രാഹുൽ ഗാന്ധി ഇന്ന് ആലപ്പുഴയിൽ; അരൂർ മുതൽ ചേപ്പാട് വരെ റോഡ് ഷോ 

ആലപ്പുഴ - കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽഗാന്ധി ഇന്ന് യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി ആലപ്പുഴയിലെത്തും. രാഹുലിനെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഡി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എ. എ. ഷുക്കൂർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് നാലിന് അരൂർ പള്ളിക്ക് മുൻവശത്തുനിന്ന് സ്വീകരിക്കും. 
ദേശീയ പാതയിലൂടെ തുറന്ന ജീപ്പിൽ 1,000 ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോട് കൂടി രാഹുൽഗാന്ധി പര്യടനം നടത്തും. അരൂർ മുക്കത്ത് നിന്നും അരൂർ, ചന്തിരൂർ, എരമല്ലൂർ, ചമ്മനാട്, കോടംതുരുത്ത്, പാട്ടുകുളങ്ങര, കുത്തിയതോട്, തുറവൂർ, പുത്തൻചന്ത, പൊന്നാംവെളി, പട്ടണക്കാട് വഴി വയലാർ കവല വരെ റോഡ് ഷോ നടത്തും. പൊന്നാംവെളിയിൽ ടി.കെ. സാദാനന്ദൻ മെമ്മോറിയൽ കോ-ഓപറേറ്റീവ് സൊസൈറ്റി മാറ്റ്‌സ് ആന്റ് മാറ്റിംഗ്‌സിൽ എത്തി കയർ നെയ്ത്ത് തൊഴിലാളികളുമായി അദ്ദേഹം സംവദിക്കും. തുടർന്ന് ചേർത്തലയിലെയും അരൂരിലെയും സ്ഥാനാർഥികളായ അഡ്വ. എസ്. ശരത്ത്, അഡ്വ. ഷാനിമോൾ ഉസ്മാൻ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം വയലാർ കവലയിൽ നടക്കുന്ന സമ്മേളനത്തിൽ രാഹുൽഗാന്ധി പ്രസംഗിക്കും. 
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് റോഡ് ഷോ ആയിട്ട് തന്നെ അഡ്വ. എം. ലിജു, ഡോ. കെ.എസ്. മനോജ് എന്നിവരുടെ പ്രചാരണത്തിനായി കൊമ്മാടി ബൈപ്പാസിന് സമീപം തയാറാക്കിയ വേദിയിലെത്തും. നഗരത്തിലൂടെ ദേശീയപാത വഴി അമ്പലപ്പുഴ മണ്ഡലം കടന്ന് ഹരിപ്പാട് കായംകുളം സ്ഥാനാർഥികളുടെ പ്രചാരണത്തിനായി തയാറാക്കിയിരിക്കുന്ന ചേപ്പാട് സമ്മേളന സ്ഥലത്ത് ആറ് മണിക്ക് എത്തും, യു.ഡി.എഫ് സ്ഥാനാർഥികളായ രമേശ് ചെന്നിത്തല, അരിതാ ബാബു എന്നിവരുടെ പ്രചരണാർഥം ഇവിടെ പ്രസംഗിക്കും. വിവിധ സ്ഥലങ്ങളിലെ സമ്മേളനങ്ങളിലായി ജില്ലയിലെ ഒമ്പത് യു.ഡി.എഫ് സ്ഥാനാർഥികളും പങ്കെടുക്കും.
അതാത് നിയോജക മണ്ഡലങ്ങളിൽ നിന്നായി പ്രവർത്തകർ വാഹനങ്ങളിൽ രാഹുലിനെ സ്വീകരിച്ച് റോഡ് ഷോയിൽ പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഷുക്കൂർ അറിയിച്ചു.


 

Latest News