Sorry, you need to enable JavaScript to visit this website.

ബിജെപി അധ്യക്ഷന് ഗാർഡ് ഓഫ് ഓണർ; അബദ്ധം പറ്റിയെന്ന് ഉത്തരാഖണ്ഡ് പോലിസ്

ഡെറാഡൂൺ- പ്രോട്ടോകോൾ ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് ഗാർഡ് ഓഫ് ഓണർ നൽകിയത് ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്ന് പൊലീസ്. തിങ്കളാഴ്ചയാണ് ഉത്തരാഖണ്ഡ് സംസ്ഥാന ബിജെപി അധ്യക്ഷൻ മദൻ കൌശികിന് ഗാർഡ് ഓഫ് ഓണർ ലഭിച്ചത്. ഭാഗേശ്വർ സന്ദർശിക്കവെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന് പൊലീസിന്റെ ഔദ്യോഗിക ബഹുമതി ലഭിച്ചത്. സ്ഥലത്ത് എത്തിച്ചേർന്ന ഘട്ടത്തിൽ ബിജെപി അധ്യക്ഷൻ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. 

ഈയിടെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിറങ്ങിയ ത്രിവേന്ദ്ര സിങ് റാവത്തിന്റെ കാബിനറ്റിൽ മന്ത്രിയായിരുന്നു മദൻ കൌശിക്. മന്ത്രിസഭയിൽ വരുത്തിയ മാറ്റത്തിൽ ഇദ്ദേഹത്തെ നീക്കുകയും പകരം സംസ്ഥാന അധ്യക്ഷപദവി നൽകുകയും ചെയ്തിരുന്നു. ഈ സംഭവം അറിയാത്ത ഒരു ഉദ്യോഗസ്ഥനാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. ഇദ്ദേഹം കുറെനാളായി ലീവിലായിരുന്നെന്നും സംസ്ഥാനത്തെ രാഷ്ട്രീയമാറ്റങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്നും സംസ്ഥാന പൊലീസ് പറയുന്നു. 

അതെസമയം ഗാർഡ് ഓഫ് ഓണർ സ്വീകരിക്കാൻ നിന്നുകൊടുത്ത സംസ്ഥാന അധ്യക്ഷൻ വരുത്തിയ പിഴവ് എങ്ങനെ സംഭവിച്ചുവെന്നത് വ്യക്തമല്ല. ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest News