മങ്കട മണ്ഡലത്തിൽ സ്ഥാനാർഥികൾ തട്ടിലിറങ്ങിയതോടെ മത്സരം മുറുകുകയാണ്. മങ്കടയിലെ മുൻ എം.എൽ.എയും പെരിന്തൽമണ്ണയിലെ സിറ്റിംഗ് എം.എൽ.എയും മലയാള സിനിമയിലെ ഒരു കാലത്തെ ബോക്‌സ്ഓഫീസ് ഹിറ്റായ കിംഗ് സിനിമയുടെ നിർമാതാവുമായ മഞ്ഞളാംകുഴി അലിയാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി എത്തുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മുൻ പ്രതിപക്ഷനേതാവും യുവ അഭിഭാഷകനുമായ ടി.കെ. റഷീദലിയാണ് മുഖ്യഎതിരാളി.
വ്യവസായവും സിനിമ നിർമാണവുമായി സജീവമായിരുന്ന മാക് അലി എന്ന മഞ്ഞളാംകുഴി അലി 1996 ൽ മങ്കടയിൽനിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2001 ൽ മങ്കടയിൽ വീണ്ടും മത്സരിച്ച് അട്ടിമറി വിജയം നേടി. അന്ന് മുസ്‌ലിം ലീഗിലെ പ്രമുഖ നേതാവ് കെ.പി.എ. മജീദിനെ തോൽപിച്ചായിരുന്നു വിജയ തുടക്കം. മലപ്പുറം ജില്ലയിൽ ലീഗിനെ പ്രതിരോധിക്കാനുള്ള മികച്ച തന്ത്രം പൊതുസ്വതന്ത്രൻമാരെ മത്സരിപ്പിക്കുകയെന്നതാണെന്ന് ഇടതുപക്ഷം തിരിച്ചറിഞ്ഞത് അലിയുടെ വിജയത്തോടെയാണ്. ഈ തന്ത്രം പിന്നീട് എൽ.ഡി.എഫ് ജില്ലയിലെ പല മണ്ഡലങ്ങളിലും പരീക്ഷിച്ച് വിജയിച്ചു. 2006 ൽ മങ്കടയിൽ വിജയം ആവർത്തിച്ചു. 2010 ൽ ഇടതുമുന്നണിയുമായി അകന്ന അലി 2011, 2016 തെരഞ്ഞെടുപ്പുകളിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ യുഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു. സംസ്ഥാന മന്ത്രി സഭയിൽ അംഗമായിരുന്നു. കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി ചെയർമാൻ, കെ.എസ്.എഫ്.ഡി.സി, നോർക്ക റൂട്ട്സ് എന്നിവയുടെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. പെരിന്തൽമണ്ണക്കടുത്ത് പനങ്ങാങ്ങര സ്വദേശിയാണ്. രാമപുരം ജെംസ് ആർട്സ് ആന്റ് സയൻസ് കോളേജ് ചെയർമാനാണ്. 25 സിനിമകൾ നിർമിച്ചിട്ടുണ്ട്.
തുടർച്ചയായ അഞ്ചാം വിജയം തേടിയാണ് അലി ഇത്തവണ പോരിനിറങ്ങുന്നത്.
മങ്കടയിലെ ഇടതുസ്ഥാനാർഥി അഡ്വ. ടി.കെ. റഷീദലി അങ്ങാടിപ്പുറം സ്വദേശിയാണ്. പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജ്, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മൈസൂർ ലോ കോളജിൽനിന്ന് എൽ.എൽ.ബി പൂർത്തിയാക്കി. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന റഷീദലി മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽനിന്ന് തുടർച്ചയായ രണ്ടു തവണ യൂനിവേഴ്‌സിറ്റി യൂനിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗം, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എസ.്എഫ്.ഐ മണ്ണാർക്കാട് ഏരിയാ ജോയിന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കർഷക സംഘം മങ്കട ഏരിയാ സെക്രട്ടറിയും സി.പി.എം മങ്കട ഏരിയാ കമ്മിറ്റി അംഗവുമാണ്.
എൻ.ഡി.എക്ക് വേണ്ടി മങ്കടയിൽ മത്സരിക്കുന്നത് യുവമോർച്ച ജില്ലാ പ്രസിഡന്റ് സജേഷ് ഏലായിൽ ആണ്.
പുഴക്കാട്ടിരി സ്വദേശിയായ സജേഷ് യുവമോർച്ച യൂനിറ്റ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മക്കരപ്പറമ്പ് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽനിന്ന് മത്സരിച്ചിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മങ്കടയിൽ യു.ഡി.എഫിന് 69,165, എൽ.ഡി.എഫിന് 67,657, എൻ.ഡി.എക്ക് 6641 വോട്ടുകളാണ് ലഭിച്ചത്.






