പ്രകടന പത്രികകളുടെ രാഷ്ട്രീയം

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ടു പ്രധാന മുന്നണികളും തങ്ങളുടെ പ്രകടന പത്രികകൾ പുറത്തിറക്കിയിരിക്കുന്നു. ഗുണാത്മകമായ പല നിർദേശങ്ങളും ഈ പ്രകടന പത്രികകളിലുണ്ട്. എന്നാൽ അവയിലെ നിഷേധാത്മകമായ ചില വിഷയങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. 
വികസനത്തോടുള്ള സമീപനത്തിൽ കാര്യമായ വ്യത്യാസമില്ല എന്നതാണ് ഇരുകൂട്ടരുടേയും പ്രകടനപത്രികയിലൂടെ കടന്നു പോകുമ്പോൾ ആദ്യം തോന്നുന്നത്.  കാർഷിക - വ്യാവസായിക മേഖലകളുടേയും മറ്റ് ഉൽപാദന മേഖലകളുടേയും വികാസമാണ് ഒരു സമൂഹത്തിന്റെ സർവതോമുഖമായ വികസനത്തിന് അടിത്തറയാകേണ്ടത്. ഒരു കാലത്ത് ലോകമാകെ കൊട്ടിഘോഷിച്ച കേരള മോഡലാകട്ടെ ഇതിനു കടകവിരുദ്ധമായ ഒന്നാണ്. ഉൽപാദക ശക്തികളുടെ വികാസമില്ലാതെ ഒരു സമൂഹത്തിനു വികസിക്കാനാവുമെന്നതിനു മാതൃകയായാണ് ലോകം കേരള മോഡലിനെ നോക്കിക്കണ്ടത്. 

 


മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെട്ട ആ സംവിധാനം അധികം താമസിയാതെ പ്രതിസന്ധി നേരിടുമെന്ന് പല സാമ്പത്തിക വിദഗ്ധരും അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മാറിമാറി ഭരിച്ച സർക്കാരുകളൊന്നും അത് ഗൗരവമായി എടുത്തില്ല. ഇങ്ങോട്ടൊഴുകിയ പ്രവാസി പണമാകട്ടെ പ്രധാനമായും നിർമാണ - സേവന മേഖലകളിലാണ് വിനിയോഗിക്കപ്പെട്ടത്. അതിൽ വലിയൊരു ഭാഗം മാർക്കറ്റുകളിലൂടെയും സ്റ്റോക് എക്സ്ചേഞ്ചകളിലൂടെയും ബാങ്കുകളിലൂടെയും പുറത്തേക്കൊഴുകുകയായിരുന്നു. കാർഷിക - വ്യാവസായിക മേഖലകളാകട്ടെ തകർന്നു തരിപ്പണമാകുകയും ചെയ്തു. ഇന്ന്  മദ്യത്താലും ലോട്ടറിയാലും നിയന്ത്രിക്കപ്പെടുന്ന സമ്പദ് വ്യവസ്ഥയായി നമ്മുടേത് മാറിയിരിക്കുന്നു. ഈ സംവിധാനത്തിൽ കേരളം ഒരു സമൂഹമെന്ന രീതിയിലും പാർശ്വവൽക്കൃത വിഭാഗങ്ങൾ ഉപസമൂഹങ്ങളെന്ന രീതിയിലും നേരിടുന്ന പ്രതിസന്ധികൾ ചെറുതല്ല. ഈ വിഷയത്തെയാണ് ഇനി വരുന്ന കാലത്ത് നമ്മൾ നേരിടേണ്ടത്. അതിനാകട്ടെ ദീർഘകാല പദ്ധതികളാണ് പ്രധാനമായും ആവശ്യം. എന്നാൽ അത്തരമൊരു സമീപനം പ്രകടന പത്രികകളിൽ കാണുന്നില്ല.  

