പെരിന്തൽമണ്ണ- അസംബ്ലി നിയോജക മണ്ഡലത്തിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പരീക്ഷണത്തിന്റെ തുടർച്ചയാണ്. വിമത യു.ഡി.എഫ് നേതാക്കൾക്ക് സീറ്റ് നൽകി സ്വന്തം പാളയത്തിലെത്തിക്കുകയെന്ന ഇടതുശൈലിയുടെ പുതിയ വേദിയാണ് പെരിന്തൽമണ്ണ. ഇടതുമുന്നണിക്ക് വേണ്ടി മുൻ ലീഗ് നേതാവും ബിസിനസുകാരനുമായ കെ.പി. മുഹമ്മദ് മുസ്തഫയാണ് ഇത്തവണ തട്ടിലുള്ളത്. മുഖ്യഎതിരാളി ദീർഘകാലം പത്രപ്രവർത്തകനും മുസ്‌ലിം യൂത്ത് ലീഗ് നേതാവുമായ നജീബ് കാന്തപുരം. എൻ.ഡി.എക്ക് വേണ്ടി അഭിഭാഷകയും രംഗത്തുണ്ട്.
മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ പെരിന്തൽമണ്ണയിലെ എം.എൽ.എ മഞ്ഞളാംകുഴി അലി മങ്കട മണ്ഡലത്തിൽ സ്ഥാനാർഥിയായതോടെയാണ് 46 കാരനായ നജീബ് കാന്തപുരം പെരിന്തൽമണ്ണയിലെത്തിയത്.
കോഴിക്കോട് ജില്ലയിലെ കാന്തപുരം സ്വദേശിയാണ്. ബി.എഡ് ബിരുദാരി. 1996 മുതൽ ചന്ദ്രിക ദിനപത്രത്തിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. സമകാലിക പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം എഴുത്തുകാരനാണ്. 2015 ൽ ചന്ദ്രിക സീനിയർ സബ് എഡിറ്റർ ആയിരിക്കെ മാധ്യമ പ്രവർത്തനത്തിൽനിന്ന് രാജിവെച്ച് മുഴുസമയ രാഷ്ട്രീയ പ്രവർത്തകനായി. ബംഗാളിലെ നന്ദിഗ്രാം അടിസ്ഥാനമാക്കി ഇനിയും എന്ന ഡോക്വുമെന്ററി സംവിധാനം ചെയ്തു. വിദ്യാർഥികാലം മുതൽ കവിതാ രചന പ്രസംഗ വേദികളിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
2010 ൽ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കാന്തപുരം വാർഡിൽ നിന്ന് വിജയിച്ചു. 2015 ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പറായി. ഫാറൂഖ് കോളേജിൽ എം.എസ്.എഫ് പ്രവർത്തകനായി പൊതുപ്രവർത്തന രംഗത്തെത്തി. കോളേജ് യൂനിറ്റ് സെക്രട്ടറി, യൂനിയൻ എക്‌സിക്യൂട്ടിവ് അംഗം, കോഴിക്കോട് സർവകലാശാല ബി.എഡ് സെന്ററിൽ സ്റ്റുഡന്റ് എഡിറ്റർ, എം.എസ്.എഫ് സംസ്ഥാന സർഗവേദി കൺവീനർ, മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
മണ്ഡലത്തിലെ ഇടതുസ്ഥാനാർഥിയായ കെ.പി. മുഹമ്മദ് മുസ്തഫ എത്തിയത് ഇരുമുന്നണികളെയും അമ്പരപ്പിച്ചിരുന്നു. സി.പി.എമ്മിലെ പ്രമുഖരുടെ പേരുകൾ പരിഗണിച്ചു കൊണ്ടിരിക്കെയാണ് മുൻ ലീഗ് നേതാവായ മുസ്തഫയെ ഇടതുനേതൃത്വം തട്ടിലിറക്കിയത്.
മുസ്‌ലിം ലീഗിലൂടെ മലപ്പുറം നഗരസഭയുടെ മുൻ ചെയർമാനായിരുന്ന മുസ്തഫ ട്രേഡ് യൂനിയൻ നേതാവുമാണ്. മലപ്പുറത്തെ പൗരപ്രമുഖനും വ്യവസായിയുമായ കെ.പി. മുഹമ്മദാലി ഹാജിയുടെ മകൻ. കോഴിക്കോട് മീഞ്ചന്ത എൻ.എസ്.എസ് സ്‌കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിലെ പഠനങ്ങൾക്ക് ശേഷം അണ്ണാ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി ബിസിനസിലേക്കിറങ്ങി. കെ.പി.എം ട്രിപ്പന്റ ഗ്രൂപ്പ് ഹോട്ടലുകളുടെ മാനേജിംഗ് ഡയറക്ടറും കെ.പി.എം സാനിറ്റേഷൻസ്, അഗ്രോ ഫുഡ്‌സ് എന്നിവയുടെ ഡയറക്ടറുമാണ്. രണ്ടു തവണ മലപ്പുറം നഗരസഭയിലേക്ക് ലീഗ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രമോട്ടോർ തൊഴിലാളിയൂനിയൻ (എസ്.എം.ടി.യു) മലപ്പുറം ജില്ലാപ്രസിഡന്റ്, മലപ്പുറം മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ എന്നീ നിലകളിൽ പ്രവർത്തിച്ചു.
പെരിന്തൽമണ്ണയിലെ എൻ.ഡി.എ സ്ഥാനാർഥിയായ അഡ്വ. സുചിത്ര മാട്ടട ബി.ജെ.പി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയാണ്. പെരിന്തൽമണ്ണ സ്വദേശിനിയാണ്. മൈസൂരിലെ ശാരദ വിലാസ് ലോ കോളേജിൽനിന്ന് എൽ.എൽ.ബി പൂർത്തിയാക്കി 16 വർഷമായി മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകയാണ്. ബി.ജെ.പിയുടെ അഭിഭാഷക പരിഷത്തിലൂടെ സംഘടനാ രംഗത്തെത്തി. മഹിളാ മോർച്ചയുടെ മലപ്പുറം ജില്ല മുൻ ജനറൽ സെക്രട്ടറിയാണ്.
പെരിന്തൽമണ്ണ അസംബ്ലി മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 70,990, എൽ.ഡി.എഫിന് 70,411, എൻ.ഡി.എക്ക് 5917 എന്നിങ്ങിനെ വോട്ടുകളാണ് ലഭിച്ചത്.






