വടക്കെ മലബാറിലെ ഇടതു മുന്നണിയുടെ ഉറച്ച കോട്ടകളിൽ ഒന്നാണ് പയ്യന്നൂർ. ഏത് രാഷ്ട്രീയ പ്രതിസന്ധികളിലും മുന്നണിയെ നെഞ്ചോട് ചേർത്തു പിടിച്ച മണ്ഡലം. വടക്കെ മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നാണ് പയ്യന്നൂർ അറിയപ്പെടുന്നത.് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇടം നേടിയ ഈ മണ്ണ് ചരിത്ര രേഖകളിൽ 'രണ്ടാം ബർദോളി' എന്നാണ് അറിയപ്പെടുന്നത്.
മണ്ഡല രൂപീകരണത്തിനു ശേഷം ഇന്നോളം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ മാത്രം തുണച്ച ജില്ലയിലെ ഏക മണ്ഡലം. അതും ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ. തെരഞ്ഞെടുപ്പിൽ ഏത് തരംഗങ്ങളുണ്ടായാലും പയ്യന്നൂരിനെ അത് ബാധിക്കില്ലെന്നതിന് രാഷ്ട്രീയ ചരിത്രം സാക്ഷി. അതുകൊണ്ട് തന്നെയാണ് ചുവപ്പു കോട്ടയെന്ന് പയ്യന്നൂരിനെ വിശേഷിപ്പിക്കുന്നതും. മണ്ഡല പുനർനിർണയത്തിൽ പല ഭാഗങ്ങളും മാറി മറ്റു മണ്ഡലങ്ങളിൽ ഉൾപ്പെട്ടുവെങ്കിലും പയ്യന്നൂരിന് ചുവപ്പു കൂടിയിട്ടേയുള്ളൂ.
കമ്യുണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇടം നേടിയ കരിവെള്ളൂരടക്കമുള്ള കർഷക പ്രക്ഷോഭങ്ങൾക്കു വേദിയായ മണ്ണാണിത്. അതോടൊപ്പം ദേശീയ പ്രസ്ഥാനത്തിന്റെ പ്രക്ഷോഭങ്ങൾക്കും വേദിയായ ഇടം. ഗാന്ധിജിയുടെ പാദസ്പർശം ഏറ്റുവാങ്ങിയ ഈ മണ്ണിന് രണ്ടാം ബർദോളിയെന്നാണ് ചരിത്രത്തിൽ വിശേഷണം. എന്നാൽ പയ്യന്നൂർ പിന്നീട് ചുവപ്പിനൊപ്പം മാത്രം നിന്നു. 1965 ലാണ് പയ്യന്നൂർ മണ്ഡലം രൂപീകൃതമാവുന്നത്. കരിവെള്ളൂർ സമര സേനാനിയും സി.പി.എം നേതാവുമായ എ.വി.കുഞ്ഞമ്പുവാണ് ആദ്യമായി പയ്യന്നൂരിൽ നിന്നും നിയമസഭയിലെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യ ഷേണായിയും എം.വി.ആറും പിണറായിയും ശ്രീമതി ടീച്ചറും ഉൾപ്പെടെയുള്ളവർ പയ്യന്നൂരിന്റെ പ്രതിനിധികളായി. പയ്യന്നൂർ നഗരസഭയും ചെറുപുഴ, എരമം-കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, പെരിങ്ങോം -വയക്കര, രാമന്തളി പഞ്ചായത്തുകളും ചേർന്നതാണ് പയ്യന്നൂർ നിയമസഭാ മണ്ഡലം. നഗരസഭയും എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് സി.പി.എമ്മാണ്. 2011 ലും 2016 ലും ഇടതു മുന്നണി സ്ഥാനാർഥി സി.കൃഷ്ണൻ, പയ്യന്നൂരിൽ നിന്നും നിയമസഭയിലെത്തി. മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 40,263 വോട്ടുകൾ നേടിയാണ് സി.കൃഷ്ണൻ കഴിഞ്ഞ തവണ വിജയിച്ചത്. 2011 ൽ 32,124 ആയിരുന്നു ഭൂരിപക്ഷം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനു പയ്യന്നൂർ മണ്ഡലത്തിൽ ലഭിച്ച വോട്ട് ശതമാനമാണ് യു.ഡി.എഫിനു നൽകുന്ന പ്രതീക്ഷ. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഇത് മറികടന്നു. ബി.ജെ.പിക്കു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15,000 ത്തിലേറെ വോട്ടുകൾ ലഭിച്ചിരുന്നു.
ഇത്തവണ സി.പി.എമ്മിൽ നിന്നും ടി.ഐ.മധുസൂദനനും, കോൺഗ്രസിൽ നിന്നും എം.പ്രദീപ് കുമാറും, ബി.ജെ.പിയിൽ നിന്നും അഡ്വ.ശ്രീധരനുമാണ് ജനവിധി തേടുന്നത്. മൂന്നു പേരും മണ്ഡലത്തിനു ഒരുപോലെ സുപരിചിതരാണ്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.ഐ.മധുസൂദനൻ, കണ്ണൂർ എ.കെ.ജി ആശുപത്രി ചെയർമാനാണ്. നിരവധി സംഘടനകളുടെ അമരക്കാരനായ മധുസൂദനൻ വർഷങ്ങളായി പയ്യന്നൂരിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവമാണ്. കേരള ഫോക്‌ലോർ അക്കാദമി മുൻ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായ എം.പ്രദീപ് കുമാർ, കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തുകയും പിന്നീട് സാംസ്‌കാരിക മേഖലകളിലടക്കം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ആളാണ്. പയ്യന്നൂരിലെ പ്രശസ്തമായ ജ്യോതിഷ കുടുംബത്തിൽ പെട്ട ശ്രീധരൻ, നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്നു. അടുത്തിടെയാണ് ബി.ജെ.പിയിൽ ചേർന്നത്. പയ്യന്നൂർ ബാറിലെ അഭിഭാഷകനാണ്.
പയ്യന്നൂർ മണ്ഡലത്തിന്റെ സമഗ്ര വികസനം തന്നെയാവും ഈ തെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുക. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാവും. മുൻ വർഷങ്ങളിൽ അപ്രാപ്യമായ മണ്ഡലം എന്ന നിലയിൽ ശക്തമായ മത്സരത്തിനു മുന്നണികൾ തയാറാവാറില്ല. എന്നാൽ ഇത്തവണ കരുത്തരായ സ്ഥാനാർഥികളെയാണ് മൂന്നു മുന്നണികളും രംഗത്തിറക്കിയിരിക്കുന്നത്. പ്രചാരണത്തിലും ഒപ്പത്തിനൊപ്പമാണ്. 2016 നെ അപേക്ഷിച്ച് വോട്ടർമാരുടെ എണ്ണത്തിൽ പത്തായിരത്തോളം വർധനയുണ്ടായിട്ടുണ്ട്.






