കോഴിക്കോട്- തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചതോടെ ബി.ജെ.പി നേരിടുന്നത് വൻ വെല്ലുവിളി. തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തുന്നതിന് മുമ്പു തന്നെ ആത്മവിശ്വാസം നഷ്ടമായ അവസ്ഥയിലായി ബി.ജെ.പി. തലശേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്താനിരിക്കുന്നതിന് തൊട്ടുമുമ്പാണ് തലശേരിയിൽ സ്ഥാനാർത്ഥി തന്നെ ഇല്ലാത്ത അവസ്ഥയായി.
കേരള രാഷ്ട്രീയത്തിൽ ചുവടുവെക്കാൻ നിശ്ചയിച്ചുറപ്പിച്ച ബി.ജെ.പിക്ക് വൻ തിരിച്ചടിയാണ് മൂന്നിടങ്ങളിലെ സ്ഥാനാർത്ഥികളുടെ അഭാവം. കണ്ണൂർ രാഷ്ട്രീയത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് കാലങ്ങളായി ബി.ജെ.പി തുടങ്ങുന്നത്. കണ്ണൂർ ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുകളുള്ള മണ്ഡലങ്ങളിലൊന്നാണ് തലശേരി. ജില്ലാ പ്രസിഡന്റായിരുന്നു ഇവിടെ സ്ഥാനാർത്ഥി. ജില്ലാ പ്രസിഡന്റിന് പോലും പട്ടിക കൃത്യമായി പൂരിപ്പിക്കാൻ അറിയില്ലേ എന്ന ചോദ്യവും ഉയർന്നിരുന്നു. ബി.ജെ.പിയെ സംബന്ധിച്ച് പ്രധാന മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂരും. ഇവിടെയും മത്സരിക്കാൻ സ്ഥാനാർത്ഥിയില്ലാത്തത് പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയെ പ്രതികൂലമായി ബാധിക്കും. അണികളോടും ദേശീയ നേതൃത്വത്തോടും ഒരേസമയം പ്രതികരിക്കേണ്ട അവസ്ഥയിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.
കേരളത്തിൽ വർഷങ്ങളായി വോട്ടു കച്ചവടം എന്ന ആരോപണം നേരിടുന്ന പാർട്ടിയാണ് ബി.ജെ.പി. കോ-ലീ.ബീ സഖ്യം ഈ തെരഞ്ഞെടുപ്പിലും കാര്യമായ ചർച്ചയുണ്ടാക്കിയിരുന്നു. ഇതിന്റെ മൂർധന്യത്തിൽ നിൽക്കവെയാണ് മൂന്നു മണ്ഡലങ്ങളിൽ പാർട്ടിക്ക് സ്ഥാനാർത്ഥികൾ പോലുമില്ലാതാകുന്നത്. ഇവിടെയുള്ള പ്രവർത്തകരുടെ വോട്ട് എവിടേക്ക് പോയി എന്ന് വരുംകാലങ്ങളിൽ പാർട്ടി വിശദീകരിക്കേണ്ടി വരും.