കോട്ടയം - ഏഴരപ്പൊന്നാനയുടെ നാട്ടിൽ ഇക്കുറി ആര് വിജയ തിടമ്പേറ്റും. ഇവിടെ വിവാദങ്ങളുടെ അകമ്പടിയോടെയാണ് തെരഞ്ഞെടുപ്പ് തുടക്കം. സീറ്റ് വിഷയത്തിൽ കോൺഗ്രസിലും പിന്നീട് ബി.ജെ.പിയിലും കൊടുങ്കാറ്റായിരുന്നു. സമീപകാല വിജയങ്ങളുടെ പട്ടികയിൽ ഇടതുമുന്നണിക്കാണ് മൂൻതൂക്കം. യു.ഡി.എഫ് മണ്ഡലമായിരുന്ന ഏറ്റുമാനൂരിനെ ഇടതുപക്ഷത്തേക്ക് ചേർക്കുന്നതിൽ കെ. സുരേഷ് കുറുപ്പിനെ മാറ്റി നിർത്താനാകില്ല. യു.ഡി.എഫിലെ കേരള കോൺഗ്രസ് എം മണ്ഡലത്തിൽ ചെങ്കൊടി രണ്ടു തവണയാണ് പാറിച്ചത്. ഇക്കുറി ടേം വ്യവസ്ഥയിൽ കുറുപ്പ് മാറിയതോടെ സി.പി.എം സ്ഥാനാർഥിയായി ജില്ലാ സെക്രട്ടറി വി.എൻ വാസവൻ രംഗത്ത് വന്നു.
യു.ഡി.എഫിൽ ജോസഫ് വിഭാഗത്തിന് സീറ്റ് നൽകുന്നതോടെയാണ് വിവാദത്തിന്റെ തിരശ്ശീല ഉയരുന്നത്.പ്രാദേശിക കോൺഗ്രസ് നേതൃത്വം തീരുമാനത്തിനെതിരെ തെരുവിൽ പ്രതിഷേധിച്ചു. ഇതിനിടെ പ്രിൻസ് ലൂക്കോസിനെ ജോസഫ് വിഭാഗം സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നതോടെ ഏറ്റുമാനൂരുകാരിയായ മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് പൊട്ടിത്തെറിച്ചു. ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്തു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തു. 1982 ലെ ചരിത്രം ഓർമിപ്പിച്ചാണ് ലതിക സുഭാഷ് രംഗത്തു വന്നത്. പിന്നെ വിവാദം ഉയർന്നത് ബിജെപി ക്യാമ്പിലാണ്. ആദ്യം ഭരത് കൈപ്പാറേടൻ എന്ന ബി.ഡി.ജെ.എസ് സ്ഥാനാർഥിയാണ് ബി.ജെ.പി മുന്നണിക്കായി രംഗപ്രവേശം ചെയ്തത്. ഇതിനെതിരെ ബി.ജെ.പിയിൽ തന്നെ പ്രതിഷേധമായി. അതിനിടെ ബി.ഡി.ജെ.എസിന് പുതിയ സ്ഥാനാർഥി വന്നു. ബി.ജെ.പിയും പത്രിക നൽകി. നഗരസഭ മുൻ കൗൺസിലർ ടി.എൻ ഹരികുമാറാണ് പത്രിക നൽകിയത്. മണ്ഡലം ബിജെപിക്ക് നൽകാമെന്ന് ബി.ഡി.ജെ.എസ് സമ്മതിച്ചതോടെ തൽക്കാലം വിവാദം കെട്ടടങ്ങി.
ഇടതുപക്ഷത്തിന്റെ ഏറ്റവും ജനകീയ മുഖമായ സുരേഷ് കുറുപ്പ് ആദ്യം 1801 വോട്ടിനാണ് ജയിച്ചത്. 2016 ൽ ഇടത് തരംഗത്തിൽ ആ ഭൂരിപക്ഷം 8899 ആയി വർധിച്ചു. 2016 ലും ഇന്നത്തെ പോലെ ഒരു റിബൽ സ്ഥാനാർഥിയുണ്ടായിരുന്നു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോസ്മോൻ മുണ്ടയ്ക്കൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മാണി ഗ്രൂപ്പിൽ നിന്ന് വിമതൻ രംഗത്തു വന്നു. ഇതും എൽ.ഡി.എഫിനു സഹായകമായി.
കുമരകം, ആർപ്പുക്കര, അയ്മനം അടക്കം ഇടത് ശക്തികേന്ദ്രങ്ങളായ നാല് പഞ്ചായത്തുകൾ ഏറ്റുമാനൂരിന്റെ ഭാഗമായത് ഇടത് കരുത്ത് കൂട്ടി. അതാണ് 2011 ൽ എൽ.ഡി.എഫിനെ സീറ്റ് തിരിച്ചുപിടിക്കാൻ സഹായിച്ചത്.
അതിരമ്പുഴ പഞ്ചായത്തിലും നഗരസഭയിലെ ചിലയിടത്തും ഒഴിച്ചാൽ ഏറ്റുമാനൂർ മണ്ഡലത്തിൽ കേരള കോൺഗ്രസിന് കാര്യമായ സ്വാധീനമില്ല. കോൺഗ്രസ് വോട്ടുകൾ നേടിയെടുക്കാൻ യു.ഡി.എഫ്. സ്ഥാനാർഥി പ്രിൻസ് ലൂക്കോസിന് കഴിയുമോ എന്നാണ് ഉറ്റുനോക്കുന്നത്.1987 ൽ ജോർജ് ജോസഫ് പൊടിപാറയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. 1982 ൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് വിട്ടുകൊടുത്തു. അത്തവണ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ഇ.ജെ. ലൂക്കോസ് വിജയിച്ചു. ഇ.ജെ യുടെ മകനാണ് പ്രിൻസ് ലൂക്കോസ്.






