കണ്ണൂർ- അഴീക്കോട് എം.എൽ.എ കെ.എം ഷാജി അനധികൃതമായി സ്വത്ത് കണ്ടെത്തിയതായി വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. 2011 മുതൽ 2020 വരെയുള്ള കാലയളവിൽ ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്. അഡ്വ. എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് വിജിലൻസ് സ്‌പെഷ്യൽ യൂണിറ്റ് അന്വേഷണം നടത്തിയത്. ഒമ്പത് വർഷത്തെ കാലയളവിൽ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ തുകയും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും വിജിലൻസ് കണ്ടെത്തലിലുണ്ട്. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാൽ രണ്ടു കോടിയോളം രൂപ ചെലവിട്ടിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. അതേസമയം, ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിട്ടില്ല. കേസെടുക്കണം എന്നാവശ്യപ്പെട്ട് ഷാജിക്കെതിരെ ഹരീഷ് പുതിയ പരാതി നൽകിയിട്ടുണ്ട്.