 


നിരവധി ക്ഷേമപദ്ധതികളും നിർദേശങ്ങളും ഇരു പ്രകടന പത്രികളിലുമുണ്ട്. എന്നാലവ മിക്കതും തൊലിപ്പുറത്തെ ചികിത്സയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.  മുമ്പ് തമിഴ്‌നാട്ടിലും മറ്റും ഇത്തരം വാഗ്ദാനങ്ങൾ കാണുമ്പോൾ കളിയാക്കുന്നവരാണല്ലോ വലിയൊരു വിഭാഗം മലയാളികളും. തമിഴ്‌നാട്ടിൽ ഇക്കുറി സൗജന്യമായി വാഷിംഗ് മെഷിനുകൾ വാഗ്ദാനം ചെയ്തതിനെ കുറിച്ച് വാർത്ത കണ്ടു. നമ്മളും ഇപ്പോൾ ആ വഴിയിലാണ്. പ്രളയ - കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റുകളും ക്ഷേമപെൻഷനുകളും മറ്റും സൃഷ്ടിച്ച സർക്കാരിനനുകൂലമായ ജനവികാരമാണ് ഇതിനു കാരണമായതെന്നു വ്യക്തമാണ്. അതൊന്നും മോശമാണ് എന്നല്ല പറയുന്നത്. അപ്പോഴും യുജിസി വേതനം വാങ്ങുന്ന ദമ്പതിമാർ തുടങ്ങി അന്നന്നു എന്തെങ്കിലും വരുമാനം കിട്ടിയില്ലെങ്കിൽ പട്ടിണി കിടക്കുന്നവരേയും ഒരേപോലെ കണ്ട് 500 രൂപയുടെ കിറ്റുകൾ നൽകുകയാണോ വേണ്ടിയിരുന്നത്, അതോ അർഹതപ്പെട്ടവർക്ക് കൂടുതൽ സഹായങ്ങൾ നൽകുകയാണോ വേണ്ടിയിരുന്നത്, അത് കിറ്റായിട്ടാണോ പണമായിട്ടാണോ നൽകേണ്ടിയിരുന്നത് തുടങ്ങിയ ചോദ്യങ്ങൾ പ്രസക്തമാണ്. 


വീട്ടമ്മമാർക്കുള്ള പെൻഷൻ തന്നെ ഉദാഹരണമായെടുക്കുക. വ്യക്തിപരമായ ഏതൊരു കാര്യത്തിനും ഭർത്താവിന്റെ മുന്നിൽ കൈനീട്ടേണ്ടി വരുന്ന വീട്ടമ്മമാരുടെ കൈയിൽ ചെറിയതാണെങ്കിലും ഒരു തുക ലഭിക്കുന്നത് നല്ലതു തന്നെ. എന്നാലതിനേക്കാൾ എത്രയോ പ്രധാനമാണ് തൊഴിൽ മേഖലകളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നത്. 
വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുമ്പോൾ പോലും തൊഴിൽ മേഖലയിൽ കേരളത്തിലെ സ്ത്രീകളുടെ പങ്കാളിത്തം വളറെ കുറവാണെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ അടുത്ത് ചൂണ്ടിക്കാട്ടിയിരുന്നല്ലോ. എന്നാൽ ആ ദിശയിൽ കാര്യമായ നിർദേശങ്ങളൊന്നും പ്രകടന പത്രികകളിൽ കാണുന്നില്ല. ലിംഗനീതിയെ കുറിച്ചൊക്കെ വലിയ രീതിയിൽ സംസാരിക്കുന്നവരാണല്ലോ നാം. എന്നാൽ ലിംഗനീതിയുടെ ഏറ്റവും അടിത്തറയായ സാമ്പത്തികമായ സ്വാശ്രയത്വത്തിൽ നമ്മൾ പിറകിലാണ്. അതു മാറ്റിയെടുക്കാനുള്ള ഗൗരവപരമായ ശ്രമങ്ങളൊന്നും കാണാനില്ല. സ്ത്രീകളെ പൊതുരംഗത്തും തൊഴിൽ മേഖലകളിലും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട കുടുംബശ്രീ എന്ന പ്രസ്ഥാനത്തെ ജനകീയ ഓഡിറ്റിംഗ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുടുംബശ്രീ, വികേന്ദ്രീകൃത രീതിയിൽ ആരംഭിച്ച മിക്ക ഉൽപാദക സംരംഭങ്ങളും പരാജയപ്പെടുകയായിരുന്നു. പ്രധാനമായും വായ്പകളടക്കമുള്ള ധനകാര്യ പദ്ധതികളാണ് ഇപ്പോൾ കുടുംബശ്രീ നടപ്പാക്കുന്നത്. അതു മാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടത്. ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങി സമൂഹത്തിൽ വളരെ ദൃശ്യരായ വിഭാഗങ്ങളാകട്ടെ ജീവിക്കാനായി പാടുപെടുകയാണ്. അവർക്ക് അർഹമായ പ്രതിഫലം നൽകാൻ ഇപ്പോഴും നമുക്കു കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 


