പൊന്നാനിയിൽ ഇത്തവണ നടക്കുന്നത് രണ്ട് തലമുറകളുടെ പേരാട്ടമാണ്. ദേശീയ തൊഴിലാളി സംഘടനാ രംഗത്ത് പതിറ്റാണ്ടുകളുടെ നേതൃപാഠവമുള്ള മുതിർന്ന സി.ഐ.ടി.യു നേതാവ് പി. നന്ദകുമാറും കോൺഗ്രസിന്റെ യുവപോരാളിയും അഭിഭാഷകനുമായ എ.എം. രോഹിത്തും തമ്മിൽ. സി.പി.എമ്മിലെ ടേം വ്യവസ്ഥയുടെ പേരിൽ സിറ്റിംഗ് എം.എൽ.എയായ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് മാറി നിൽക്കേണ്ടി വന്നപ്പോൾ ഇടതുമുന്നണി പൊന്നാനിയിൽ പി. നന്ദകുമാറിനെ മത്സരിപ്പിക്കുകയായിരുന്നു. നന്ദകുമാറിന്റെ സ്ഥാനാർഥിത്വത്തിനെതിരെ പൊന്നാനിയിലെ പാർട്ടിക്കാർ പ്രതിഷേധപ്രകടനം വരെ നടത്തിയെങ്കിലും അഭിപ്രായ ഭിന്നതകളെ പറഞ്ഞൊതുക്കി പ്രചാരണം മുന്നോട്ടു പോകുന്നു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ നന്ദകുമാർ 1970 കളിൽ തൊഴിലാളി ക്ഷേമപ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. ചുമട്ടുതൊഴിലാളികളെയും ലോട്ടറി-ടാക്‌സി തൊഴിലാളികളെയും സംഘടിപ്പിച്ച് സി.ഐ.ടി.യുവിന്റെ പ്രധാന മുഖമായി. 1975-ൽ അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം ഒന്നേമുക്കാൽ കൊല്ലം ജയിലിൽ കിടന്നു. 1977-ൽ ജയിൽ മോചിതനായശേഷം പാർട്ടി തിരൂർ താലൂക്ക് സെക്രട്ടറിയായി ചുമതലയേറ്റു. സി.ഐ.ടി.യു മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, അഖിലേന്ത്യാ സെക്രട്ടറി, മലപ്പുറം സ്പിന്നിംഗ് മിൽ ചെയർമാൻ, കൺസ്യൂമർഫെഡ് ഡയറക്ടർ, തിരൂർ തുഞ്ചൻ സ്മാരക സമിത സെക്രട്ടറി തുടങ്ങി വിവിധ പദവികൾ വഹിച്ചു. തിരൂർ സ്വദേശിയായ നന്ദകുമാർ ചങ്ങരംകുളത്താണ് താമസം. നിയമസഭയിലേക്ക് ആദ്യമായാണ് മത്സരിക്കുന്നത്.
പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. എ.എം. രോഹിത്തിനും ഇത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യപരീക്ഷണമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ദേശീയ കോ-ഓർഡിനേറ്ററുമാണ്. 2010 ൽ മാറഞ്ചേരി ഡിവിഷനിൽനിന്ന് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. തൃശൂർ ഗവൺമെന്റ് ലോ കോളേജിൽനിന്ന് എൽ.എൽ.ബി പൂർത്തിയാക്കി. ചാവക്കാട്, പൊന്നാനി കോടതികളിൽ അഭിഭാഷകനാണ്.
എൻ.ഡി.എക്ക് വേണ്ടി ബി.ഡി.ജെ. എസ് ആണ് പൊന്നാനിയിൽ മത്സരിക്കുന്നത്. സംഘടനയുടെ ജില്ലാ വൈസ് പ്രസിന്റായ സുബ്രഹ്മണ്യൻ ചുങ്കപ്പള്ളിയാണ് സ്ഥാനാർഥി. മലപ്പുറം സ്വദേശിയായ സുബ്രഹ്മണ്യൻ ജില്ലാ പോലീസ് ഓഫീസിലെ മുൻ ജീവനക്കാരനാണ്. എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി, മലപ്പുറം യൂനിയൻ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. പൊന്നാനിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 69,332, യു.ഡി.എഫിന് 53,692, എൻ.ഡി.എക്ക് 11,662 എന്നിങ്ങിനെ വോട്ടുകളാണ് ലഭിച്ചത്.






