംഘനം സംബന്ധിച്ച് ഉപയോക്താക്കൾക്ക് നേരിട്ടും സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വഴിയും വെബ്‌സൈറ്റിലൂടെയും സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയും പരാതികളും നിർദേശങ്ങളും സമർപ്പിക്കാമെന്ന് കോഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ വ്യക്തമാക്കി.






