Sorry, you need to enable JavaScript to visit this website.

ട്രംപ് അത് പ്രഖ്യാപിച്ചു; ജറൂസലം ഇസ്രായില്‍ തലസ്ഥാനം

വാഷിംഗ്ടണ്‍- രാജ്യാന്തര സമൂഹത്തിന്റെ മുഴുവന്‍ അഭ്യര്‍ഥനകള്‍ തള്ളിക്കൊണ്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആ തീരുമാനം പ്രഖ്യാപിച്ചു. ജറൂസലമിനെ ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിക്കുന്നു.
ദീര്‍ഘകാലമായി നീട്ടിവെക്കപ്പെട്ട തീരുമാനമാണിതെന്നും മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയയെ ഇത് മുന്നോട്ടു കൊണ്ടു പോകുമെന്നും ട്രംപ് അവകാശപ്പെട്ടു.

അമേരിക്കൻ എംബസി മാറ്റം:പശ്ചിമേഷ്യ എരിതീയിലേക്ക്

ഇസ്രായിലും ഫലസ്തീനും അംഗീകരിക്കുകയാണെങ്കില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ അമേരിക്ക പിന്തുണക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
മേഖലയിലാകെ അപകടകരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന സൗദി ഭരണാധികാരി തിരുഗേഹഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അടക്കമുള്ള രാഷ്ട്ര നേതാക്കളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടാണ് അമേരിക്കയിലെ മുന്‍ പ്രസിഡന്റുമാര്‍ വര്‍ഷങ്ങളായി നീട്ടിക്കൊണ്ടുപോയ തീരുമാനം ട്രംപ് കൈക്കൊണ്ടിരിക്കുന്നത്.

http://malayalamnewsdaily.com/sites/default/files/filefield_paths/jarusalem_q.jpg
അമേരിക്കയുടെ താല്‍പര്യവും ഇസ്രായിലും ഫലസ്തീനും തമ്മിലുള്ള സമാധാനവും കണക്കിലെടുത്തുകൊണ്ടാണ് തന്റെ തീരുമാനമെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ട്രംപ് ന്യായീകരിച്ചു. ടെല്‍ അവീവില്‍നിന്ന് യു.എസ് എംബസി ജുറൂസലമിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ വിദേശകാര്യ വകുപ്പിന് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
പുരാതന നഗരം ഉള്‍പ്പെടുന്ന കിഴക്കന്‍ ജറൂസലം 1967 ല്‍ ആറു ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിലാണ് ഇസ്രായില്‍ സ്വന്തമാക്കിയത്. അധിനിവേശത്തിലൂടെ കൈയടക്കിയ ജറൂസലമിനെ ഇസ്രായിലിന്റെ ഭാഗമായി അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല.

മുസ്്‌ലിം ലോകത്ത് അമേരിക്കയോടൊപ്പമുള്ള മുഴുവന്‍ രാഷ്ട്രങ്ങളുടേയും എതിര്‍പ്പ് വകവെക്കാതെയാണ് ഡോണള്‍ഡ്  ഇലക്്ഷന്‍ വാഗ്ദാനം പൂര്‍ത്തീകരിച്ചത്. ട്രംപിനെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ച വലതുപക്ഷ, ദേശീയ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്നതാണ് ഇസ്രായില്‍ വന്‍ ആഹ്ലാദത്തോടെ വരവേറ്റ പ്രഖ്യാപനം.
യു.എസ്. പ്രസിഡന്റിന്റെ തീരുമാനം സമാധാനത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണെന്നും ഇസ്രായില്‍ തലസ്ഥാനമായി ജറൂസലമില്ലാതെ സമാധാനമുണ്ടാവില്ലെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു പറഞ്ഞു.
പുരാതന സത്യത്തെ അംഗീകരിക്കാനുള്ള പ്രതിബദ്ധതയാണ് പ്രസിഡന്റ് ട്രംപ് കാണിച്ചത്. വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ച അദ്ദേഹം സമാധാനത്തേയും മുന്നോട്ടു വെച്ചിരിക്കയാണ്- നെതന്യാഹു പറഞ്ഞു.
പുണ്യകേന്ദ്രങ്ങളുടെ പദവി നിലവിലേതു പോലെ തന്നെ തുടരുമെന്നും ജൂതന്മാരുടേയും ക്രൈസ്തവരുടേയും മുസ്്‌ലിംകളുടേയും ആരാധനാ സ്വാതന്ത്ര്യം ഇസ്രായില്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജറൂസലമിനെ ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിക്കുന്ന ചരിത്രപ്രധാന പ്രഖ്യാപനം നടത്തിയ ട്രംപിനെ നന്ദി- നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

 

 

 

Latest News