Sorry, you need to enable JavaScript to visit this website.

ഉഷ്ണം മറക്കാം, കേരളം കാണാം 

വയനാടിന്റെ ഭംഗി 
ഗവി 
കെടികുത്തിമല 
മൂന്നാർ 
നെല്ലിയാമ്പതി 

കോവിഡ് കാലത്ത് വീട്ടിലടച്ച് കഴിഞ്ഞിരുന്നവരിൽ പലരും ഇപ്പോൾ പികിനിക് മൂഡിലാണ്. എന്നുവെച്ച് ആഗ്ര, ഹൈദരാബാദ്, ഗോവ, കശ്മീർ, ഷിംല, ദൽഹി യാത്രകളൊന്നും പ്ലാൻ ചെയ്യാൻ പറ്റിയ സമയമല്ല. പല സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ മാറിയിട്ടില്ല. കേരളത്തിനകത്ത് ഒരു ദിവസം കൊണ്ടുപോയി വരാവുന്ന സ്ഥലങ്ങളിലേക്കാണ് ഫാമിലി ഗ്രൂപ്പുകളുടെ ഫസ്റ്റ് ചോയ്‌സ്. അത്യുഷ്ണത്തിൽ നിന്ന് മോചനം തേടിയാണ് ഈ യാത്രകൾ. 
 കേരളത്തിലെ ഏറ്റവും തണുപ്പുള്ള ഇടങ്ങളിലൂടെ ഈ വേനൽക്കാലത്ത് നടത്തുവാൻ പറ്റുന്ന അടിപൊളി യാത്രകളാണ് എല്ലാ സംഘങ്ങളും ആലോചിക്കുന്നത്. കേരളത്തിൽ തണുപ്പ് എന്ന വാക്കിനൊപ്പം തന്നെ പറയേണ്ട ഇടം മൂന്നാറാണ്. നാടെല്ലാം ചൂടിൽ വെട്ടിവിയർക്കുമ്പോൾ ഇതൊന്നും അറിയാതെ മഞ്ഞ് പെയ്യുന്ന മൂന്നാറിലേക്ക്. വേനലിനെ തണുപ്പിക്കുവാനായി യാത്രകളെ കൂട്ടുപിടിക്കുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് മൂന്നാർ. അതുകൊണ്ടു തന്നെ കേരളത്തിൽ ഏറ്റവും തിരക്കുള്ള സമ്മർ ഡെസ്റ്റിനേഷനും മൂന്നാർ തന്നെയാണ്. ഇവിടെ എത്തിയാൽ മിക്കപ്പോഴും ആളുകൾക്ക് റിസോർട്ടുകളിൽ താമസിക്കുന്നതിനാണ്  താൽപര്യം. 


 മൂന്നാർ കഴിഞ്ഞാൽ പിന്നെ അടുത്ത സ്ഥലം  വയനാടാണ്. കേരളത്തിൽ ഏറ്റവും അധികം വിനോദ സഞ്ചാരികൾ തേടിയെത്തുന്ന ഇടങ്ങളിലൊന്ന്. വയനാട്ടിൽ തന്നെ ഇഷ്ടം പോലെ സ്ഥലങ്ങൾ പോകുവാനുണ്ട്. എത്ര കടുത്ത വേനലിലും ചൂടാകാതെ പിടിച്ചുനിൽക്കുന്ന ഇടങ്ങൾ. നഗരവൽക്കരിക്കപ്പെട്ട വയനാട്ടിൽ നിന്നും മാറി ഇവിടുത്തെ ഗ്രാമങ്ങളിലേക്കും അവിടുത്തെ ഹോം സ്‌റ്റേകളിലേക്കും ശ്രദ്ധ കൊടുത്താൽ കുറച്ചുകൂടി വ്യത്യസ്തമായ രീതിയിൽ വയനാട്ടിലെ ദിവസങ്ങൾ ആഘോഷിക്കാം. 
കണ്ണൂരിൽ സഞ്ചാരികൾ അധികമൊന്നും തെരഞ്ഞെടുക്കാത്ത ഇടമാണ് ജോസ്ഗിരി. കണ്ണൂരിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഇടമായതിനാൽ വർഷത്തിലെപ്പോൾ എത്തിയാലും തണുപ്പിവിടെ ഉറപ്പാണ്. കോടമഞ്ഞിൽ പുതച്ചു കിടക്കുന്നതിനാൽ മാർച്ചിലെത്തിയാലും ഇനി കനത്ത മഴ പെയ്യുന്ന ജൂലൈയിൽ വന്നാലും ജാക്കറ്റെടുക്കുവാൻ മറക്കരുത്. വഴിയൊക്കെ അൽപം മോശമായതിനാൽ ഒരു ഓഫ് റോഡ് ട്രിപ്പ് തന്നെ മനസ്സിലിട്ടു വേണം വരാൻ. പയ്യന്നൂരിൽ നിന്നും 50 കിലോമീറ്ററും കണ്ണൂരിൽ നിന്നും 66 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. 


