മോഡി വാഴ്ത്തുമായി വീണ്ടും ഗുലാം നബി, ഉള്ളിലുള്ളത് അടച്ചുവയ്ക്കാത്ത വ്യക്തിയെന്ന്

ശ്രീനഗർ- പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി സംസാരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തന്റെ ഉള്ളിലുള്ളത് അദ്ദേഹം അടച്ചുവെക്കില്ലെന്ന വാദവും ആസാദ് ആവർത്തിച്ചു. "പല നേതാക്കളുടെയും നല്ല വശങ്ങൾ എനിക്കിഷ്ടമാണ്. ഞാനൊരു ഗ്രാമത്തിൽ നിന്നും വരുന്നയാളാണ്. അതിൽ എനിക്ക് അഭിമാനമാണുള്ളത്. നമ്മുടെ പ്രധാനമന്ത്രിയും ഗ്രാമീണനാണ്. മുമ്പ് ചായ വിറ്റ് കഴിഞ്ഞിരുന്നയാളാണ്. ഞങ്ങൾ രാഷ്ട്രീയ വൈരികളാണ്. പക്ഷെ, അദ്ദേഹം തന്റെ യഥാർത്ഥ സ്വത്വം മറച്ചുവെക്കാറില്ലെന്നത് അഭിനന്ദിക്കാതെ വയ്യ. അങ്ങനെ മറയ്ക്കുന്നവരുടെ ജീവിതം ഒരു കുമിളയ്ക്കുള്ളിലാണ്," ആസാദ് പറഞ്ഞു. 

കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും കടുത്ത അനിഷ്ടം പ്രകടിപ്പിച്ചതിനു ശേഷവും ആസാദ് മോദിയെ വാഴ്ത്തുന്നത് തുടരുന്നത് അതിശയമുണ്ടാക്കുന്നുണ്ട്. അടുത്ത രാഷ്ട്രപതി ആസാദാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നത്. 

രാജ്യസഭയിൽ നിന്നും ആസാദ് വിരമിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി വികാരാധീനനായി സംസാരിച്ചത് വാർത്തയായിരുന്നു. തുടർന്ന് സംസാരിച്ച ആസാദും വികാരം കൊണ്ടു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി അത്തരം സന്ദർഭങ്ങളുണ്ടാക്കിയില്ലെങ്കിലും ആസാദ് തുടർച്ചയായി വൈകാരിക പ്രതികരണങ്ങൾ നടത്തിവരികയാണ്.

Latest News