Sorry, you need to enable JavaScript to visit this website.

അംബാനി ഭീഷണിക്കത്ത്: പോലീസുകാരന്റെ വീട്ടില്‍നിന്ന് പ്രിന്റര്‍ പിടിച്ചെടുത്തു

മുംബൈ- വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ ബംഗ്ലാവിനു പുറത്ത് കണ്ടെത്തിയ ഭീഷണിക്കത്ത് പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പ്രിന്റര്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)കണ്ടെത്തി.
കല്‍വയിലെ കോണ്‍സ്റ്റബിള്‍ വിനായക് ഷിന്‍ഡെയുടെ ഫ് ളാറ്റില്‍ നിന്നാണ് പ്രിന്റര്‍ ദേശീയ അന്വേഷണ ഏജന്‍സി പിടിച്ചെടുത്തുത്.  കഴിഞ്ഞ മാസം 25-നാണ് അംബാനിയുടെ വസതിക്കു പുറത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോയില്‍നിന്ന് ഭീഷണിക്കത്ത് കണ്ടെടുത്തത്.  

മുകേഷിനും നിത അംബാനിക്കും അയച്ച കത്തില്‍ ബോംബ് നിറച്ച കാര്‍ ഒരു ട്രെയിലര്‍ മാത്രമാണെന്ന് പറഞ്ഞിരുന്നു.  
2007 ല്‍ ലഖാന്‍ ഭയ്യയുമായി ഏറ്റുമുട്ടിയ കേസില്‍ ശിക്ഷിക്കപ്പെട്ട സേഷം പരോളിലിറങ്ങിയ പോലീസുകാരനാണ് വിനായക് ഷിന്‍ഡെ. അംബാനി ബോംബ് ഭീഷണി കേസില്‍ ബുക്കി നരേഷ് ഗോറിനൊപ്പം ഷിന്‍ഡെ അറസ്റ്റിലായിരുന്നു.

കേസില്‍ അറസ്റ്റിലായ ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസിന്റെ പോലീസ് ആസ്ഥാനത്തെ ഓഫീസില്‍ നിന്ന് സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളുള്ള ഒരു രജിസ്റ്ററും പിടിച്ചെടുത്തതായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്‍ഐഎ സംഘം തിങ്കളാഴ്ച ദക്ഷിണ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ സന്ദര്‍ശിച്ച് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. സച്ചിന്‍ വാസ്  ഇവിടെ ഒരു മുറിയില്‍ ദീര്‍ഘകാലം താമസിച്ചിരുന്നതായാണ് കരുതുന്നത്.  ഫെബ്രുവരി 25 ന് ആന്റിലിയക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കോര്‍പിയോയില്‍ സച്ചിന്‍ വാസാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ചതെന്ന് എന്‍.ഐ.എ പറയുന്നു. വാസ് എന്‍ഐഎ കസ്റ്റഡിയിലാണ്.

മന്‍സുഖ് ഹിരേന്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ ഗോറിന് 14 സിം കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്ന് ആരോപിച്ച് കച്ചില്‍ നിന്നുള്ള ഒരു വ്യവസായിയേയും സംസ്ഥാന തീവ്രവാദ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.  ബിസിനസിനായി ഉപയോഗിക്കുന്നതിന് കരസ്ഥമാക്കിയ സിം കാര്‍ഡുകള്‍  ഗോറിന് കൈമാറുകയായിരുന്നു. ഗോര്‍ അവ ഷിന്‍ഡെയ്ക്ക് നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

 

Latest News