അനീതികളെ തെരുവിൽ ചോദ്യം ചെയ്തത് വെൽഫെയർ പാർട്ടി -ഇ.സി. ആയിഷ

മോങ്ങം ചെറുപുത്തൂരിൽ വെൽഫെയർ പാർട്ടി നൽകിയ  സ്വീകരണത്തിൽ ഇ.സി. ആയിഷ സംസാരിക്കുന്നു.

മോങ്ങം - നീതിയും ജനാധിപത്യവും പുലരാൻ ആലോചിച്ച് സമ്മതിദാനവകാശം വിനിയോഗിക്കണമെന്നും, നീതി പുലരുന്ന നാടിന് വേണ്ടി നില കൊള്ളുന്നവരെ വിജയിപ്പിക്കാൻ കഴിയണമെന്നും വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറിയും മലപ്പുറം നിയമസഭാ വെൽഫെയർ പാർട്ടി സ്ഥാനാർഥിയുമായ ഇ.സി. ആയിഷ പറഞ്ഞു.
മോങ്ങം ചെറുപുത്തൂരിൽ വെൽഫെയർ പാർട്ടി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.


ജനങ്ങളുടെ മറവിയും അശ്രദ്ധയും മുതലെടുക്കാൻ തെരഞ്ഞെടുപ്പ് സമയത്ത് കഴിയുമെന്ന വിശ്വാസമാണ് വർഗീയ ധ്രുവീകരണത്തിന്റെ അഴിമതിയുടെ സ്വജനപക്ഷപാതത്തിന്റെ പിൻ വാതിലുകൾ എപ്പോഴും തുറന്ന് വെക്കാൻ മുന്നണികൾക്ക് ധൈര്യം പകരുന്നത്.
നുണകൾ നിരന്തരം ആവർത്തിച്ച് ജനങ്ങളെ പറ്റിക്കാമെന്ന അവരുടെ ഈ അഹങ്കാരത്തെ അവസാനിപ്പിക്കാൻ കഴിയുമ്പോൾ മാത്രമേ ഭരണ ഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം പുലരുകയുള്ളൂ. മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞ രാജ്യമായി ഇന്ത്യ മാറി. തെരെഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ രാജ്യമെന്നാണ് ഇന്ന് ഇന്ത്യയുടെ അന്താരാഷ്ട്ര വിളിപ്പേരെന്നും അതിനെ മാറ്റിയെടുക്കാൻ ഉതകുന്ന സമൂഹത്തെ വാർത്തെടുക്കണമെന്നും അതിനുള്ള മാർഗമായാണ് നിയമ സഭയിലേക്ക് മത്സരിക്കുന്നതെന്നും അവർ പറഞ്ഞു.


സാമൂഹിക നീതിയുടെ പരിപാലനമാണ് നീതി നിർവഹണ മേഖലയുടെ ചുമതല. കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാരിന്റെ പോലീസ് നടപ്പാക്കിയത് സംഘ്പരിവാർ നയമായിരുന്നു. കേരള ചരിത്രത്തിൽ ആദ്യമായി വ്യാജ ഏറ്റു മുട്ടലിലൂടെ എട്ടുപേരെയാണ് പോലീസ് വെടി വെച്ച് കൊന്നത്. അതിൽ രണ്ട് പേർ സ്ത്രീകളായിരുന്നു. കേന്ദ്രസർക്കാർ വംശീയ ലക്ഷ്യത്തോടെ പ്രയോഗിക്കുന്ന ഭീകര നിയമമായ യു.എ.പി.എ ഇടത് സർക്കാർ യഥേഷ്ടം ഉപയോഗിച്ചു. ഇടതു പക്ഷ വിദ്യാർഥി പ്രവർത്തകരടക്കം ധാരാളം ചെറുപ്പക്കാർ രാജ്യ ദ്രോഹികളായി തടവറകളിലായി. 
35 ലോക്കപ്പ് കൊലപാതങ്ങളാണ് ഇക്കാലത്ത് കേരളത്തിൽ അരങ്ങേറിയത്. ദളിതരും പിന്നാക്ക ജനവിഭാഗങ്ങളുമാണ് പോലീസ് മർദനങ്ങളുടെ ഇരകളായി മാറുന്നത്. കാസർകോട്ടെ റിയാസ് മൗലവിയുടെയും, കൊടിഞ്ഞി ഫൈസലിന്റെയും ഘാതകർക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയും സംഘ്പരിവാർ പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ നിഷ്‌ക്രിയമായി മാറുകയുമാണ് പോലീസ് ചെയ്തത്. 


സംഘ് പരിവാർ ബന്ധം കാരണം കുപ്രസിദ്ധരായവരെ പോലീസ് മേധാവിയും ഉപദേശകനുമാക്കിയ സർക്കാറാണിതെന്നും പൗരത്വ പ്രക്ഷോഭത്തെ ഒറ്റു കൊടുത്ത് പോരാളികൾക്കെതിരെ കേസെടുത്ത് ജയിലിലടച്ച് സംഘ് പരിവാറിനെ പ്രീണിപ്പിക്കുകയാണ് കേരള സർക്കാർ ചെയ്ത് കൊണ്ടിരിക്കുന്നത്. ഈ അനീതികളെ കേരളത്തിന്റെ തെരുവിൽ ചോദ്യം ചെയ്തത് വെൽഫെയർ പാർട്ടി ആയിരുന്നെന്നും അവർ എടുത്തു പറഞ്ഞു.

 

 

Latest News