ജര്‍മനിയില്‍ ലോക്ഡൗണിനെതിരെ ജനകീയ പ്രതിഷേധം

ബെര്‍ലിന്‍- ജര്‍മനിയില്‍ കോവിഡ് ലോക്ഡൗണിനെതിരെ പ്രതിഷേധം. ആയിരക്കണക്കിന് ജനങ്ങള്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യവുമായി കാസല്‍ നഗരത്തില്‍ തടിച്ചുകൂടി. ഓണ്‍ലൈന്‍ മൂവ്‌മെന്റുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ ബോട്ടിലുകള്‍ വലിച്ചെറിഞ്ഞതായും ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതായും പോലീസ്  ട്വീറ്റ് ചെയ്തു. കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. 'നിര്‍ബന്ധിത വാക്‌സിനേഷന്‍ പാടില്ല', 'ജനാധിപത്യം സെന്‍സര്‍ഷിപ്പ് അനുവദിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന അഭിപ്രായവുമായി മറ്റൊരു വിഭാഗവും തെരുവിലിറങ്ങി. മാസ്‌ക് ധരിച്ചും വാക്‌സിന്‍ സ്വീകരിച്ചുവെന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമായിരുന്നു പ്രതിഷേധം.ജര്‍മനിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് നാലുമാസമാകുന്നു. യു.എസിനെയും ബ്രിട്ടനെയും അപക്ഷിച്ച് മന്ദഗതിയിലാണ് ജര്‍മനിയിലെ വാക്‌സിനേഷന്‍. സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിയാത്തതിനാല്‍ ജര്‍മനിയിലെ ജനങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അടുത്ത ഘട്ട ലോക്ഡൗണ്‍ പ്രഖ്യാപനത്തെക്കുറിച്ച് ദേശീയ പ്രാദേശിക നേതൃത്വം അഭിപ്രായം ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രതിഷധം.

Latest News