കോഴിക്കോട്ടെ പ്രധാന കുടിയേറ്റ മലയോര പ്രദേശങ്ങളിലൊന്നാണ് തിരുവമ്പാടി. ഇരുവഞ്ഞിപ്പുഴയൊഴുകുന്ന ഈ പ്രദേശം കാര്യമായി ചൂട് ബാധിക്കാത്ത ഇടം കൂടിയാണ്. പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന ഇവിടെ ധാരാളം കൃഷിഭൂമികളും കാടുമുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധ ട്രക്കിംഗായ വെള്ളരിമല ട്രക്കിംഗ് തിരുവമ്പാടിയോട് ചേർന്നാണ് കിടക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1500 അടി വരെ ഉയരമുള്ള പ്രദേശങ്ങൾ ഇവിടെയുണ്ട്. ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും തിരുവമ്പാടിയുടെ പ്രത്യേകതയാണ്. 
 വേനലെത്ര കടുത്താലും മലപ്പുറത്തുകാരെ അത് ബാധിക്കാറില്ല. മിനി ഊട്ടിയാണല്ലോ തൊട്ടടുത്തുള്ളത്. കൊടികുത്തി മലയുള്ളിടത്തോളം കാലം മലപ്പുറം നിവാസികൾ കനത്ത ചൂടിൽ നാടുവിട്ടൊരു യാത്ര ആലോചിക്കുക പോലുമില്ല. പെരിന്തൽമണ്ണയിൽ നിന്നും 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കൊടികുത്തിമല സമുദ്ര നിരപ്പിൽ നിന്നും 522 മീറ്റർ ഉയരത്തിലാണുള്ളത്. നിമിഷനേരം കൊണ്ട് മാറിമറിയുന്ന കാലാവസ്ഥയും ആളുയരത്തിൽ വളർന്നു പൊങ്ങിയിരിക്കുന്ന പുല്ലും ഒക്കെ പ്രതീക്ഷിച്ചു വേണം ഇവിടെ എത്തുവാൻ. ഇവിടെ മലയുടെ മുകളിൽ നിന്നുള്ള കാഴ്ചയാണ് ഏറ്റവും വലിയ ആകർഷണം. 


ഗവി തണുപ്പു വേണമെങ്കിൽ കാട്ടിനുള്ളിലേക്ക് പോകണമെന്നാണല്ലോ. അങ്ങനെയാണെങ്കിൽ അതിനു പറ്റിയ ഒരിടമുണ്ട്. ഗവി. പത്തനംതിട്ടയിൽ സഞ്ചാരികൾ ഏറ്റവമുമധികം തേടിയെത്തുന്ന ഇടങ്ങളിലൊന്നാണ് ഗവി. ഓർഡിനറി എന്ന മലയാള സിനിമ സഞ്ചാരികൾക്കു നൽകിയ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ഗവിയെന്ന ഇടം. ഗവിയിലെ കാഴ്ചകളേക്കാൾ ഇവിടേക്ക് കാട്ടിലൂടെയുള്ള ഓഫ് റോഡ് യാത്രയാണ് പ്രധാനം. തിരുവനന്തപുരത്ത് ആസ്വദിക്കുവാൻ പറ്റിയ കാഴ്ചകൾ ഒരുപാടുണ്ടെങ്കിലും വേനലിൽ തണുപ്പ് തേടിയെത്തുവാൻ പറ്റിയ ഇടങ്ങൾ വളരെ കുറവാണ്. അതിലൊന്നാണ് പാലോട്. ഒരു കാലത്ത് നട്ടുച്ചയ്ക്ക് പോലും വെയിൽ കടന്നുവരാത്ത ഇടമായാണ് പഴമക്കാർ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. രണ്ട് നദികളുടെ ഇടയിലായാണ് പാലോട് സ്ഥിതി ചെയ്യുന്നത്. ഒരു വശത്തു കൂടി വാമനപുരം ആറും മറുവശത്തുകൂടി ചിറ്റാറും ഒഴുകുന്നു. അങ്ങനെ രണ്ട് നദികൾക്കിടയിലായാണ് പാലോട് കിടക്കുന്നത്. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് പാലക്കാട് ജില്ലയിലെ നെല്ലിയാംപതി. പ്രകൃതിയുടെ നിറഞ്ഞു നിൽക്കുന്ന കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള യാത്രയാണ് നെല്ലിയാംപതിയുടെ പ്രത്യേകത. മഞ്ഞിൽ പുതച്ചു കിടക്കുന്ന കാഴ്ചകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. തേയിലത്തോട്ടങ്ങളാണ് ഇവിടെ കാണാനുള്ളത്. കൂടാതെ അണക്കെട്ടുകൾ, എസ്‌റ്റേറ്റുകൾ, ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവയും ഇവിടെ കാണാം. നിത്യഹരിത വനമേഖല കൂടിയാണ് ഇവിടം.


കോടമഞ്ഞിലൂടെ ഏതു കടുത്ത വേനലിലും യാത്ര ചെയ്യുവാൻ പറ്റിയിരുന്നുവെങ്കിൽ എന്നാലോചിച്ചിട്ടില്ലേ? എങ്കിൽ അതിനു പറ്റിയ ഇടമാണ് മലക്കപ്പാറ. ചാലക്കുടിയിൽ നിന്നും തുടങ്ങി അതിരപ്പിള്ളി കാഴ്ചകൾ കണ്ട് വാൽപാറയിലേക്ക് പോകുന്ന വഴിയുള്ള ഇടമാണ് മലക്കപ്പാറ. കാടിന്റെ കാഴ്ചകൾ തന്നെയാണ് ഇവിടുത്തെയും പ്രത്യേകത. അണക്കെട്ട്, വെള്ളച്ചാട്ടം, തേയിലത്തോട്ടങ്ങൾ തുടങ്ങിയവ ഈ യാത്രയിൽ കാണാം. 


സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലാണെങ്കിലും കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലെല്ലാം പുത്തനുണർവ് കൈവന്നിരിക്കുകയാണ്. കോഴിക്കോട്ടെ കുടുംബ ഗ്രൂപ്പുകൾ നിത്യേന ഏകദിന യാത്രക്ക് പോകുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. രണ്ടാഴ്ച കഴിഞ്ഞാൽ പുണ്യമാസം വന്നണയുകയായി. അപ്പോൾ ടൂറൊന്നും നടക്കില്ല. അത് കഴിഞ്ഞാൽ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന്റെ തിരക്കുമാവും. 

Latest News