Sorry, you need to enable JavaScript to visit this website.

വനിത എംപിയുടെ  ഓഫീസിലും അനാശാസ്യം;  നാണക്കേടെന്ന്  ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മെല്‍ബണ്‍- വിവാദങ്ങളുടെ കൊടുമുടിയിലെത്തിയ ലൈംഗിക വിവാദങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. പാര്‍ലമെന്റിലും പുറത്തുമായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പരസ്യമായി നിലപാട് സ്വീകരിച്ചത്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ രൂക്ഷമാണ്. ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരയായ കുട്ടികളോട് രാജ്യത്തിന്റെ പേരില്‍ 2018ല്‍ മോറിസണ്‍ മാപ്പ് പറഞ്ഞിരുന്നു. 2019 മാര്‍ച്ചില്‍ പാര്‍ലമെന്റിലെ ഓഫീസ് മുറിയില്‍ ഒരു യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അദ്ദേഹം വീണ്ടും ക്ഷമ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ അന്തസ് നശിപ്പിക്കുന്ന തുടര്‍ച്ചയായ സംഭവങ്ങളില്‍ പ്രധാനമന്ത്രി അതൃപ്തി പരസ്യമാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പാര്‍ലമെന്റ് മന്ദിരത്തിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തികള്‍ക്കെതിരെയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ചൊവ്വാഴ്ച അതൃപ്തി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകും. പ്രശ്‌നങ്ങളും ആരോപണങ്ങളും ഞാന്‍ മനസിലാക്കുന്നില്ലെന്ന് സ്ത്രീകള്‍ അടക്കമുള്ള നിരവധി ഓസ്‌ട്രേലിയക്കാര്‍ വിശ്വസിക്കുന്നുണ്ട്. ഇത് എന്നെ വളരെയധികം വിഷമിപ്പിക്കുന്ന കാര്യമാണെന്നും കാന്‍ബെറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ മോറിസണ്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അതിക്രമങ്ങള്‍ വര്‍ധിക്കുന്നത്.
സ്ത്രീകളോടുള്ള പാര്‍ലമെന്റ് മന്ദിരത്തിലെ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ ദൃശ്യങ്ങള്‍ സഹിതം വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ലൈംഗിക പ്രവര്‍ത്തികള്‍ നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിലെ പ്രാര്‍ഥന മുറിയിലടക്കം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആണ്‍കുട്ടികളടക്കമുള്ളവരെ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നുണ്ട്. ഓഫീസുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയിലെ വനിത എംപിയുടെ ഓഫീസ് മുറിയും വിവാദത്തിലാണ്. ആരോപണം ശക്തമായതോടെ ഒരു ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വനിത എം പിയുടെ മുറിയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി അദ്ദേഹം പറഞ്ഞതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തിന്റെ മുകള്‍ നിലയിലുള്ള ഒരു ചെറിയ പ്രാര്‍ഥന മുറി എംപിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലൈംഗിക ബന്ധങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആണ്‍കുട്ടികളെ പോലും ഇവിടെ എത്തിക്കാറുണ്ട്. പണം നല്‍കി കൊണ്ടുവരുന്ന ആണ്‍കുട്ടികളെയാണ് എംപിമാര്‍ ചൂഷണം ചെയ്യുന്നതെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 


 

Latest News