കൊച്ചി- പിടിക്കപ്പെട്ട മോഷ്ടാവ് കളവു മുതല്‍ തിരിച്ചേല്‍പ്പിക്കും പോലെയാണ് മല്‍സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ നിന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ പിന്‍മാറിയതെന്ന് രാഹുല്‍ഗാന്ധി എംപി.
എറണാകുളം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം നടത്തിയത്.
സര്‍ക്കാരിന്റെ ഗൂഢോദ്ദേശ്യം ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. കേരളത്തിലെ ജനങ്ങളും മത്സ്യത്തൊഴിലാളികളും വിഡ്ഢികളാണെന്ന് കരുതരുത്. മത്സ്യബന്ധനം സംബന്ധിച്ച് അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ നഗ്‌നമായ അഴിമതിയാണ്. മല്‍സ്യത്തൊഴിലാളികള്‍ക്ക് എല്ലാ കാര്യങ്ങളും അറിയാം. എന്ത് കരാറുണ്ടാക്കുമ്പോഴും അത് പകല്‍വെളിച്ചത്തില്‍ സുതാര്യമായി ചെയ്യണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.