വന്ദേഭാരതിലൂടെ മടങ്ങിയെത്തിയത് 67 ലക്ഷം ഇന്ത്യക്കാര്‍

ന്യൂദല്‍ഹി- കോവിഡ് 19 കാലത്ത് വിമാന സര്‍വീസുകള്‍ മുടങ്ങിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച വന്ദേഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം കേന്ദ്രമന്ത്രി പങ്കുവെച്ചത്.

വന്ദേഭാരത് മിഷന്‍ ലോകമെമ്പാടും പറന്നുയരുകയാണ്. 2020 മാര്‍ച്ച് 7 മുതല്‍ 67.7ലക്ഷത്തിലധികം പേരെയാണ് നാട്ടിലെത്തിച്ചത്. മടക്കിക്കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര യാത്രകള്‍ക്കും സുഗമമായ വഴിയൊരുക്കിയത് 27 എയര്‍ ബബിളുകളാണ്. ലോകത്തെ ഏറ്റവും വലിയ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ദൗത്യം-  ഹര്‍ദീപ് സിംഗ് ട്വീറ്റ് ചെയ്തു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയപ്പോയവരെ തിരികെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രം വന്ദേഭാരത് മിഷന്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാന സര്‍വീസുകളാണ് ഇതില്‍ സുപ്രധാന പങ്കുവഹിച്ചത്.

 

 

Latest News