ദമാം - കേരളം സംഘ്പരിവാറിന് കീഴൊതുങ്ങില്ലെന്ന് ഉറപ്പുവരുത്തേണ്ട തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പറഞ്ഞു. പ്രവാസി സാംസ്‌കാരിക വേദി ദമാം റീജിയണൽ കമ്മിറ്റി സാമൂഹ്യ നീതിക്ക് വെൽഫെയറിനൊപ്പം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സാമൂഹ്യ നീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ജനപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും കേരളം ബി.ജെ.പി സംഘപരിവാർ ശക്തികൾക്ക് കീഴടങ്ങാതിരിക്കാൻ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദളിത്, ആദിവാസി ഭൂസമരങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന ഇടതുപക്ഷം കഴിഞ്ഞ അഞ്ച് വർഷക്കാലം അഴിമതിയിലും, സ്വർണക്കടത്തിലും പെട്ട് കുഴഞ്ഞുമറിയുന്ന അവസ്ഥയാണ് കണ്ടതെന്നും കേരളത്തിലെ ആഭ്യന്തര വകുപ്പ് സംഘപരിവാറിന്റെ ഒത്താശക്ക് കൂട്ടുനിന്നതിന്റെ തെളിവാണ് പാലത്തായി പീഡന കേസിലേയും, റിയാസ് മൗലവി വധക്കേസിലെയും പ്രതികൾ സ്വതന്ത്രരായി വിലസുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് എം.കെ ഷാജഹാൻ, മുഹമ്മദലി പീറ്റയിൽ എന്നിവർ സംസാരിച്ചു. ഷക്കീർ ബിലാവിനകത്ത് സ്വാഗതവും അനീസ മഹബൂബ് നന്ദിയും പറഞ്ഞു. ശരീഫ് കൊച്ചി, റഊഫ് ചാവക്കാട് എന്നിവർ പരിപാടി നിയന്ത്രിച്ചു.