കെ.സുരേന്ദ്രന്‍ പരീക്ഷ പാസായിട്ടില്ലെന്ന് രേഖ; സമർപ്പിച്ചത് തെറ്റായ വിവരങ്ങള്‍

തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയാകുന്നതിന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളെന്ന് ആക്ഷേപം.

വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കേണ്ട കോളത്തില്‍ തെറ്റായ വിവരങ്ങളാണ് സുരേന്ദ്രന്‍ നല്‍കിയിരിക്കുന്നതെന്ന് വിവരാവകാശ രേഖകളെ ഉദ്ധരിച്ച് കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത കാണിക്കേണ്ടിടത്ത് ബിഎസ്‌സി എന്നാണ് സുരേന്ദ്രന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് 1987-90 ല്‍ ബിഎസ്‌സി ബിരുദം നേടിയെന്നാണ് നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്.

എന്നാല്‍ ഗുരുവായൂരപ്പന്‍ കോളേജിലെ ബിഎസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന സുരേന്ദ്രന്‍ 1987-90 ബാച്ചില്‍ പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷാഭവനില്‍നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

94212 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള സുരേന്ദ്രന്‍ കെ പരീക്ഷയില്‍ പരാജയപ്പെട്ടവരുടെ പട്ടികയില്‍ ആണുള്ളത്. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റ് ഡെപ്യൂട്ടി രജിസ്ട്രാര്‍ ആണ് വിവരാവകാശം വഴിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തു മല്‍സരിക്കുമ്പോഴും സുരേന്ദ്രന്‍ ഈ വിവരങ്ങള്‍ തന്നെയാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിരുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു.  ഇത്തവണ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ മത്സരിക്കാനായുള്ള സത്യവാങ്മൂലത്തിലും ഇതേ വിവരങ്ങള്‍ തന്നെയാണ്  നല്‍കിയിരിക്കുന്നത്.

Latest News