Sorry, you need to enable JavaScript to visit this website.

അറുപത് പേരുടെ ഭാര്യയാവാന്‍ മലയാളി പെണ്‍കുട്ടികളെ  സിറിയയിലേക്ക് കൊണ്ടു പോകുന്നു -ബി.ജെ.പി സ്ഥാനാര്‍ഥി 

ആലപ്പുഴ-തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാാര്‍ഥി സന്ദീപ് വാചസ്പതിയുടെ പരാമര്‍ശം വന്‍ വിവാദമായി മാറിയിരിക്കുകയാണ്.  വര്‍ഗീയതയും  മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ളതുമായ  സ്ഥാനാര്‍ഥിയുടെ പരാമര്‍ശത്തിനെതിരെ   എസ്ഡിപിഐ   ജില്ലാ പ്രസിഡന്റും  അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ എംഎം താഹിര്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് സഹൽ വടുതല സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കും പരാതി നൽകി.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ  ഭാഗമായി  ആലപ്പുഴയിലെ ഒരു കയര്‍ ഫാക്ടറി സന്ദര്‍ശിക്കുന്ന  വേളയിലാണ്  സ്ഥാനാര്‍ഥി വിവാദ പരാമര്‍ശം നടത്തിയത്.  കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ച് സിറിയയില്‍ കൊണ്ടു പോകുകയാണെന്നും അവിടെ അവരെ തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍  ഉപയോഗിക്കുകയാണെന്നുമായിരുന്നു  സന്ദീപ് വാചസ്പതിയുടെ നീച പരാമര്‍ശം. സന്ദീപ് വാചസ്പതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട  വീഡിയോ   സമൂഹമാധ്യമങ്ങളില്‍ വൈറലായി. .

സന്ദര്‍ശന  വേളയില്‍  സന്ദീപ് വാചസ്പതി പറഞ്ഞത്  ഇപ്രകാരം: 

'നമ്മുടെ പെണ്‍കുട്ടികളുടെ അവസ്ഥ നിങ്ങള്‍ ചിന്തിച്ചോ? ഒരു ഹിന്ദു പെണ്‍കുട്ടി മുസ്‌ലിമിനെ പ്രേമിക്കുന്നതിന് നമ്മളാരും എതിരൊന്നുമല്ല. ആണോ? അല്ല. ആര്‍ക്കും ആരെയും പ്രേമിച്ചും കല്യാണം കഴിക്കാം. പക്ഷേ, മാന്യമായി ജീവിക്കണം വേണ്ടേ. ഇവിടെ ചെയ്തതെന്താ? ഇവിടെ പെണ്‍കുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയില്‍ കൊണ്ടു പോകുകയാ? എന്തിനാ സിറിയയില്‍ കൊണ്ടു പോകുന്നത്. അറുപതു പേരുടെയൊക്കെ ഭാര്യയായിട്ടാണ് ഒരു പെണ്‍കുഞ്ഞിനെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികള്‍ക്ക് എണ്ണം കൂട്ടാന്‍ പ്രസവിച്ച് കൂട്ടാനാണ്. ഇത് ആരാ തടയണ്ടേ? നമ്മുടെ സര്‍ക്കാര്‍ എന്തേലും ചെയ്യുന്നുണ്ടോ? പറഞ്ഞാല്‍ പറയും മതേതരത്വം തകരുമെന്ന്. ഈ മതേതരത്വം എന്ന് പറഞ്ഞാല്‍ നമ്മുടെ മാത്രം ബാധ്യതയാണ്. ഇങ്ങോട്ടെന്തുമാകാം. അങ്ങോട്ട് എന്തെങ്കിലും തിരിച്ചു ചോദിച്ചാല്‍ മതേതരത്വം തകരും. അപ്പോ ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ആലോചിച്ച് ഒരു തീരുമാനമെടുക്കണം. അതിന് ഒരു അവസരമാണ്. ഇപ്പോള്‍ ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തില്ലെങ്കില്‍ നമ്മുടെ നാട് നശിച്ചു പോകും. അതുകൊണ്ടാണ് ബി ജെ പിക്ക് ഒരു വോട്ടു തരണമെന്ന് പറയുന്നത്. അല്ലാതെ വേറെ ഒന്നിനുമല്ല. ഒരു വോട്ട്. ഒറ്റത്തവണ മതി. അടുത്ത പ്രാവശ്യം നിങ്ങളെനിക്ക് ചെയ്യണ്ട.'  വനിതാ തൊഴിലാളികള്‍ക്കിടയില്‍ വോട്ട് അഭ്യര്‍ഥിച്ച് എത്തിയ സന്ദീപ് വാചസ്പതി പറഞ്ഞത് ഇങ്ങനെയാണ്. ഇതിന് എതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
വര്‍ഗീയത  പ്രചരിപ്പിച്ച്  വോട്ട്  നേടാന്‍  ശ്രമിച്ച സന്ദീപ് വാചസ്പതിയെ അയോഗ്യനാക്കണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെടുന്നത്.  സ്ഥാനാര്‍ഥിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കണമെന്നവശ്യപ്പെട്ട്  ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും താഹിര്‍ പരാതി നല്‍കിയിട്ടുണ്ട്. സന്ദീപ് വാചസ്പതി നടത്തിയ പ്രചാരണത്തിന്റെ  വിഡിയോ സഹിതമാണ് പരാതി നല്‍കിയിരിയ്ക്കുന്നത്‌.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയ വിദ്വേഷവും മതസ്പർദ്ധയും വളർത്തുന്ന രീതിയിൽ വോട്ടഭ്യർത്ഥിച്ചുവെന്നാരോപിച്ച് ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റും പരാതി നൽകി. ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥി സന്ദീപ് വചസ്പതിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെൻറ് ആലപ്പുഴ ജില്ല പ്രസിഡൻറ് സഹൽ വടുതലയാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നൽകിയത്.

ആലപ്പുഴയിലെ ഒരു കയർ കമ്പനിയിലെ തൊഴിലാളികളോട് വോട്ടഭ്യർത്ഥിക്കവേ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ സംസാരിച്ചുവെന്നും ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
 


 

Latest News