യുവത്വം പോരടിക്കുന്ന ഒറ്റപ്പാലം


പാലക്കാട് - ഒറ്റപ്പാലത്ത് ഇക്കുറി യുവത്വത്തിന്റെ പോരാട്ടമാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്തെ യു.ഡി.എഫ് അനുകൂല തരംഗത്തിലും ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്ന ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തെ ചുവപ്പിച്ചു തന്നെ നിർത്താൻ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ അഡ്വ.െക.പ്രേംകുമാറിനെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ വന്ന ഡോ.പി.സരിൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയതോടെ മൽസരച്ചൂട് കടുത്തു. ബി.െജ.പി ജില്ലാ ജനറൽ സെക്രട്ടറി പി.വേണുഗോപാലാണ് എൻ.ഡി.എ സ്ഥാനാർത്ഥി. 


നിലവിൽ ശ്രീകൃഷ്ണപുരത്തു നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് പ്രേംകുമാർ. നേരത്തേ വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള ഈ 42 കാരൻ ഒറ്റപ്പാലം കോടതിയിലെ അഭിഭാഷകനാണ്. മണ്ഡലത്തിൽ ഉള്ള വിപുലമായ വ്യക്തിബന്ധങ്ങളാണ് സ്ഥാനാർത്ഥിയുടെ കരുത്ത്. നിയമസഭയിലേക്ക് ഇത് കന്നിയങ്കം. 
കോൺഗ്രസിൽ ജൂനിയർ ശശി തരൂർ എന്ന് വിളിക്കപ്പെടുന്ന ഡോ.സരിൻ കർണാടകയിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി ജോലി ചെയ്യുമ്പോഴാണ് അതവസാനിപ്പിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ യൂനിയൻ ചെയർമാനായിരുന്ന അദ്ദേഹം സിവിൽ സർവീസ് പരീക്ഷയിൽ 555 ാം റാങ്ക് നേടിയാണ് വിജയിച്ചത്. ഒറ്റപ്പാലം സ്വദേശിയായ ഈ 37 കാരൻ നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. ജില്ലാ നേതൃത്വം ഒറ്റപ്പാലത്തേക്ക് നിർദേശിച്ച സ്ഥാനാർത്ഥിയെ വെട്ടി രാഹുൽ ഗാന്ധി സരിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അവസരം നൽകുകയായിരുന്നു. 


സംഘ്പരിവാർ അനുകൂല സംഘടനകളിൽ നിരവധി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള പി.വേണുഗോപാൽ 2011 ലും 2016 ലും ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയായിരുന്നു. അമ്പലപ്പാറ സ്വദേശിയായ ഈ 52 കാരൻ 2010 ൽ പറളി ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്കും മൽസരിച്ചിട്ടുണ്ട്.
ഒറ്റപ്പാലം നഗരസഭയും അമ്പലപ്പാറ, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, ലക്കിടി, കരിമ്പുഴ, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് ഒറ്റപ്പാലം നിയമസഭാ മണ്ഡലം. ഇതിൽ തച്ചനാട്ടുകര, കരിമ്പുഴ എന്നിവിടങ്ങളിൽ യു.ഡി.എഫും മറ്റിടങ്ങളിൽ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. 


മണ്ഡലത്തിൽ കാര്യമായ ഭീഷണിയൊന്നും നേരിടുന്നില്ലെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് വർധിപ്പിക്കുന്നതിനൊപ്പം സ്ഥാനാർത്ഥിയുടെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി യു.ഡി.എഫിനെ തുണക്കുന്ന പ്രദേശങ്ങളിലും കടന്നു കയറാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. സമീപകാലത്ത് മണ്ഡലത്തിലുണ്ടായ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ ജനപ്രീതിയും കോട്ട ഉറപ്പിക്കാൻ സഹായകമാകുമെന്നാണ് അവരുടെ പ്രതീക്ഷ. സി.പി.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനവും മുന്നണിക്ക് കരുത്ത് പകരുന്നു. സരിന്റെ സ്ഥാനാർത്ഥിത്വം നഗരസഭാ പ്രദേശത്തൊഴികെ എവിടെയും ചലനമുണ്ടാക്കില്ലെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്. 
ഒറ്റപ്പാലം സി.പി.എമ്മിന്റെ കോട്ടയാണെന്ന അവകാശവാദം യു.ഡി.എഫ് തള്ളുന്നു. അനുയോജ്യനായ സ്ഥാനാർത്ഥിയുടെ അഭാവമായിരുന്നു പ്രധാന പരിമിതി എന്നും സരിന്റെ വരവോടെ അത് പരിഹരിക്കപ്പെട്ടു എന്നുമാണ് നേതാക്കളുടെ വാദം. 


കെ.ആർ.നാരായണൻ ഉൾപ്പെടെ പ്രശസ്തരായ വ്യക്തികളുടെ തട്ടകമായിരുന്ന ഒറ്റപ്പാലത്ത് സരിന്റെ വ്യക്തിപരമായ നേട്ടങ്ങൾ ചർച്ചയാക്കി ഉയർത്തിക്കൊണ്ടുവരാൻ യു.ഡി.എഫ് ശ്രദ്ധിക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ഒറ്റപ്പാലത്തെ യു.ഡി.എഫിലുണ്ടായ പ്രശ്‌നങ്ങൾ പുറമേക്കെങ്കിലും പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചു. സരിന്റെ ഭാര്യ ഡോ.സൗമ്യ ജില്ലയിൽ അറിയപ്പെടുന്ന പീഡിയാട്രീഷ്യനാണ്. അവരുടെ വ്യക്തിബന്ധങ്ങളും മണ്ഡലത്തിൽ അനുകൂലമാവുമെന്ന് യു.ഡി.എഫ് ക്യാമ്പ് കണക്കുകൂട്ടുന്നു. 
പാലക്കാട് ജില്ലയിൽ ബി.െജ.പിയുടെ വോട്ട് ക്രമമായി ഉയർന്നുകൊണ്ടിരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഒറ്റപ്പാലം. 2016 ൽ 27,605 വോട്ട് നേടിയ എൻ.ഡി.എ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡല പരിധിയിൽ നിന്ന് 35,683 വോട്ട് നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ 33,823 വോട്ടാണ് എൻ.ഡി.എക്ക് കിട്ടിയത്. ഒറ്റപ്പാലം നഗരസഭയിലും അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലും ബി.െജ.പിക്ക് ശക്തമായ സ്വാധീനമുണ്ട്. ശബരിമല വിഷയം പ്രചാരണരംഗത്ത് ശക്തമായി ഉയർത്തിക്കൊണ്ടു വരാനാണ് സംഘ്പരിവാറിന്റെ ശ്രമം. 


 

Latest News