ത്രികോണ പോരിൽ കാസർകോടിൻ മനം ആർക്കൊപ്പം 

കാസർകോട് -കർണാടകയിൽതലവെച്ച് അറബിക്കടലിൽ കാൽ നീട്ടി ചന്ദ്രഗിരി പുഴയോളങ്ങളുടെ തഴുകൽ ഏറ്റുകിടക്കുന്ന കാസർകോട്മണ്ഡലം 1977 മുതൽ മുസ്‌ലിം ലീഗിന്റെ ഉരുക്കുകോട്ടയാണ്. മണ്ഡലം നിലനിർത്താൻ സിറ്റിംഗ് എം.എൽ.എ എൻ.എ നെല്ലിക്കുന്ന്മൂന്നാമതും ഗോദയിൽ പൊരുതുമ്പോൾ അട്ടിമറി പ്രതീക്ഷയുമായാണ് എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തുംഎൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫും അങ്കം മുറുക്കുന്നത്. 
കാസർകോട് മണ്ഡലത്തിൽ മത്സരിക്കാൻ ഏതാനും നേതാക്കൾ രംഗത്തു വന്നതോടെയാണ് എൻ.എ നെല്ലിക്കുന്നിന് മൂന്നാം അങ്കത്തിന് ബാല്യമുണ്ടെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എല്ലാ വിഭാഗം ജനങ്ങൾക്കും സഹായം എത്തിക്കുകയും കിഫ്ബി പദ്ധതിയിൽ ഉൾപ്പെടെ കോടികളുടെ വികസന പദ്ധതികൾ നടപ്പിലാക്കിയതിന്റെയും നേട്ടങ്ങൾ പറഞ്ഞാണ്  നെല്ലിക്കുന്ന്വോട്ട് ചോദിക്കുന്നത്. കാസർകോട് മെഡിക്കൽ കോളേജ്, നഗരത്തിലെ ഉപ്പുവെള്ള പ്രശ്‌നത്തിന് പരിഹാരം, ഗതാഗത രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ, സ്‌കൂളുകളുടെവികസന പദ്ധതികൾ എന്നിവ നെല്ലിക്കുന്നിന്റെ നേട്ടങ്ങളുടെ പത്രികയിലുണ്ട്. 


അതേസമയം ഇടത് സർക്കാർ ഈ മണ്ഡലത്തോട് കാണിച്ച അവഗണനയും ഇദ്ദേഹം വോട്ടർമാരോട് തുറന്നുപറയുന്നു. മണ്ഡലത്തിൽ മൂന്നാമതും എൻ.എ നെല്ലിക്കുന്നിനെ മത്സരിപ്പിച്ചതിന്റെ നെഗറ്റീവ് വോട്ടിലുംപുതിയ കേരളത്തിന് വേണ്ടിയുള്ള വോട്ടിലുമാണ് എന്നും രണ്ടാം സ്ഥാനത്തുള്ള എൻ.ഡി.എയുടെ പ്രതീക്ഷ. കാസർകോട് അഡ്വ. കെ. ശ്രീകാന്തിന് കന്നിയങ്കമാണെങ്കിലും ചിരപരിചിതനെ പോലെ അദ്ദേഹം പ്രചാരണ രംഗത്ത് മണ്ഡലം ഇളക്കിമറിച്ചു മുന്നേറുകയാണ്. വോട്ടർമാരെ ഒറ്റക്കും കൂട്ടമായുംനേരിട്ടു കാണാനുംവോട്ട് തേടാനും ശ്രീകാന്ത് സമയം കണ്ടെത്തുന്നു. 
മണ്ഡലത്തിലെ എടനീർ ഡിവിഷനിലെ മുൻ ജില്ലാ പഞ്ചായത്ത് അംഗം നിലയിലും ശ്രീകാന്തിന് പ്ലസ് പോയന്റുണ്ട്. അതോടൊപ്പം സംസ്ഥാന സർക്കാരിന്റെ വികസന വിരുദ്ധതയുംസ്വർണക്കടത്തും മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥയും ശ്രീകാന്ത് പ്രചാരണ വിഷയമാക്കുന്നു. എന്നും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്ന ഇടതുമുന്നണി ഇത്തവണയും കാസർകോട് മണ്ഡലം സഖ്യക്ഷിയായ ഐ.എൻ.എല്ലിന് തന്നെയാണ് നൽകിയത്. വൈകിയാണ് എത്തിയതെങ്കിലും പ്രചാരണ രംഗത്ത് ഐ.എൻ.എൽ സ്ഥാനാർത്ഥി എം.എ ലത്തീഫിന് ഏറെ മുന്നിലെത്താൻ കഴിഞ്ഞിട്ടുണ്ട്. 


ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധ, ഫാസിസ്റ്റ്നിലപാടുകൾ തുറന്നുകാണിച്ചും എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ കോടികളുടെവികസന ക്ഷേമ പദ്ധതികൾ വിശദീകരിച്ചും തന്നെയാണ് ലത്തീഫ് വോട്ട് പിടിക്കുന്നത്. ലീഗിലെ നെഗറ്റീവ് വോട്ടുകൾ ഇത്തവണ തന്നെ തുണക്കുമെന്നാണ് ലത്തീഫ്പറയുന്നത്. കാലങ്ങളായി ലീഗ് കുത്തകയാക്കി വെച്ചതുകൊണ്ടാണ് മണ്ഡലം വികസനത്തിൽ പിന്നോക്കം പോയതെന്നുവിവരിക്കുന്ന സ്ഥാനാർത്ഥി എം.സി ഖമറുദ്ദീന്റെ ഫാഷൻ ഗോൾഡ് തട്ടിപ്പുംപ്രചാരണ വിഷയമാക്കുന്നു.


കാൽ നൂറ്റാണ്ട് കാലം സി.ടി അഹമ്മദലി  എം.എൽ.എയും 1991 ൽ മന്ത്രിയുമായിരുന്ന മണ്ഡലത്തിൽ 2016 ൽ 8607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻ.എനെല്ലിക്കുന്ന്വിജയിച്ചത്. 2011 ലും ഇദ്ദേഹം തന്നെയായിരുന്നു മണ്ഡലത്തിന്റെ പ്രതിനിധി. 1996 ലും 2006 ലും ഇടതു സ്ഥാനാർഥിയായി മണ്ഡലത്തിൽ ജനവിധി തേടിയ എൻ.എ നെല്ലിക്കുന്ന്പിന്നീട് ലീഗിൽ ചേരുകയായിരുന്നു.കർണാടക സമിതിയും കോൺഗ്രസും വേറിട്ട് മത്സരിച്ച് മണ്ഡലം പ്രതിനിധാനം ചെയ്ത ചരിത്രം യു.ഡി.എഫ് സംവിധാനത്തിലൂടെ തിരുത്തിയാണ് ലീഗിന്റെ വെന്നിക്കൊടി.
1977 ൽ ടി.എ ഇബ്രാഹിമാണ് കാസർകോട് നിന്നുള്ള ആദ്യ മുസ്‌ലിം ലീഗ് എംഎൽഎ. മണ്ഡലത്തിലെ കാസർകോട് മുനിസിപ്പാലിറ്റി, ബദിയടുക്ക, ചെങ്കള, മൊഗ്രാൽ പുത്തൂർ, കുമ്പഡാജെ ഗ്രാമ പഞ്ചായത്തുകൾ യു.ഡി.എഫ് ഭരിക്കുന്നതാണ്. ബി.ജെ.പി ഭരണത്തിലുള്ള മൂന്ന് പഞ്ചായത്തുകളുണ്ട് മണ്ഡലത്തിൽ. ബെള്ളൂർ, മധൂർ, കാറഡുക്ക. 
തദ്ദേശ തെരഞ്ഞെടുപ്പിലെ ആകെ വോട്ടിൽ രണ്ടാം സ്ഥാനം ഉണ്ടെങ്കിലും എൽ.ഡി.എഫിന് മണ്ഡലത്തിൽ ഒരു പഞ്ചായത്തിലും ഭരണത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല.

 

Latest News