മലപ്പുറം- പ്രവാസികൾക്കായി വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. പ്രചാരണത്തിന് ജില്ലയിലെത്തിയ ഹസൻ മലപ്പുറം ഡി.സി.സി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കേരളത്തിന്റെ നന്മക്കും വികസനത്തിനുമായി കഷ്ടപ്പെടുന്ന പ്രവാസികളെ അവഗണിക്കാൻ സാധിക്കില്ല. അവരുടെ ക്ഷേമത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി പുനരധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും.
റേഷൻ കടകൾ വഴിയുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തുടരും. കാരുണ്യ പദ്ധതി വീണ്ടും ആരംഭിക്കും. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം നൽകാനും പദ്ധതിയുണ്ടാകും.
കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ പരീക്ഷാ സെന്ററുകൾ വിദേശ രാജ്യങ്ങളിലും ആരംഭിക്കാൻ നടപടി സ്വീകരിക്കും. പി.എസ്.സി പരീക്ഷ എഴുതാനായി വിദേശ രാജ്യങ്ങളിൽനിന്നും കേരളത്തിലെത്തുന്നത് ഒഴിവാക്കാൻ ഇത് ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരളത്തിൽ അഞ്ച് പുതിയ സർവകലാശാലകൾ ആരംഭിക്കും. അറബിക്ക് സർവകലാശാല, ആയുർവേദ സർവകലാശാല, സ്പോർട്സ് യൂനിവേഴ്സിറ്റി, അധ്യാപക സർവകലാശാല, സൈബർ സർവകലാശാല എന്നിവയാണിവ -അദ്ദേഹം വിശദീകരിച്ചു.
യു.ഡി.എഫ് ശക്തമായ രീതിയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടുകൊണ്ടിരിക്കയാണ്. വരും ദിനങ്ങളിൽ എല്ലാ മണ്ഡലങ്ങളിലും സംസ്ഥാന നേതാക്കൾ പ്രചാരണത്തിനെത്തും. യു.ഡി.എഫ് വിജയം ഉറപ്പായ അവസരത്തിൽ വിവിധ ചാനലുകളെയും മറ്റു മാധ്യമങ്ങളെയും ഉപയോഗിച്ച് ഇടതുപക്ഷം യു.ഡി.എഫിനെ തകർക്കാൻ ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിൽ മലപ്പുറം ഡി.സി.സി പ്രസിഡന്റ് ആര്യാടൻ ഷൗക്കത്തും പങ്കെടുത്തു.