തീർച്ചയായും മറ്റു മാർഗങ്ങളില്ലാത്ത വയോജനങ്ങൾക്കും പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയാത്തവർക്കും പരമാവധി സഹായം ചെയ്യണം. അതവരുടെ അവകാശവും സർക്കാരിന്റെ ഉത്തരവാദിത്തവുമാണ്. അതിനായി ഇരുമുന്നണികളും പ്രഖ്യാപിച്ചിരിക്കുന്ന 2500 - 3000 രൂപ വളരെ കുറവാണ് എന്നു തന്നെ പറയേണ്ടിവരും. കാരുണ്യ പദ്ധതി പോലുള്ളവ പുനഃസ്ഥാപിക്കുന്നതും ആവശ്യമാണ്. വയോജനങ്ങളെ സൗജന്യമായി ഇൻഷുർ ചെയ്യണം. അതേസമയം പാവപ്പെട്ടവർക്കെല്ലാം, യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന 6000 രൂപ സഹായമൊക്കെ പ്രായോഗികമാണോ എന്ന സംശയം ന്യായമാണ്. അതിനുള്ള പണം എവിടെനിന്നാണാവോ കണ്ടെത്തുക. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാകട്ടെ എത്രയോ കാലമായി ചർച്ച ചെയ്യുന്നതാണ്. അതിന്റെ പേരിൽ വഴിവക്കിലെ കുറ്റിച്ചെടികൾ വെട്ടിനിരപ്പാക്കലാണ് മിക്കയിടത്തും നടക്കുന്നത്. തൊഴിലുറപ്പു പദ്ധതി കാർഷിക - ചെറുകിട സംരംഭങ്ങളുടെ വികസനത്തിനായി ഉപയോഗിക്കുക എന്ന നിർദേശത്തെ ഇപ്പോഴും ആരും ഗൗരവമായി എടുക്കുന്നില്ല.


തൊഴിലിനായുള്ള യുവജനങ്ങളുടെ സമരമായിരുന്നല്ലോ ഈ സർക്കാർ അവസാനം നേരിട്ട പ്രധാന പ്രതിസന്ധി. സർക്കാർ ജോലി തന്നെ ലഭിക്കണമെന്ന യുവജനങ്ങളുടെ വാശിയൊക്കെ കാലഹരണപ്പെട്ടതാണ്. നേരിട്ടു തൊഴിൽ നൽകലല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കലാണ് സർക്കാരിന്റെ പ്രധാന കടമ. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന എൽഡിഎഫ്  വാഗ്ദാനം ശ്രദ്ധേയമാണ്. എന്നാൽ ഇതൊന്നും കേരളത്തിലെ യുവജനങ്ങൾക്കാവശ്യമായ തൊഴിലവസരങ്ങളുടെ ചെറിയ ഭാഗം പോലുമാകുന്നില്ല. 
തുടക്കത്തിൽ പറഞ്ഞ ഉൽപാദന മേഖലകളുടെ വികാസമാണ് അതിനുള്ള ദീർഘകാല പദ്ധതി. കോവിഡ് ഭീഷണി വിട്ടുമാറാത്ത അവസരത്തിൽ ടൂറിസം പോലുള്ള മേഖലകൾ എന്നാണ് പഴയ പോലെ തിരിച്ചുവരിക എന്നു പറയാറായിട്ടില്ല. വ്യവസായ വികസനത്തെ കുറിച്ച് കാര്യമായി പറയാതെയാണ്  60,000 കോടി രൂപയുടെ പശ്ചാത്തല വികസനത്തെ കുറിച്ച് എൽഡിഎഫ് പറയുന്നത്. അത് നമ്മുടെ കടക്കെണിയെ രൂക്ഷമാക്കുമോ എന്ന ഭയം അസ്ഥാനത്തല്ല. സംരംഭകത്വത്തെ പരമാവധി പ്രോത്സാഹിപ്പിക്കലാണ് അനിവാര്യമായ മറ്റൊന്ന്. അക്കാര്യത്തിലും കാര്യമായ നിർദേശങ്ങൾ ഇരുവശത്തും കാണാനില്ല.


