റിയാദ് - വിദേശിയുടെ കാറിൽ നിന്ന് രണ്ടു ലക്ഷം റിയാൽ തട്ടിയെടുത്ത നാലു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു. അറസ്റ്റിലായ പ്രതികളിൽ ഒരാൾ ട്രാഫിക് ഡയറക്ടറേറ്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. വിദേശിയുടെ കാർ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയും വാഹന പരിശോധന നടത്തി രണ്ടു ലക്ഷം റിയാൽ തട്ടിയെടുക്കാൻ വിരമിച്ച ഉദ്യോഗസ്ഥനെ അനുവദിക്കുകയുമായിരുന്നു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ പറഞ്ഞു.
ഈ കേസ് അടക്കം അഴിമതിയും അധികാര ദുർവിനിയോഗവുമായി ബന്ധപ്പെട്ട് അടുത്തിടെ കണ്ടെത്തിയ പത്തു പ്രധാന കേസുകളുടെ വിശദാംശങ്ങൾ കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ പുറത്തുവിട്ടു. ഗോഡൗൺ ഗാർഡ് ആയി സേവനമനുഷ്ഠിച്ച കാലത്ത് 2,19,750 റിയാലും സ്വർണ ബിസ്‌കറ്റുകളും കൈക്കലാക്കിയ, പോലീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്. കൈക്കലാക്കിയ പണവും സ്വർണ ബിസ്‌കറ്റുകളും ഉപയോഗിച്ച് വാഹന വിൽപന മേഖലയിൽ പ്രവർത്തിച്ച പ്രതി പണവും ലാഭവും തന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കാർ ഷോറൂമിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും പിന്നീട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു.
സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺസ് മുൻ ഉദ്യോഗസ്ഥനും വ്യവസായിയും അഴിമതി കേസിൽ അറസ്റ്റിലായിട്ടുണ്ട്. സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺസിൽ നിന്നുള്ള പദ്ധതികൾ അനുവദിക്കുന്നതിന് കൂട്ടുനിന്ന് വ്യവസായിയിൽ നിന്ന് 2,25,750 റിയാൽ ഉദ്യോഗസ്ഥൻ കൈക്കൂലി സ്വീകരിക്കുകയായിരുന്നു.