ബുലന്ദ്ശഹർ- രണ്ട് കുടുംബങ്ങൾ തമ്മിൽ 15 വർഷം മുമ്പ് തുടങ്ങിയ കുടിപ്പകയാണ് പരസ്പരം വെട്ടിയും കൊന്നും തുടർന്നു കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലത്തെ കൊലപാതകം കഴിഞ്ഞ ഞായറാഴ്ചയാണ് നടന്നത്. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി. ഞായറാഴ്ച യുപിയിലെ ബുലന്ദ്ശഹറിൽ വെച്ചാണ് കൊല നടന്നത്. ധരംപാൽ എന്നയാളും രണ്ട് മക്കളും ഭാര്യയും ചേർന്ന് ഒരു ഇന്നോവ കാറിൽ യാത്ര ചെയ്യവെയാണ് ആക്രമണമുണ്ടായത്. ധരംപാലിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ഒരു മകൻ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. വെടി കൊണ്ടായിരുന്നു മരണം. കാറിലുണ്ടായിരുന്ന നാലുപേർക്കും പരിക്കുണ്ട്.
കുടിപ്പക തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ധരംപാലിന് പൊലീസ് സംരക്ഷണം നൽകിയിരുന്നു. ഒരു പൊലീസുകാരനാണ് കൂടെയുണ്ടായിരുന്നത്. ഇദ്ദേഹത്തിന് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. കാറിനു നേർക്ക് വെടി വന്നപ്പോൾ താൻ തിരിച്ചും വെടിയുതിർത്ത് അക്രമികളെ ഓടിച്ചെന്ന് പൊലീസുദ്യോഗസ്ഥനായ പുഷ്പേന്ദ്ര പറയുന്നു. അക്രമികൾ പല റൌണ്ട് വെടിയുതിർത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധരംപാലിന്റെ അച്ഛൻ ഇതുപോലെത്തന്നെ കൊല്ലപ്പെട്ടതാണ്. ആ സംഭവത്തിനു ശേഷമാണ് ധരംപാലിന് ബോഡിഗാർഡിനെ നൽകിയത്. തോക്ക് ലൈസൻസും പൊലീസ് നൽകിയിരുന്നു. ധരംപാലിന്റെ അമ്മയും അവർക്കൊപ്പമുണ്ടായിരുന്ന ജോലിക്കാരിയും സമാനമായ രീതിയിൽ കൊല ചെയ്യപ്പെട്ടിരുന്നു.
15 വർഷം മുമ്പ് നടന്ന രണ്ട് കൊലപാതകങ്ങളാണ് ഇതിനെല്ലാം തുടക്കമിട്ടത്. ധരംപാലിന്റെ കുടുംബവും അമിത് എന്നയാളുടെ കുടുംബവും തമ്മിലാണ് കുടിപ്പക. ധരംപാലിന്റെ മാതാപിതാക്കളുടെയും ജോലിക്കാരിയുടെ കൊലപാതകത്തിൽ അമിത്തിന്റെ അച്ഛനും അമ്മാവനും ഇപ്പോൾ ജീവപര്യന്തം തടവ് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ധരംപാലിന്റെ മാതാവിന്റെ മരണം 2005ലായിരുന്നു. ഇതിനു പിന്നാലെ 2007ൽ അമിത്തിന്റെ അമ്മയും അമ്മാവനും കൊല ചെയ്യപ്പെട്ടു. ധരംപാലിന്റെ ആൾക്കാരാണിത് ചെയ്തതെന്ന് ആരോപണമുണ്ട്. 2019ൽ ധരംപാലിന്റെ സഹോദരനും കൊല ചെയ്യപ്പെട്ടു. അമ്മ കൊല്ലപ്പെടുകയും അച്ഛൻ ജയിലിലാകുകയും ചെയ്തതോടെ അമിത് പ്രതികാരദാഹവുമായി നടക്കുകയായിരുന്നു. പിന്നീട് നടന്ന കൊലപാതകങ്ങൾക്കൊടുവിൽ ഇയാളും ജയിലിലായി. ഇപ്പോൾ ജയിലിൽ നിന്ന് ഇവർ ഈ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.