രാജ്യമാകെ അലയടിക്കുന്ന കർഷക സമരം കാര്യമായി ബാധിക്കാത്ത പ്രദേശമാണല്ലോ കേരളം. അഖിലേന്ത്യാ തലത്തിൽ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളല്ല പൊതുവിൽ കേരളത്തിലേത്. അവയെ ഇരുമുന്നണികളും അഭിസംബോധന ചെയ്യുന്നില്ല. കേരളം ഏറ്റവും നേട്ടങ്ങൾ നേടിയ മേഖലകളാണ് വിദ്യാഭ്യാസവും ആരോഗ്യവുമെന്നു പറയാറുണ്ട്. എന്നാൽ അതു രണ്ടും പ്രാഥമിക തലത്തിലാണെന്നതാണ് വസ്തുത. ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും ഏറ്റവും കച്ചവടവൽക്കരണത്തിനു വിധേയമായ പ്രദേശമാണല്ലോ കേരളം. പൊതുമേഖലയെ കുറിച്ച് ഘോരഘോരം സംസാരിക്കുമ്പോഴും മനുഷ്യരുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ ഈ മേഖലകളിലെ സ്വകാര്യവൽക്കരണത്തിനു കടിഞ്ഞാണിടാനുള്ള പ്രായോഗിക നിർദേശങ്ങൾ ഇപ്പോഴും ഇരുമുന്നണികൾക്കുമില്ല. ഇപ്പോഴും ഉന്നത വിദ്യാഭ്യാസത്തിന് നാടുവിടേണ്ട അവസ്ഥ നിലനിൽക്കുന്നു. പ്രാഥമികാരോഗ്യ മേഖല വികസിച്ചു. ശരാശരി ആയുസ്സ് കൂടി എന്നൊക്കെ പറയുമ്പോഴും ജീവിത ശൈലി രോഗങ്ങളും ശാരീരിക - സാമൂഹ്യ - മാനസിക അനാരോഗ്യവും ഏറ്റവും ശക്തമായ പ്രദേശമായി കേരളം തുടരുന്നു.


മത്സ്യത്തൊഴിലാളികൾ, ദളിതർ, ആദിവാസികൾ, തോട്ടം തൊഴിലാളികൾ തുടങ്ങിയ പാർശ്വവൽക്കൃത വിഭാഗങ്ങൾക്ക് കേരള മോഡലിന്റെ ഒരു വിഹിതവും ലഭിക്കുന്നില്ല എന്നത് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.  കടലിന്റെ അവകാശികളാണ് മത്സ്യത്തൊഴിലാളികൾ എന്ന് രണ്ടു പ്രകടന പത്രികകളിലും പറയുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിലും അതേ വാചകങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും സംഭവിച്ചത് നാം കണ്ടു. തീരദേശത്തെ വൻകിട പദ്ധതികളും പ്രകൃതിദുരന്തങ്ങളും കടൽ കരക്കു കയറലും മീൻലഭ്യത കുറഞ്ഞതുമെല്ലാം ചേർന്ന് അവരുടെ ജീവിതം വൻ ദുരന്തത്തിലാണ്.  വൻകിട തോട്ടമുടമകൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് തങ്ങൾക്ക് വിതരണം ചെയ്യുക എന്ന ദളിതരുടെ ആവശ്യത്തോട് ഇപ്പോഴും എല്ലാവരും മുഖം തിരിക്കുന്നു. ഫ്ളാറ്റുകളെന്ന ആധുനിക കോളനിയിലൂടെ ഭൂമി എന്ന ആവശ്യം എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നുറപ്പ്. മറുവശത്ത് എയ്ഡഡ് മേഖലയിൽ സംവരണം എന്ന ന്യായമായ ആവശ്യം അംഗീകരിക്കുന്നില്ല.  


സവർണ സംവരണം പോലും നടപ്പാക്കിയിരിക്കുന്നു. കടൽ മത്സ്യത്തൊഴിലാളികൾക്ക് എന്ന പോലെ വനം ആദിവാസികൾക്ക് എന്നു പറയുമ്പോഴും വനാവകാശ നിയമമോ സ്വയംഭരണാവകാശമോ ഒന്നും ഇപ്പോഴും നടപ്പാക്കുന്നില്ല. തോട്ടം തൊഴിലാളികളെ കേരളീയരായി  കാണാൻ പോലും ശരാശരി മലയാളി തയാറാകാത്ത സാഹചര്യത്തിൽ അവരുടെ ആവശ്യങ്ങൾക്കും പരിഗണന ലഭിക്കാത്തതിൽ അദ്ഭുതമില്ലല്ലോ. ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളെ കുറിച്ചും എടുത്തുപറയത്തക്ക പരാമർശങ്ങളില്ല എന്നതാണ് വസ്തുത.

Latest News